മലയാളത്തെപ്പറ്റി…
ഡോ. പദ്മകുമാർ ക്ലാപ്പന എഴുതുന്നു കേരളപ്പിറവി ദിനത്തിൽ
ആശയവിനിമയത്തിന് ജീവസമൂഹം ആംഗ്യങ്ങളെയും ശബ്ദങ്ങളെയും ഒട്ടൊന്നുമല്ല ആശ്രയിക്കുന്നത്. ശബ്ദങ്ങളെ ശാസ്ത്രീയമായി ചിട്ടപ്പെടുത്തി ഭാഷ എന്ന മാദ്ധ്യമത്തെ രൂപപ്പെടുത്തിയെടുത്തത് മാനവചരിത്രത്തിലെ സുപ്രധാനമായ ഒരു നേട്ടമെന്നു വിശേഷിപ്പിക്കാം. ലോകത്താകമാനം ഏഴായിരത്തിലധികം ഭാഷകളാണ് ഇന്ന് വ്യവഹാരത്തിനായി ഉപയോഗിച്ചുവരുന്നത്.
പാപുവ ന്യൂഗിനിയ, നൈജീരിയ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങൾ കഴിഞ്ഞാൽ ഏറ്റവുമധികം ഭാഷകൾ ഉപയോഗത്തിലുള്ള രാജ്യം ഇന്ത്യയാണ്. വിവിധ സംസ്ഥാനങ്ങളിലെ വ്യത്യസ്ത ജനവിഭാഗങ്ങൾ 456 ലധികം ഭാഷകളാണ് പ്രയോഗിച്ചു വരുന്നത്. ഇന്ത്യയുടെ പൊതുസമൂഹത്തിൽ 121 ഭാഷകളാണ് വ്യാപകമായി ഉപയോഗത്തിലുള്ളത്. നമ്മുടെ ഭരണഘടനയിൽ 22 പ്രാദേശിക ഭാഷകളെ ഷെഡ്യൂൾഡ് ഭാഷകളായി അംഗീകരിച്ചിട്ടുണ്ട്. പാർലമെന്റിന്റെ നടപടിക്രമങ്ങളിൽ ഈ ഭാഷകളെല്ലാം അനുവദനീയമാണ്. പാർലമെന്റ്, ജുഡീഷ്യറി, കേന്ദ്ര – സംസ്ഥാന വിനിമയങ്ങൾ, സംസ്ഥാനങ്ങൾ തമ്മിലുള്ള ആശയക്കൈമാറ്റങ്ങൾ എന്നിവയ്ക്ക് ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുവാനും ഭരണഘടന അനുവദിക്കുന്നുണ്ട്.
ഇന്ത്യയിൽ നിലവിലുള്ള ഭാഷകൾ വിഭിന്നങ്ങളായ ഗോത്രങ്ങളിൽപ്പെടുന്നവയാണ്. ഇന്തോ-യൂറോപ്യൻ ഗോത്രമാണ് അവയിൽ മുഖ്യം. സിനോ – ടിബറ്റൻ, ദ്രാവിഡം എന്നിവയിലും പ്രബലഭാഷകൾ നിലവിലുണ്ട്. ദ്രാവിഡ ഗോത്രത്തിലാണ് മലയാളമുൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ ഭാഷകൾ ഉൾപ്പെടുന്നത്.
കേരളപ്പിറവി ദിനം മലയാളഭാഷാ ദിനം കൂടിയായി ആചരിക്കുന്നു. കേന്ദ്രസർക്കാർ ശ്രേഷ്ഠഭാഷാപദവി നൽകുകയും സംസ്ഥാന സർക്കാർ ഔദ്യോഗികവിനിമയ ഭാഷയായി അംഗീകരിക്കുകയും ചെയ്തതോടെ മലയാളത്തിന്റെ പ്രസക്തി വർദ്ധിക്കുകയാണുണ്ടായത്. ക്ലാസ്സിക്കൽ പദവിയുള്ള സംസ്കൃതം, ഒഡിയ, തമിഴ്, കന്നഡ, തെലുങ്ക് എന്നിവയ്ക്കൊപ്പം പരിഗണിക്കപ്പെട്ടതോടെ മലയാള ഭാഷയ്ക്കൊപ്പം സാഹിത്യത്തിനും ഉന്നമനമുണ്ടായി. ഭാരതത്തിലെ ജനസംഖ്യയിൽ 4 ശതമാനം ആളുകളാണ് മലയാള ഭാഷ സംസാരിക്കുന്നത്. കേരളത്തിലെ സ്ഥിരതാമസക്കാരിൽ 97 ശതമാനവും മലയാളഭാഷ സംസാരിക്കുകയും എഴുതുകയും ചെയ്യുന്നവരാണ്. മറ്റുള്ളവരിൽ തമിഴ്, കൊങ്ങിണി, തുളു, കന്നഡ എന്നീ ഭാഷകൾ ഉപയോഗിക്കുന്നവരാണുള്ളത്.
