ഷിഹാബുദീൻ പൊയ്ത്തുംകടവ്.
“ഉച്ച ഊണും ഇമോഷണൽ ഈറ്റിങ്ങും ”
പൊയ്ത്തുംകടവിന്റെ മുഖപുസ്തക കുറിപ്പ് വൈറലാകുന്നു..
പ്രശസ്ത എഴുത്തുകാരൻ ഷിഹാബുദ്ധിൻ പൊയ്തുംകടവ് കേരളീയന്റെ ഭക്ഷണ രീതിയെ കുറിച്ചും പ്രമേഹാമെന്ന വില്ലനെ കുറിച്ചും വളരെ സരസമായും അതിലേറെ ഗൗരവത്തിലും ആണ് ഉച്ച ഊണ് എന്ന സമ്പ്രദായത്തെ കുറിച്ച് പറയുന്നത്, ഒപ്പം മിനി മീൽസ് ഔട്ലെറ്റ് എന്ന ആശയവും മുന്നോട്ട് വെച്ചിരിക്കുന്നത്.
*ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം*
യാത്രയ്ക്കിടയിൽ ഉച്ച സമയത്ത് കേരളത്തിലെ ഏതെങ്കിലും അങ്ങാടിയിൽ എത്തിപ്പെട്ടാൽ എപ്പോഴും ആലോചിക്കാറുള്ള ഒരു കാര്യം കുറിച്ചിടുകയാണ്. മലയാളി കഴിച്ചു തള്ളുന്ന ഊൺ എന്ന ചോറ് സാധനമാണ് കഥാനായകൻ ; അഥവാ വില്ലൻ. മലയാളികൾക്കിടയിൽ പടർന്നു പിടിച്ചിരിക്കുന്ന ഷുഗറിന് വലിയൊരു കാരണം ഇതല്ലേ? സത്യത്തിൽ , കഴിക്കുന്ന ചോറിന്റെ പകുതി പോലും നമുക്ക് ആവശ്യമില്ലാത്തതാണ്. പക്ഷേ, വിളമ്പിയതല്ലേ, കളയുന്നത് മോശമല്ലേ കഴിച്ചു കളയാം എന്ന് നാമോരോരുത്തരും കരുതി വയറിനെ വേസ്റ്റ് വീപ്പയാക്കി മാറ്റുകയാണ് ചെയ്യുന്നത് .അത് ശീലമായി മനസ്സിലേക്കും പിന്നീട് രോഗശിലയായി നമ്മുടെ ശരീരത്തിലേക്കും കടക്കുന്നു എന്നതാണ് വാസ്തവം. പാൻക്രിയാസ് പണി ചെയ്ത് ചെയ്ത് തളർന്ന് രോഗിയായിത്തീരുകയും ചെയ്യുന്നു.അത്യാവശ്യം ലോകസഞ്ചാരം നടത്തിയ ഒരാളെന്ന നിലയിൽ പറയട്ടെ, ഇങ്ങനെ ഉച്ചയ്ക്ക് പെരുംതീറ്റ നടത്തുന്ന സമൂഹം തന്നെ കുറവാണ്. ഓഫീസിൽ ഒരു മണിക്കൂർ ലഞ്ച് ബ്രേക്കെന്ന ഇടപാട് തന്നെയില്ല ! ഇന്ന് , പഴയ കാലത്തിലെന്നപോലെ കഠിനമായി ശാരീരികാധ്വാനത്തിലേർപെടുന്നവരല്ല, നാം മലയാളികൾ എന്നത് ഓർക്കേണ്ടതാണ്.
സാമൂഹ്യ ഉപബോധത്തിൽ നിന്ന് വരുന്ന അശാസ്ത്രീയമായ ഈ തീറ്റ ശീലം ഷുഗർ രോഗികളെ നിർമ്മിച്ചെടുക്കുന്നതിൽ വലിയ പങ്കുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. വിശപ്പിന് വേണ്ടിയോ ശരീരത്തിനു വേണ്ടിയോ അല്ല, നാവിന്റെ കണ്ടീഷൻ ചെയ്യപ്പെട്ട രുചിയ്ക്ക് വേണ്ടിയാണ് നാം ഇങ്ങനെ ഉരുട്ടി വിഴുങ്ങുന്നതെന്ന് സ്വയം പരിശോധിച്ചാലറിയാം. കൂട്ടത്തിൽ പറയട്ടെ. ” ഇമോഷണൽ ഈറ്റിങ്ങ് “എന്ന ഒരു കാര്യവുമുണ്ട്. ടെൻഷൻ കൂടുമ്പോൾ അമിതമായി ഭക്ഷണം കഴിക്കുന്ന ശീലമാണിത്. വൈകാതെ ഇത് നമ്മെ രോഗിയാക്കി മാറ്റുന്നു. എനിക്ക് കുറച്ചു കാലം ഇമോഷണൽ ഈറ്റിങ്ങ് ഉണ്ടായിരുന്നതാണ്. ഞാൻ തന്നെ സ്വയം കണ്ടെത്തിയ ഒരു സൂത്രത്തിലൂടെയാണ് അതിനെ അതിജീവിച്ചത്. അഞ്ചടി ഏഴ് ഇഞ്ച് ഉയരമുള്ള അന്നത്തെ എന്റെ വെയ്റ്റ് 97 കിലോ . ഇന്നിപ്പോൾ 78കിലോ. മറ്റൊരു മനോഭാവം പറയാം. കൊണ്ടു വെച്ചതല്ലേ .