റിയാദ്: ഹജ്ജ് യാത്രയ്ക്ക് കരിപ്പൂര്‍ വഴി സഞ്ചരിക്കുന്ന തീര്‍ഥാടകരോട് മാത്രമായി ഇരട്ടി നിരക്ക് ഈടാക്കുന്നതിനെതിരേ കടുത്ത പ്രതിഷേധം സംഘടിപ്പിക്കാൻ സൗദി കെ എം സി സി ദേശീയ സമിതി തീരുമാനിച്ചു.വിഷയത്തില്‍ മാതൃസംഘടനയായ മുസ്ലിം ലീഗ് പ്രഖ്യാപിച്ച ശക്തമായ പ്രതിഷേധ പരിപാടികള്‍ക്കൊപ്പം പ്രവാസി സമൂഹം അണിനിരക്കും.പരിഹാരം കാണാത്ത പക്ഷം പാര്‍ട്ടിയുമായി ആലോചിച്ച് നിയമ നടപടികളെ കുറിച്ച് ആലോചിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.
ഹജ്ജ് യാത്രയ്ക്ക് ഇരട്ടി നിരക്ക് ഈടാക്കി കരിപ്പൂര്‍ വഴി സഞ്ചരിക്കുന്ന തീര്‍ഥാടകരോട് കാട്ടുന്ന കൊടുംക്രൂരത വിശ്വാസി സമൂഹത്തോടുള്ള കടുത്ത വെല്ലുവിളിയാണെന്ന് സൗദി കെ എം സി സി അഭിപ്രായപ്പെട്ടു. ഇക്കൊല്ലം കേരളത്തില്‍ നിന്ന് ഹജ്ജിന് അവസരം ലഭിച്ചവരില്‍ പകുതിയിലധികവും കോഴിക്കോട് വിമാനത്താവളത്തെയാണ് ആശ്രയിക്കുന്നത്.
അടിയന്തര ഇടപെടലുകള്‍ നടത്തി ഈ ദുരിതം നീക്കുന്നതിന് പകരം കേന്ദ്ര-സംസ്ഥാന ഹജ് കമ്മിറ്റികള്‍ നിരുത്തരവാദപരമായ പ്രസ്താവനകള്‍ ഇറക്കി തീര്‍ഥാടകരെ അവഹേളിക്കുകയാണ്.
കരിപ്പൂരിനെ തകര്‍ക്കുകയെന്ന ഗൂഢലക്ഷ്യമാണ് ഇത്തരം നീക്കത്തിന് പിന്നില്‍. ഈ വിമാനത്താവളത്തിന്റെ ചിറകരിയാന്‍ നിര്‍മാണം മുതല്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഫലിക്കുന്നില്ലെന്ന് കണ്ടപ്പോഴാണ് യാത്രക്കാരുടെയും തീര്‍ഥാടകരുടെയും കഴുത്തിന് പിടിക്കാനുള്ള ശ്രമം. ഇത് വിലപ്പോവില്ലെന്നും ഇക്കാര്യത്തില്‍ ന്യായമായ നിലപാട് സ്വീകരിക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയവും ന്യൂനപക്ഷ മന്ത്രാലയവും കേന്ദ്ര ഹജ് കമ്മിറ്റിയും സംസ്ഥാന സര്‍ക്കാരും തയാറാവണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
വലിയ വിമാന സര്‍വീസ് ഉടനെ പുനരാരംഭിക്കുകയോ ഹജ്ജിനായി പ്രത്യേക തീരുമാനമെന്നോണം വലിയ വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കുകയോ നിലവിലെ ഭീമമായ തുക കുറയ്ക്കാന്‍ കോഴിക്കോട് നിന്നുള്ള ഹജ്ജ് ഓപറേഷന് കൂടുതല്‍ ഇന്ത്യന്‍, സൗദി വിമാന കമ്പനികളെ ഉള്‍പ്പെടുത്തി റീ ടെണ്ടര്‍ വിളിക്കുകയോ ചെയ്ത് വിഷയത്തില്‍ ഉടന്‍ പരിഹാരം കാണണമെന്ന് സൗദി കെഎംസിസി നേതാക്കളായ കെ പി മുഹമ്മദ്കുട്ടി, കുഞ്ഞിമോന് കാക്കിയ, അഷ്റഫ് വേങ്ങാട്ട്, അഹമ്മദ് പാളയാട്ട്, ഖാദര്‍ ചെങ്കള എന്നിവര്‍ വാർത്ത കുറിപ്പിൽ ആവശ്യപ്പെട്ടു.
![]()
