പൂനെ : ഐസിസി ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ തകർപ്പൻ വിജയവുമായി സൗത്താഫ്രിക്ക. പൂനെയിൽ നടന്ന മത്സരത്തിൽ 190 റൺസിനായിരുന്നു സൗത്താഫ്രിക്കയുടെ വിജയം.
മത്സരത്തിൽ സൗത്താഫ്രിക്ക ഉയർത്തിയ 358 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡിന് 35.3 ഓവറിൽ 167 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. 50 പന്തിൽ 60 റൺസ് നേടിയ ഗ്ലെൻ ഫിലിപ്പ്സിന് മാത്രമാണ് ന്യൂസിലൻഡ് നിരയിൽ പിടിച്ചുനിൽക്കാനായത്.
സൗത്താഫ്രിക്കയ്ക്ക് വേണ്ടി കേശവ് മഹാരാജ് നാല് വിക്കറ്റും മാർക്കോ യാൻസൻ മൂന്ന് വിക്കറ്റും നേടി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക 118 പന്തിൽ 9 ഫോറും 5 സിക്സും ഉൾപ്പടെ 133 റൺസ് നേടിയ റാസി വാൻഡർ ഡസൻ, 116 പന്തിൽ 114 റൺസ് നേടിയ ഡീകോക്ക്, 30 പന്തിൽ 53 റൺസ് നേടിയ ഡേവിഡ് മില്ലർ എന്നിവരുടെ മികവിലാണ് കൂറ്റൻ സ്കോർ നേടിയത്.
ഈ ലോകകപ്പിലെ തൻ്റെ നാലാം സെഞ്ചുറിയാണ് ഡീകോക്ക് നേടിയിരിക്കുന്നത്. ഇതിന് മുൻപ് ശ്രീലങ്കയ്ക്കെതിരെയും ഓസ്ട്രേലിയക്കെതിരെയും ബംഗ്ളാദേശിനെതിരെയും ഡീകോക്ക് സെഞ്ചുറി നേടിയിരുന്നു.
ഇതോടെ ഒരു ലോകകപ്പിൽ നാലോ അതിലധികമോ സെഞ്ചുറി നേടുന്ന മൂന്നാമത്തെ താരമെന്ന റെക്കോർഡ് ഡീകോക്ക് സ്വന്തമാക്കി. 2015 ലോകകപ്പിൽ നാല് സെഞ്ചുറി നേടിയ കുമാർ സംഗക്കാരയും 2019 ലോകകപ്പിൽ 5 സെഞ്ചുറി നേടിയിട്ടുള്ള രോഹിത് ശർമ്മയുമാണ് ഇതിന് മുൻപ് ഈ റെക്കോർഡ് നേടിയിട്ടുള്ളത്.
മത്സരത്തിലെ പ്രകടനം അടക്കം ഈ ലോകകപ്പിൽ 7 മത്സരങ്ങളിൽ നിന്നും 545 റൺസ് ഡീകോക്ക് നേടികഴിഞ്ഞു. ഒരു ലോകകപ്പിൽ 500 ലധികം റൺസ് നേടുന്ന ആദ്യ സൗത്താഫ്രിക്കൻ ബാറ്റ്സ്മാൻ കൂടിയാണ് ഡീകോക്ക്.
ലോകകപ്പിലെ സൗത്താഫ്രിക്കയുടെ ആറാം വിജയമാണിത്. മറുഭാഗത്ത് തുടർച്ചയായ മൂന്നാം തോൽവിയാണ് ആദ്യ നാല് മത്സരങ്ങൾ വിജയിച്ച ശേഷം ന്യൂസിലൻഡ് ഏറ്റുവാങ്ങിയത്.
1999 ലോകകപ്പിന് ശേഷം ഇതാദ്യമായാണ് ന്യൂസിലൻഡിനെ സൗത്താഫ്രിക്ക പരാജയപെടുത്തുന്നത്. ഇതിന് മുൻപ് 1999 ലോകകപ്പിൽ ബിർമിങ്ഹാമിൽ വെച്ചായിരുന്നു ന്യൂസിലൻഡിനെ സൗത്താഫ്രിക്ക പരാജയപെടുത്തിയത്. അതിന് ശേഷം ലോകകപ്പിൽ ഏറ്റുമുട്ടിയ അഞ്ച് മത്സരങ്ങളിൽ അഞ്ചിലും വിജയം നേടിയത് ന്യൂസിലൻഡായിരുന്നു.
മത്സരത്തിലെ വിജയത്തോടെ പോയിൻ്റ് ടേബിളിൽ ഇന്ത്യയെ പിന്നിലാക്കി സൗത്താഫ്രിക്ക ഒന്നാം സ്ഥാനത്ത് എത്തി. മറുഭാഗത്ത് തുടർച്ചയായ മൂന്നാം തോൽവി ഏറ്റുവാങ്ങിയ ന്യൂസിലൻഡ് പോയിൻ്റ് ടേബിളിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ഓസ്ട്രേലിയ ഇന്ത്യയ്ക്ക് പുറകിൽ മൂന്നാം സ്ഥാനത്തെത്തുകയും ചെയ്തു.
![]()
