നിഖില സമീർ
ഏതു വസ്തുവും നമുക്ക് അത്രമേൽ പ്രിയതരമായിരുന്നുവെന്ന് തിരിച്ചറിയുന്നത്,അത് സ്വന്തമാകുന്നതിന് മുൻപും അത് നഷ്ടപ്പെട്ടു കഴിഞ്ഞുമാണ്.
ലേഡി ലാവണ്ടർ എന്ന ഡിസി റൊമാൻസ് ഫിക്ഷൻ മത്സര ചുരുക്കപ്പട്ടികയിൽ ഇടം നേടിയ സബീന എം സാലിയുടെ നോവൽ ലേഡി ലാവണ്ടറിലെ ഹൃദയത്തിൽ പതിഞ്ഞ വരികളാണിവ.
അഭയാർഥികളുടെ നീറുന്ന ജീവിതക്കാഴ്ചകൾക്കൊപ്പം തീവ്രവാദത്തിന്റേയും ഫാസിസത്തിന്റേയും പശ്ചാത്തലത്തിൽ സബീന എം സാലി എഴുതിയ തികച്ചും വ്യതിരിക്തമായ റൊമാൻസ് ഫിക്ഷൻ നോവലാണ് ലേഡി ലാവണ്ടർ.
അലറിവിളിക്കുന്ന ദുരന്തത്തിന്റെ കൊടും കാറ്റ് ജീവിതത്തിലുടനീളം പരന്നു വീശുമ്പോഴും സമാനതകളില്ലാത്ത പ്രണയം കൊണ്ട് വാചാലരാകുകയാണ് ആദിലും യൊഹാനും.
അഭയാർത്ഥികളുടെ സാക്ഷാത്കരിക്കപ്പെടാത്ത സ്വപ്നങ്ങൾക്ക് സ്നേഹം കൊണ്ടൊരു തുന്നിക്കെട്ടാണ് ഈ നോവലെന്നാണ് ആമുഖത്തിൽ നോവലിസ്റ്റിന്റെ സാക്ഷ്യം.
വായന പുരോഗമിക്കുമ്പോൾ അതിനും മുകളിലുള്ള ഹൃദയാലുത്വവും അഭയമറ്റവരോടുള്ള അക്ഷരഐക്യവും ദുരന്തങ്ങൾക്കിടയിലും നിറയുന്ന ആദിലിന്റേയും യോഹാന്റേയും നിരുപാധികവും ആത്മാർത്ഥത തുളുമ്പുന്നതുമായ പ്രണയത്തിന്റെ ലാവണ്ടർ സുഗന്ധവുമാണ് അനുഭവപ്പെടുന്നത്.
ആദ്യ അധ്യായം പദശുദ്ധിയാലും പദപ്രയോഗങ്ങളുടെ കാവ്യ സൗരഭ്യം തുളുമ്പുന്ന നടനലയത്താലും മ്യൂണിക് നഗരത്തിന്റെ ഓരോ അണുവിനേയും കാഴ്ചയേയും ഒരു ചലച്ചിത്രത്തിലെന്ന പോലെ അനുഭവിപ്പിക്കുന്നു എന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തിപ്പെടേണ്ടതില്ല.
‘മതത്തിന്റേയും വംശത്തിന്റേയും രാഷ്ട്രത്തിന്റേയും വേലിക്കെട്ടുകളില്ലാതെ ,സകല സ്പർദ്ധകളേയും വൈര്യങ്ങളേയും കെടുത്തിക്കളഞ്ഞു കൊണ്ട് എന്തുകൊണ്ട് മനുഷ്യന് ജീവിച്ചു കൂടാ ?’എന്ന് യൊഹാനിലൂടെ നോവലിസ്റ്റ് മനുഷ്യത്വപ്പെടുന്നത് നിർവചിക്കാൻ കഴിയാത്ത വികാരമായി ആത്മാവിലേക്കാണ് പടരുന്നത്.
വെറുപ്പിനുള്ള ഔഷധം സ്നേഹമാണ്.പ്രണയമാണ്.അതുകൊണ്ട് ഞാൻ മനുഷ്യജാതിയാണ്.എന്റെ മതം സ്നേഹമാണ്.എന്റെ രാഷ്ട്രം പ്രണയമാണ്.’
