ജിദ്ദ: വനിതകളുടെ സംഘാടനത്തില്‍ ദ്വിദിന ഫുട്ബോള്‍ ടൂര്‍ണമെന്റിന് ജിദ്ദയില്‍ നടക്കും. പെരിന്തല്‍മണ്ണ എന്‍ ആര് ഐ ഫോറത്തിന്റെ (പെന്റിഫ്) ആഭിമുഖ്യത്തിലാണ് വനിതാ സംഘാടനത്തില്‍ സെവന്‍സ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ജിദ്ദ ഖാലിദ് ബിന്‍ വലീദ് ബ്ലാസ്റ്റേഴ്സ് ഗ്രൗണ്ടില്‍ ഫെബ്രുവരി 15,16 തിയതികളിലാണ് ജിദ്ദയിലെ പ്രഥമ ഖാദറലി സെവന്‍സ് ടൂര്‍ണമെന്റ് നടക്കുമെന്നു സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.അകാലത്തില്‍ പൊലിഞ്ഞുപോയ ആത്മമിത്രങ്ങളും ഫുട്ബോള്‍ താരങ്ങളുമായിരുന്ന ഖാദറിന്റെയും മുഹമ്മദാലിയുടെയും സ്മരണാര്‍ഥം 1961 മുതല്‍ പെരിന്തല്‍മണ്ണയില്‍ നടത്തിവരുന്ന ടൂര്‍ണമെന്റിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഖാദറലി സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ 51ാം വാര്‍ഷികാഘോഷ ഭാഗമായാണ് ജിദ്ദയിലെ ടൂര്‍ണമെന്റ്.
ജിദ്ദയിലുള്ളവരുടെ ടീമുകളും നാട്ടിലുള്ള നാല് പ്രാദേശിക ടീമുകളും അല്‍ബഹ, യാമ്പു എന്നിവടങ്ങളില്‍ നിന്നുള്ള ടീമുകളും ഉള്‍പ്പടെ 12 ടീമുകള്‍ ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കും. മിക്ക പ്രാദേശിക ടീമുകളും അവരുടെ കളിക്കാരെ നാട്ടില്‍ നിന്നാണ് കൊണ്ട് വരുന്നത്. ജിദ്ദയില്‍ ഇതാദ്യമായാണ് പ്രാദേശിക ടീമുകള്‍ ഒരു ടൂര്‍ണമെന്റിനു വേണ്ടി മാറ്റുരയ്ക്കുന്നത്.മത്സര നടത്തിപ്പിലും കാണികളിലും സ്ത്രീ പങ്കാളിത്തം പരമാവധി ഉണ്ടാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തിവരികയാണെന്ന് സംഘാടക സമിതി അംഗങ്ങളായ ഡോ. ഇന്ദു, എന്‍ജിനീയര്‍ ജുനൈദ, ഷമീം ടീച്ചര്‍ എന്നിവര്‍ റുവൈസ് എന്‍കണ്‍ഫെര്‍ട്ട് അപ്പാര്‍ട്ട്മെന്റില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ഫെബ്രുവരി 15ന് നാലു മത്സരങ്ങളും 16ന് ഫൈനല്‍ അടക്കം മറ്റു മത്സരങ്ങളുമാണ് നടക്കുക. ജേതാക്കള്‍ക്ക് ട്രോഫിയും 5,000 റിയാലും റണ്ണേഴ്അപിന് ട്രോഫിയും 3,000 റിയാലുമാണ് സമ്മാനം. നാസര്‍ ശാന്തപുരം, ലത്തീഫ് എന്‍കണ്‍ഫേര്‍ട്ട്, റീഗല്‍ മുജീബ്, അബ്ദുല്‍ മജീദ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
![]()