ക്രിസ്തുവർഷം ഒൻപതാം ശതകത്തിനു ശേഷമാണ് മലയാള ഭാഷയ്ക്ക് സ്വന്തമായി ഒരു അസ്തിത്വമുണ്ടാകുന്നത്. മലയാള ഭാഷയുടെ ഉല്പത്തിയെക്കുറിച്ച് പണ്ഡിതന്മാർക്കിടയിൽത്തന്നെ വ്യത്യസ്തമായ അഭിപ്രായങ്ങളാണുള്ളത്. സംസ്കൃതജന്യമാണ് മലയാളമെന്ന വാദമുന്നയിക്കുന്നവരാണ് ലീലാതിലകകാരനും വടക്കുംകൂർ രാജരാജവർമ്മയും കോവുണ്ണിനെടുങ്ങാടിയും. ആദ്യകാല മലയാളകൃതികളിൽ വ്യാപകമായുണ്ടായിരുന്ന സംസ്കൃതവൃത്തങ്ങളുടെ സാന്നിധ്യമാണ് അതിനുപോൽബലകമായി അവർ ഉന്നയിക്കുന്ന വാദം. മലയാളഭാഷയിൽ പ്രചുരപ്രചാരമുള്ള സംസ്കൃത പദങ്ങളുടെ ആധിക്യവും ഇതിനു സാധൂകരണമായി അവർ മുന്നോട്ടുവയ്ക്കുന്നു.
സഹ്യപർവ്വതത്തിന്റെ താഴ് വരഭൂമിയിലെ പണ്ടത്തെ സാമാന്യവ്യവഹാരഭാഷയും ചെന്തമിഴും കൂടിച്ചേർന്നുണ്ടായ ഭാഷയാണു മലയാളമെന്ന ഭാഷ്യമാണ് പ്രൊഫ.സി.എൽ.ആന്റണിയുടേത്. ദ്രാവിഡഭാഷകളുടെയെല്ലാം മാതാവായ മൂലദ്രാവിഡത്തിൽ നിന്നു പരിണമിച്ചാണ് മലയാളമുണ്ടായതെന്ന് ആറ്റൂർ കൃഷ്ണപ്പിഷാരടി അഭിപ്രായപ്പെടുന്നു.
കേരളപാണിനീയം എന്ന വിഖ്യാതമായ വ്യാകരണഗ്രന്ഥത്തിലൂടെ ആഭ്യന്തരമായ ആറു നയങ്ങളുടെ പിൻബലത്തോടെ തന്റെ കൊടുന്തമിഴ് വാദം എ.ആർ. രാജരാജവർമ്മ സമർത്ഥിക്കുന്നു. അനുനാസികാതിപ്രസരം, സ്വരസംവരണം, താലവ്യാദേശം, ഖിലോപസംഗ്രഹം, അംഗഭംഗം, പുരുഷഭേദനിരാസം എന്നിവയിലൂടെ കൊടുന്തമിഴിൽ നിന്നാണ് മലയാള ഭാഷയുടെ പിറവി എന്ന തന്റെ അഭിപ്രായത്തെ അദ്ദേഹം അരക്കിട്ടുറപ്പിക്കുന്നു.
മല + അളം (സ്ഥലം) ആണ് മലയാളം എന്നുള്ള അഭിപ്രായത്തിൽ സാങ്കേതികമായി ഒരു പിശകുണ്ടെന്നു കാണാം. ആ പദങ്ങളുടെ സംഗമത്തോടെ മലയളം എന്ന വാക്കാണ് സംജാതമാകുക. മലയാളം എന്ന് ദീർഘിച്ചുള്ള പ്രയോഗത്തിന് സാദ്ധ്യതയില്ല. മല + ആഴം = മലയാഴവും പിന്നീട് മലയാളവുമായി മാറി എന്ന യുക്തിക്ക് കൂടുതൽ പ്രസക്തിയുണ്ട്. മലയ്ക്കും ആഴിക്കും മദ്ധ്യേയുള്ള സ്ഥലമാണല്ലോ കേരളം.
വിദേശരാഷ്ട്രങ്ങളുമായുള്ള വ്യാപാരവിനിമയങ്ങളുടെ പശ്ചാത്തലത്തിൽ അവരുടെ ഭാഷകളുമായും സംസ്കാരങ്ങളുമായും ഇടപഴകാനുള്ള പശ്ചാത്തലം നമ്മുടെ പൂർവ്വികർക്കു സിദ്ധിച്ചു. അങ്ങിനെ പതിറ്റാണ്ടുകളിലൂടെ മലയാള ഭാഷയിൽ നിരവധി അന്യഭാഷാപദങ്ങളും പ്രയോഗങ്ങളും സന്നിവേശിച്ചിട്ടുണ്ട്. അറബി, പേർഷ്യൻ, ഗ്രീക്ക്, ചൈനീസ്, പോർച്ചുഗീസ്, ഫ്രഞ്ച്, ഇംഗ്ലീഷ് ഭാഷകളിൽ നിന്ന് മലയാളം കടംകൊണ്ട പദങ്ങൾ അനവധിയാണ്.