യസീദി കുലത്തിൽ ജനിച്ചുവെന്ന കാരണത്താൽ അനുഭവിക്കേണ്ടി വന്ന യാതനകളാൽ യൊഹാന്റെ ഹൃദയമുറിവുകളിലൂടെ, നോവുകളിലൂടെ നീറി നീറി വായന നീളുമ്പോൾ ചരിത്ര കുതുകിയായ ഗ്രന്ഥകാരിയെ അവരുടെ അശ്രാന്ത അന്വേഷണവായ്പ്പിനെ കൂടിയാണ് വായനക്കാർ കണ്ടെത്തുന്നത്.
തന്റെ സ്ത്രീത്വത്തെ അപമാനിച്ചവനെ സ്വയരക്ഷയ്ക്കായി ഹനിക്കേണ്ടി വന്നപ്പോഴും അവന്റെ ശരീരത്തിൽ നിന്ന് ഒഴുകിപ്പരക്കുന്ന ചോരയിൽ മുങ്ങി മരിക്കുന്ന ഒരുപറ്റം ഉറുമ്പു കൂട്ടങ്ങളാണ് അവളുടെ കണ്ണുകളെ സജലങ്ങളാക്കുന്നത്.ആ ഉറുമ്പുകളെ ഓർത്തിട്ടാണ് അവൾ വേദനിക്കുന്നത്.ആ സന്ദർഭത്തിൽ സ്ത്രീത്വത്തിന്റെ ശക്തമായ രണ്ട് ഭാവങ്ങളാണ് ഒരേസമയം എഴുത്തുകാരി കോർത്തിണക്കുന്നത്.
അഭയാർത്ഥികൾ അനുഭവിക്കുന്ന കൊടും ക്രൂരതകൾ നിറഞ്ഞ ഭാഗങ്ങളിലൂടെ വായന നീണ്ടപ്പോൾ നോവലിന്റെ പിറവി നേരങ്ങളിൽ എഴുത്തുകാരി അനുഭവിച്ചിട്ടുള്ള അന്തഃസംഘർഷങ്ങളിലേക്കും എഴുത്തുന്മാദങ്ങളിലേക്കുമാണ് മനസ്സോടിപ്പോയത്.
വായന തീരുമ്പോൾ ‘ടേക്ക് യുവർ ടൈം &ഫാൾ ഇൻ ലവ് എന്ന ആദിലിന്റെ ഇഷ്ട ഗാനം ടേക്ക് യുവർ ടൈം ആൻഡ് “റെയ്സ് ഇൻ ലവ് “എന്ന് തിരുത്തിയെഴുതാനാണ് തോന്നിയത്.
തീവ്രമായ അഭയാർത്ഥി നൊമ്പരങ്ങൾക്കും തീവ്രവാദത്തിന്റേയും ഫാസിസത്തിന്റേയും പച്ചയായ തലങ്ങൾക്കുമൊപ്പം പ്രണയത്തിന്റെ ഉയർച്ചയേയും ഉണർച്ചയേയുമാണ് ലേഡി ലാവണ്ടർ സമ്മാനിക്കുന്നത്.അത് എങ്ങനെയെന്ന് വാങ്ങി വായിച്ചു തന്നെ വായനക്കാർ അറിയാൻ ലേഡി ലാവണ്ടറിന്റെ പരിസമാപ്തിയെന്തെന്ന് മനപ്പൂർവ്വം തന്നെ ഈ ആസ്വാദനക്കുറിപ്പിൽ നിന്ന് ഒഴിവാക്കുന്നു.തുടങ്ങിയാൽ വായന പൂർത്തിയായിത്തീരാതെ ഈ പുസ്തകം അടച്ചു വെക്കാൻ കഴിയില്ല എന്നതാണ് അനുഭവം.കാഴ്ചയിൽ നിന്ന് കേൾവിയിലേക്കും അനുഭൂതി തലത്തിലേക്കും ഹൃദയങ്ങളെ ചലിപ്പിക്കുന്നത്തിനൊപ്പം കെട്ടിലും മട്ടിലും ആകർഷകമായ പുസ്തകരൂപസുഖമേകുന്നുണ്ട് ലേഡി ലാവണ്ടർ .
വൈവിധ്യമാർന്ന വിഷയതലങ്ങളിൽ എഴുത്ത് പടർന്നു പിടിച്ച അക്ഷരോപാസകക്ക് ഹൃദയം നിറഞ്ഞ ആശംസകൾ.
![]()
