റിപ്പോർട്ട് : നിസാർ പൊന്നാരത്ത്,കായംകുളം
ഒരു മാസത്തിനു മുൻപ് കായംകുളം ഗവൺമെന്റ് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിൽ രോഗികൾക്ക് ആവശ്യമായ ഡയാലിസിസ് കിറ്റുകളുടെ അപര്യാപ്തതയെക്കുറിച്ച് തന്റെ മുഖപുസ്തകത്തിലൂടെ യുവ ഡോക്ടർ ഷബീർ മുഹമ്മദ് പോസ്റ്റിട്ടിരുന്നു. ഡയാലിസിസ് ചെയ്യേണ്ട രോഗികൾക്ക് യഥാസമയം ആവശ്യത്തിന് കിറ്റുകൾ ലഭ്യമല്ലാത്തതിനാൽ നിരവധി രോഗികൾ കഷ്ടപ്പെടുന്നതായി ചൂണ്ടി കാണിച്ച പോസ്റ്റിന് പരിഹാരമായി കായംകുളത്തെയും പരിസരപ്രദേശങ്ങളിലെയും ജീവകാരുണ്യ മേഖലയിൽ കഴിഞ്ഞ കുറേ വർഷങ്ങളായി സജീവ സാന്നിധ്യമായ നന്മ കൂട്ടായ്മ രണ്ടു ഘട്ടങ്ങളിലായി 30 ഡയാലിസിസ് കിറ്റുകൾ ആണിതിനൊടകം കൈമാറിയത്.ഡോക്ടർ ഷബീർ മുഹമ്മദിന്റെ സാമൂഹിക നന്മയ്ക്കായുള്ള പല സോഷ്യൽ മീഡിയ വഴിയുള്ള പോസ്റ്റുകളും മുൻപും നവമാധ്യമങ്ങളിൽ വൈറൽ ആയിട്ടുണ്ട്.നന്മ കൂട്ടായ്മയുടെ സേവന പ്രവർത്തനങ്ങളെ കഴിഞ്ഞദിവസം ഡോക്ടർ ഷബീർ മുഹമ്മദ് വീണ്ടും തന്റെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

വരും മാസങ്ങളിലും നന്മ കൂട്ടായ്മ കൂടുതൽ ഡയാലിസിസ് കിറ്റുകൾ ശേഖരിച്ച് നൽകുവാൻ സന്നദ്ധമാണെന്ന് നന്മ ഭാരവാഹികൾ അറിയിച്ചു.നന്മ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്നത് അനി, മുനീർ മോൻ,റഷീദ്, അനിഗർ,ഷാനവാസ് അനിൽ ഉടുപ്പി,ഷിബു, ഹാരിസ്, റബിൻ,വിനോദ്, ശ്രീകുമാർ, സന്തോഷ് തുടങ്ങിയവരാണ്.
ഡോക്ടർ ഷബീർ മുഹമ്മദിന്റെ ഫേസ്ബൂക് പോസ്റ്റിന്റെ പൂർണ്ണ രൂപം :
ഇരു കിഡ്നികളും നഷ്ട്ടപെട്ടു പോയവർക്ക് ആശ്വാസമേകാൻ നിങ്ങളിൽ ആർക്കാണ് കഴിയുക…
നെഞ്ചിൽ കാരുണ്യത്തിന്റെയും സഹ ജീവി സ്നേഹത്തിന്റെയും ആശയം പേറി കായംകുളത്തെ ജീവകാരുണ്യ സംഘടനയായ നന്മ കൂട്ടായ്മ സഹായവുമായി ഓടിയെത്തി.
നന്മകൾ എവിടെയും മറഞ്ഞു പോയിട്ടില്ല…
നന്മകളിൽ തളിരിട്ട മൊട്ടുകൾ വീണ്ടും വീണ്ടും വിരിയുകയാണ്
ആ തളിരിട്ട പൂവുകളിൽ വസന്തം വീണ്ടും, വീണ്ടും പടരുകയാണ് …
നന്മകൾ വിടരട്ടെ… നന്മ കൂട്ടായ്മയിലൂടെ…
ഈ കുറിപ്പാണ് വൈറൽ ആയിരിക്കുന്നത്. കോവിഡ് കാലഘട്ടത്തിലും അതിനു മുൻപും നിർധനരായ ആളുകൾക്ക് വീട് വെച്ചുകൊടുത്തും അംഗപരിമിതർക്ക് മുച്ചക്രവാഹനങ്ങൾ വാങ്ങി നൽകിയും മരണാനന്തര ചടങ്ങുകൾക്ക് സാമ്പത്തികം ഇല്ലാതെ വിഷമിക്കുന്നവർക്ക് സാമ്പത്തിക സഹായം നൽകി യും നിർധന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വാങ്ങി നൽകിയും റോഡുകൾ തോടുകൾ എന്നിവ ശുചീകരിച്ചും രക്തദാനം നടത്തിയും കൊറോണ ബാധിതരായി മരണപ്പെട്ടവരെ മറവുചെയ്തും നിരവധി സാമൂഹിക നന്മകളാണ് നന്മ കൂട്ടായ്മ ഇതിനോടകം ചെയ്തിട്ടുള്ളത്. കായംകുളം ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ഒരു വിദ്യാർത്ഥിനിക്ക് ഉടൻതന്നെ ഇലക്ട്രോണിക് വീൽചെയർ വാങ്ങി കൊടുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് നന്മയുടെ പ്രവർത്തകർ. പൊതു പിരിവുകളോ മറ്റോ ഇല്ലാതെ അംഗങ്ങൾ തന്നെയാണ് എല്ലാ ചിലവുകളും ഏറ്റെടുത്ത് നടത്തിവരുന്നത് എന്നതാണ് ഈ കൂട്ടായ്മയുടെ ഏറ്റവും വലിയ പ്രത്യേകത.
![]()
