റിയാദ് :സൗദിയിൽ അടുത്ത വർഷം പകുതിയോടെ ദേശീയ ഇൻഷുറൻസ് പദ്ധതി നടപ്പാക്കി തുടങ്ങുമെന്ന് ആരോഗ്യമന്ത്രി ഫഹദ് അൽ ജലാജെൽ പറഞ്ഞു. ആജീവനാന്തം നിലനിൽക്കുന്ന പദ്ധതിയായതിനാൽ എല്ലാ വർഷവും പുതുക്കേണ്ട ആവശ്യമില്ലാത്ത വിധമാണ് ദേശീയ ഇൻഷൂറൻസ് പദ്ധതി നടപ്പിലാക്കുകയെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേറ്റ് ഫണ്ട് ഇൻഷൂറൻസ് പദ്ധതിയാണിത്. പ്രത്യേക പരിധിയോ, മുൻകൂർ അപ്രൂവലോ ആവശ്യമില്ലാതെ തന്നെ ആരോഗ്യ സ്ഥാപനങ്ങൾ ഇത് പരിഗണിക്കും. ഓരോ പൗരനും നിരവധി ആനൂകൂല്യങ്ങൾ ഇതിലൂടെ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
എൺപത് വയസ്സ് തികയുന്നത് വരെ ഓരോ പൗരനെയും ആരോഗ്യത്തോടെയും സുരക്ഷിതമായും നിലനിർത്തുകയും, വ്യക്തിയുടെ ജീവിതത്തിന്റെ മുഴുവൻ ഘട്ടങ്ങളിലും ആരോഗ്യം മെച്ചപ്പെടുത്തുകയുമാണ് ദേശീയ ഇൻഷുറൻസിന്റെ ലക്ഷ്യം റിയാദിൽ നടന്ന ലോകാരോഗ്യ ഫോറത്തിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
സൗദി പ്രോട്ടോൺ തെറാപ്പി സെന്റർ ആരംഭിക്കുന്നതായും മന്ത്രി ഫോറത്തിൽ പ്രഖ്യാപിച്ചു, ഇത് രോഗികൾക്ക് പ്രതീക്ഷ നൽകുന്ന വളരെ നൂതനവും വാഗ്ദാനപ്രദവുമായ സാങ്കേതികവിദ്യയാണെന്നും ഈ മേഖലയിലെ ഇത്തരത്തിലുള്ള ആദ്യത്തെ കേന്ദ്രമാണിതെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ എല്ലാ മേഖലകളിലും ഹെൽത്ത് ക്ലസ്റ്ററുകൾ സ്ഥാപിക്കുന്നതിന്റെ ആദ്യ ഘട്ടം പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും, ഈ വർഷം അവസാനത്തോടെ ഇത് പൂർത്തിയാകുമെന്നും, രണ്ടാം ഘട്ടം ആരംഭിക്കുമെന്നും, ഈ ക്ലസ്റ്ററുകൾ ക്രമേണ കൈമാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തെ ബജറ്റിന്റെ 15% ആരോഗ്യ മേഖലയ്ക്കായി ചെലവഴിക്കുന്നുവെന്നും വിദ്യാഭ്യാസത്തിലും മാനവ വിഭവശേഷി വികസനത്തിലും നിക്ഷേപം വർധിപ്പിക്കുകയാണ് ഞങ്ങൾ ലക്ഷ്യമിടുന്നതെന്നും ഫോറത്തിൽ നടത്തിയ പ്രസംഗത്തിൽ നിക്ഷേപ മന്ത്രി ഖാലിദ് അൽ ഫാലിഹ് പ്രസ്താവിച്ചു
![]()