ദിവാൻ പേഷ്കാർ, പാർവത്യാർ, തഹസീൽദാർ, വക്കീൽ, ഗുമസ്തൻ, ശിരസ്തദാർ, മൈതാനം, ഹാജർ, കാപ്പിരി, സായിപ്പ്, മാപ്പ്, ബാക്കി, കരാർ, അസ്സൽ, പിഞ്ഞാണി, അലമാര, കസേര, വീഞ്ഞ്, തൂവാല, മാലാഖ, പുകമറ, നാഴികക്കല്ല്, കുതിരക്കച്ചവടം, കാവ്യനീതി, ബെഞ്ച്, സ്വിച്ച്, ബസ്സ് എന്നിങ്ങനെ മലയാളം നെഞ്ചിലേറ്റിയ അന്യഭാഷാപദങ്ങളുടെ പട്ടിക നീളുന്നു.
മലയാളത്തിന് സ്വന്തമായി ലിപിയുണ്ടാകുവാനും നൂറ്റാണ്ടുകളുടെ പരിണാമം വേണ്ടിവന്നു. ഒരു കാലത്ത് തെക്കേയിന്ത്യയിലാകമാനം പ്രചാരത്തിലിരുന്ന വട്ടെഴുത്തിൽ നിന്നാണ് മലയാള ലിപികൾ ഉരുത്തിരിഞ്ഞത്. ചെമ്പുതകിടിലും തടിപ്പലകയിലും പാറയിലും ഉളി കൊണ്ട് വെട്ടിയുണ്ടാക്കിയിരുന്ന എഴുത്തിനെയാണ് വെട്ടെഴുത്തെന്നു വിളിച്ചത്. കാലക്രമത്തിൽ അത് വട്ടെഴുത്തായി മാറി. നാനം മോനം, മലയാണ്മ, മലന്തമിഴ് എന്നിങ്ങനെയും അത് അറിയപ്പെട്ടു. 12 സ്വരാക്ഷരങ്ങളും 18 വ്യഞ്ജനാക്ഷരങ്ങളുമുണ്ടായിരുന്ന വട്ടെഴുത്തിൽ അതിഖരം, മൃദു, ഘോഷാക്ഷരങ്ങൾ കൂടി ചേർന്നാണ് 56 അക്ഷരങ്ങളുമായി മലയാളലിപി സംജാതമായത്. എന്നാൽ പ്രയോഗലുപ്തമായ 5 അക്ഷരങ്ങളെ പിൽക്കാലത്ത് ഒഴിവാക്കിയതോടെ 51 അക്ഷരങ്ങളായി എണ്ണം ചുരുങ്ങി.
കേരള സംസ്ഥാനത്തിന്റെ രൂപീകരണത്തിനും മലയാളഭാഷയ്ക്ക് നിർണ്ണായകമായ പങ്കുണ്ട്. ഭാരതത്തിന്റെ സ്വാതന്ത്ര്യലബ്ധിക്കു മുമ്പു തന്നെ ഭാഷാസംസ്ഥാനങ്ങൾ രൂപീകരിക്കണമെന്നുള്ള ആവശ്യങ്ങൾ സജീവമായിരുന്നു. 1953 ൽ പാർലമെന്റ് നിയോഗിയ ഫസൽഅലി കമ്മീഷനാണ് ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കണമെന്നു നിർദ്ദേശിച്ചത്. 1956 ൽ സംസ്ഥാന പുന:ക്രമീകരണനിയമം പാർലമെന്റ് പാസ്സാക്കിയതോടെ അത് യാഥാർത്ഥ്യമായി മാറി. നാട്ടുരാജ്യങ്ങളായിരുന്ന തിരുവിതാംകൂറും കൊച്ചിയും മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായിരുന്ന മലബാറിന്റെ കുറെ ഭാഗങ്ങളും കൂടിച്ചേർത്താണ് കേരള സംസ്ഥാനം രൂപീകരിച്ചത്. തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന കന്യാകുമാരി ജില്ലയിലെ തമിഴ് സംസാരിക്കുന്നവരുടെ നാഞ്ചിനാട് ഒഴിവാക്കിയും കർണ്ണാടകത്തിലെ കാനറാ പ്രദേശത്തുള്ള മലയാളം സംസാരിക്കുന്ന കാസർകോട് കൂട്ടിച്ചേർത്തുമാണ് കേരള സംസ്ഥാനം സ്ഥാപിതമായത്.
പുതിയ പ്രയോഗങ്ങളിലൂടെയും കാലാനുസൃതമായ ശൈലീവിശേഷങ്ങളിലൂടെയും മലയാളഭാഷയ്ക്ക് ബഹുദൂരം മുന്നോട്ടു പോകേണ്ടതുണ്ട്. ഭാഷാസ്നേഹികളുടെയും പണ്ഡിതന്മാരുടെയും സാഹിത്യകാരന്മാരുടെയും കൂട്ടായ്മയാണ് അതിനാവശ്യം.
![]()
