റിയാദ് : വർക്ക്ഷോപ്പ് ജോലിക്കായി സൗദിയിൽ എത്തി ദുരിതത്തിലായ യു പി സ്വദേശി ഫർമാന് തുണയായി കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം.2019 പകുതിയോടെയാണ് ഫർമാൻ റിയാദിലെ അൽഖർജിൽ വെൽഡറായി ജോലിക്കെത്തുന്നത്. ആറു മാസത്തിന് ശേഷം കൊറോണ മഹാമാരി പൊട്ടി പുറപ്പെട്ടതിനെ തുടർന്ന് ജോലി ചെയ്തിരുന്ന വർക്ക്ഷോപ്പ് അടച്ചു പൂട്ടി. ജോലിയില്ലെങ്കിൽ, തന്നെ നാട്ടിലേക്ക് തിരിച്ചയക്കണം എന്ന് സ്പോൺസറോട് ആവശ്യപ്പെട്ടെങ്കിലും ഉടൻ മറ്റൊരു വർക്ഷോപ്പ് തുറക്കുമെന്നും ജോലിയിൽ തുടരണമെന്നും അറിയിക്കുകയായിരുന്നു. ശമ്പളകുടിശ്ശിക പോലും നൽകാതിരുന്നതിനാൽ ഭക്ഷണത്തിനും മറ്റ് നിത്യ ചിലവുകൾക്കുമായി മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥയിലെത്തി. തുടർന്ന് ജോലി നഷ്ട്ടപെട്ട ഫർമാൻ സുഹൃത്തുകളുടെ സഹായത്താൽ കെട്ടിട നിർമാണ ജോലികൾ ചെയ്തു തുടങ്ങി. ആറു മാസത്തോളം കാത്തിരുന്നിട്ടും സ്പോൺസറുടെ ഭാഗത്ത് നിന്നും അനുകൂല പ്രതികരണം ഉണ്ടായില്ലെന്ന് മാത്രമല്ല ഇഖാമയുടെ കാലാവധി അവസാനിക്കുകയും ചയ്തു. പുതിയ ഇഖാമ അടിച്ചു നൽകാൻ സ്പോൺസർ തയ്യാറായതുമില്ല. കൊറോണ കാലഘട്ടമായതിനാൽ ചെയ്തിരുന്ന കെട്ടിടനിർമാണ ജോലിയും ഇല്ലാതായി. നാട്ടിൽ പോകാനുള്ള വഴികൾ തേടിയപ്പോൾ ഇഖാമ ഇല്ലാത്തതും കൊറോണ മഹാമാരിയെ തുടർന്നുള്ള അടച്ചിടലും തടസ്സമായി. സുഹൃത്തുക്കളുടെ സഹായത്താൽ ഭക്ഷണത്തിന് ബുദ്ധിമുട്ടേണ്ടി വന്നില്ല. ഒന്നര വർഷത്തോളം ഈയൊരു അവസ്ഥ തുടർന്നു .
അതിനിടെ അസുഖബാധിതനായി കിടപ്പിലായി. തുടർന്നാണ് ഫർമാന്റെ വിവരങ്ങൾ സുഹൃത്തുക്കൾ കേളി അൽഖർജ് ഏരിയ ജീവകാരുണ്യ വിഭാഗത്തെ അറിയിക്കുന്നത്. കേളി വിഷയം ഏറ്റെടുക്കുകയും ചികിത്സക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുകയും , ഇന്ത്യൻ എംബസ്സിക്ക് വിവരങ്ങൾ കൈമാറുകയും ചയ്തു. തുടർന്ന് എംബസി തർഹീൽ മുഖേന നാട്ടിൽ പോകുന്നതിനാവശ്യമായ രേഖകൾ ശരിയാക്കി നൽകി. തർഹീലിൽ അടക്കേണ്ട പിഴതുകയായ ആയിരം റിയാലും ടിക്കറ്റിനുള്ള പണവും അൽഖർജിലെ സുമനസ്സുകളിൽ നിന്നും കേളി കണ്ടെത്തി നൽകി.
എംബസ്സിയിൽ നിന്നും ലഭിച്ച യാത്രാ രേഖകൾ കേളി അൽഖർജ് ഏരിയ ജീവകാരുണ്യ വിഭാഗം ആക്ടിങ് കൺവീനർ നൗഫൽ പതിനാറുങ്ങൽ രക്ഷാധികാരി സമിതി അംഗം അബ്ദുൾ കലാം എന്നിവർ ഫർമാന് കൈമാറി.
![]()
