തിരുവനന്തപുരം : വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ പ്രതി നിഖില്‍ തോമസിന് ആശ്വാസം. നിഖില്‍ തോമസിന് കര്‍ശന വ്യവസ്ഥകളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇത്രയും ദിവസങ്ങള്‍ കസ്റ്റഡിയില്‍ കഴിഞ്ഞതും ആവശ്യമായ രേഖകള്‍ കണ്ടെത്തിയതും പരിഗണിച്ചാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ച് ജാമ്യം നല്‍കിയത്. കേസിന് പിന്നാലെ ഒളിവില്‍ പോയ നിഖില്‍ തോമസിനെ സിപിഎമ്മില്‍ നിന്ന് പുറത്താക്കിയിരുന്നു.
കായംകുളം എംഎസ്എം കോളേജിലെ രണ്ടാം വര്‍ഷ എം കോം വിദ്യാര്‍ഥിയായിരുന്നു നിഖില്‍ തോമസ്. കേസിന് പിന്നാലെ ഇയാളെ കോളേജ് സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതേ കോളേജില്‍ തന്നെയാണ് 2017-20 കാലഘട്ടത്തില്‍ ബികോം ചെയ്തതെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. പക്ഷേ നിഖില്‍ ഡിഗ്രിക്ക് തോറ്റുപോയിരുന്നു. പക്ഷെ ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം നിഖില്‍ ഇവിടെ തന്നെ എം കോമിന് ചേര്‍ന്നു. അഡ്മിഷനായി ഹാജരാക്കിയത് കലിംഗ സര്‍വകലാശാലയുടെ ബിരുദ സര്‍ട്ടിഫിക്കറ്റായിരുന്നു.
2019 മുതല്‍ കലിംഗയില്‍ പഠിച്ചെന്നായിരുന്നു നിഖിലിന്റെ വാദം. ഇതോടെയാണ് എംഎസ്എം കോളേജില്‍ നിഖിലിന്റെ ജുനിയര്‍ വിദ്യാര്‍ഥിനി കൂടിയായ ജില്ലാ കമ്മിറ്റി അംഗം പാര്‍ട്ടിക്ക് പരാതി നല്‍കിയത്. 2019ല്‍ താന്‍ കേരളയിലെ രജിസ്ട്രേഷന് ക്യാന്‍സല്‍ ചെയ്തിരുന്നു എന്നായിരുന്നു നിഖിലിന്റെ ആദ്യ ന്യായീകരണം. എന്നാല്‍ പിന്നീട് ഈ വാദം പൊളിഞ്ഞു. 2019ല്‍ നിഖില്‍ യൂണിവേഴ്സിറ്റി യൂണിയന് കൗണ്‍സിലറും 2020ല്‍ സര്‍വകലാശാല യൂണിയന് ജോയിന്റ് സെക്രട്ടറിയുമായിരുന്നു. ഇതിനിടെ ഇയാള്‍ ഹാജരാക്കിയ ഛത്തീസ്ഗഡ് കലിംഗ സര്‍വകലാശാലാ രേഖകള്‍ വ്യാജമാണെന്നു കലിംഗ സര്‍വകലാശാല റജിസ്ട്രാറും കേരള സര്‍വകലാശാല വൈസ് ചാന്‍സലറും എംഎസ്എം കോളജ് പ്രിന്‍സിപ്പലും സ്ഥിരീകരിച്ചിരുന്നു.
![]()
