ചെന്നൈ : നടൻ വിജയ് സിനിമയിൽ നിന്ന് മൂന്ന് വർഷത്തേയ്ക്ക് ഇടവേള എടുക്കുന്നതായി സൂചന. രാഷ്ട്രീയത്തിൽ സജീവമാകാനാണ് ഇടവേളയെന്ന റിപ്പോർട്ടുകളാണ് പ്രചരിക്കുന്നത്. ജൂൺ 17ന് വിദ്യാർത്ഥികളുടെ സമ്മേളം സംഘടിപ്പിച്ചതിന് പിന്നാലെ വിജയ്യുടെ രാഷ്ട്രീയ പ്രവേശം വലിയ ചർച്ചയായിരുന്നു. അതേസമയം താരം ഇക്കാര്യം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
വെങ്കട്ട് പ്രഭു ചിത്രത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേള എടുത്തേക്കുമെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ടുകൾ. വെങ്കട്ട് പ്രഭു ചിത്രം 2024 ദീപാവലി റിലീസ് ആയാണ് പുറത്തിറങ്ങുക. 2026 ലെ നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് വിജയ് സിനിമയിൽ നിന്നും ഇടവേളയെടുക്കുന്നതെന്ന് തമിഴ് മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു. 2026 നിയമസഭാ തിരഞ്ഞെടുപ്പാണ് ലക്ഷ്യം.
വിജയ് അടുത്തിടെ നടത്തിയ പരിപാടികളുടെ പശ്ചാത്തലത്തിൽ രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങൾ തമിഴ്നാട്ടിൽ ശക്തമായുണ്ട്. അടുത്തിടെ 234 നിയമസഭാ മണ്ഡലങ്ങളിലേയും മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ വിജയ് മക്കൾ ഇയക്കം ആദരിച്ചിരുന്നു. വിജയ് നേരിട്ട് പരിപാടിയിൽ പങ്കെടുക്കുകയും 12 മണിക്കൂറോളം ഇവിടെ ചെലവഴിക്കുകയും ചെയ്തു.
വിദ്യാർത്ഥികളോട് അന്ന് വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചാണ് വിജയ് സംവദിച്ചത്. കാശ് വാങ്ങി ആരും വോട്ട് ചെയ്യരുതെന്നാണ് വിജയ് പറഞ്ഞത്. ‘ഒരു വോട്ടിന് 1000 രൂപ വച്ച് കൊടുക്കുന്നവർ ഒന്നര ലക്ഷം പേർക്ക് അത് കൊടുക്കുന്നുണ്ടെങ്കിൽ അത് 15 കോടി രൂപയാണ്. അപ്പോൾ അയാൾ അതിന് മുൻപ് എത്ര രൂപ സമ്പാദിച്ചിട്ടുണ്ടാകുമെന്ന് ആലോചിക്കൂ. നിങ്ങൾ വീട്ടിൽ ചെന്ന് മാതാപിതാക്കളോട് പറയൂ, ഈ കാശ് വാങ്ങി വോട്ട് ചെയ്യരുതെന്ന്. നിങ്ങൾ പറഞ്ഞാൽ അത് നടക്കും. നിങ്ങളുടെ മനസ്സ് മാറ്റാൻ പലരും ഉണ്ടാകും. എന്നാൽ മനസ്സ് പറയുന്നത് പോലെ പ്രവർത്തിക്കണം’ എന്നാണ്.
![]()