വില കൊടുത്ത് വാങ്ങിച്ചതല്ലേ , വിളമ്പിയതല്ലേ, ഒജീനമല്ലേ, എങ്ങനെ കളയും എന്ന് നാം വിചാരിക്കുന്ന അവസ്ഥയാണത്. നമ്മുടെ മറ്റൊരു പ്രധാന ശത്രു ഇതാണ്. ഇന്ന് മലയാളികളിൽ കുറച്ച് ശതമാനമെങ്കിലും ഇതേപ്പറ്റിയൊക്കെ കാര്യമായി ചിന്തിക്കുന്നവരാണ് എന്നാണെന്റെ തോന്നൽ. പക്ഷേ, സാമൂഹ്യ സാഹചര്യം വളരെ പ്രതികൂലമാണ് . കേരളത്തിൽ, മിനിമീൽസ് ഒരു റസ്റ്റോറന്റിലും ലഭ്യമല്ല. അത് ലഭ്യമാക്കുകയേ മാർഗ്ഗമുള്ളൂ. ഒരു ആശുപത്രി തുടങ്ങുന്ന മനോഭാവത്തിൽ നാമത് തുടങ്ങേണ്ടിയിരിക്കുന്നു.ഇപ്പോഴും. പരിഹാരം വളരെ അകലെയൊന്നുമല്ല. നമ്മുടെ ഈ കണ്ടീഷനിങ്ങിന് വലിയൊരു പരിഹാരമാണ് മിനി മീൽസ് ഔട്ട്ലെറ്റുകൾ. സത്യത്തിൽ ചെറുതും വലുതുമായ നഗരങ്ങളിൽ പെട്ടെന്ന് കഴിച്ച് പോകാവുന്ന ഇത്തരം ചെറിയ റെസ്റ്റോറന്റുകൾക്ക് സർക്കാരിന് തുടക്കമിടാവുന്നതാണ്. ഇതുവഴി മുപ്പതു ശതമാനം ഭക്ഷണമെങ്കിലും സമൂഹത്തിലേക്ക് തിരിച്ചു വരും എന്നാണെന്റെ തോന്നൽ. ഇത് ഒരു പുതിയ ഊൺ ശീലത്തിന് മലയാളികൾക്കിടയിൽ തുടക്കം കുറിച്ചേക്കാം. ഇത് നമ്മുടെ രോഗാവസ്ഥയെ തടയാൻ സഹായിക്കുന്നു. സാമ്പത്തികാവസ്ഥയെ ഗുണകരമായി ബാധിക്കുന്നു. ഭക്ഷ്യവസ്തുക്കുടെ ലഭ്യത പാവപ്പെട്ടവർക്ക് അനുകൂല ഘടകമായിത്തീരുകയും ചെയ്യുന്നു . ഇതു വഴി കുറെ പേർക്കെങ്കിലും ഒരു ‘ സാമൂഹ്യ ദൗത്യത്തിൽ പങ്കാളിയാവാൻ കഴിഞ്ഞെന്നുവരാം.തീറ്റയെ പരിവേഷവൽക്കരിക്കുന്ന , ഇതൊക്കെ വലിയ പുരുഷലക്ഷണമാണെന്ന മട്ടിലുള്ള FB പോസ്റ്റുകളും സിനിമാ രംഗങ്ങളും നമ്മുടെ സൊസൈറ്റിയെ വിപരീത ദിശയിലേക്ക് നയിക്കുന്നവയാണ് ; അവരറിയാതെ നടത്തുന്ന സാമൂഹ്യ വിരുദ്ധതയാണത്. തനി വിവരക്കേടും കോമാളിത്തവുമാണിത്. മദ്യപാനത്തെക്കാൾ മാരകമാണ് അമിത ഭക്ഷണ ശീലമെന്ന് ഏത് നല്ല ഡോക്ടറും നമുക്ക് പറഞ്ഞു തരും.കേരള സർക്കാറിന് അഥവാ, വലിയ സാമ്പത്തികശേഷിയുള്ള ബിസിനസ് ഗ്രൂപ്പുകൾക്ക് വൃത്തിയുള്ള മിനി മീൽസ് ഔട്ട്ലെറ്റുകൾ തുടങ്ങാവുന്നതാണ്. കച്ചവടം എന്ന പോലെ ഒരുസാമൂഹ്യ ദൗത്യത്തിൽ പങ്കാളികളാകാൻ അവർക്ക് സാധിക്കുകയും ചെയ്യും. . ഉച്ച സമയമായി. യാത്രയ്ക്കിടയിലാണ്. ഒരു മിനിമീൽസ് കിട്ടിയിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്ന ആളുകളുടെ , പ്രത്യേകിച്ച് ഷുഗർ രോഗികളുടെ എണ്ണം അത്ര ചെറുതല്ല. എന്നാണെന്റെ വിശ്വാസം.
നാം മലയാളികൾ,നിത്യ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളെ മുഖാമുഖം നോക്കുന്നതിലോ നേരിടുന്നതിലോ പൊതുവെ താല്പര്യമുള്ളവരല്ല. അങ്ങനെ ചെയ്യുക വഴി താൻ ചെറുതായി പോകും എന്ന് വിചാരിക്കുകയും ചെയ്യും. ഭക്ഷണത്തിന് വിശപ്പ് മാത്രമായിട്ടല്ല, സർവ്വ കാര്യങ്ങളുമായും ബന്ധമുണ്ട്. നമ്മൾ അമിത ഭക്ഷണശീലം മാറ്റുമ്പോൾ ലോകത്തിൽ പട്ടിണി കിടക്കുന്ന ഒരാൾക്ക് അത് സൗജന്യ നിരക്കിൽ കിട്ടുന്നുണ്ട് എന്ന കാര്യമെങ്കിലും ഓർക്കേണ്ടതുണ്ട്.
![]()
