അഹമ്മദാബാദ് :ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ ഇന്ന് ഓസ്ട്രേലിയയെ നേരിടുന്നു.കപ്പിൽ കുറഞ്ഞതൊന്നും ഇന്ത്യ പ്രതീക്ഷിക്കുന്നില്ല.കാരണം ഇന്ത്യയുടെ കയ്യെത്തും ദൂരത്ത് കപ്പെത്തിയിട്ടുണ്ട്. ഫൈനലിലേക്കുള്ള ഇന്ത്യയുടെ വരവ് ഒരു വരവുതന്നെയായിരുന്നു.പരാജയം എന്ന വാക്ക് തന്നെ എല്ലാവരും മറന്ന മട്ടാണ്.ബാറ്റിങ്ങിന്റെ കാര്യത്തിൽ ഇന്ത്യ കരുത്തരാണ്.10 കളികളിൽ ആകെ വീണത് 48 വിക്കറ്റുകൾ മാത്രം. ഒരു തവണ പോലും ഓൾ ഔട്ട് ആയതുമില്ല.പത്ത് കളികളിൽ 2920 റൺസ് അടിച്ചുകൂട്ടി. ഇന്ത്യയുടെ ബൗളിങ്ങും ഫീൽഡിങ്ങും വളരെ മികച്ചതായിരുന്നു. പിച്ച് ഏതായാലും
വിക്കറ്റ് കൊയ്യാൻ സമർത്ഥരായിരുന്നു ബൗളർമാർ. എതിരാളികളെ 8 തവണ ഓൾ ഔട്ട് ആക്കി. ആകെ 96 വിക്കറ്റുകൾ നേടി. ആദ്യത്തെ അഞ്ചാറു കളികളിൽ മൂന്നോ നാലോ കാച്ചുകൾ മാത്രമേ ഫീൽഡർമാർ വിട്ടുകളഞ്ഞുള്ളൂ.ആകപ്പാടെ നോക്കുമ്പോൾ എല്ലാം തികഞ്ഞ ഒരു ടീമായിട്ടായിരുന്നു ഫൈനലിലേക്കുള്ള
ഇന്ത്യയുടെ ജൈത്രയാത്ര.പക്ഷെ ലോകകപ്പ് ഫൈനലാണ്.ബൃഹത്തായ അരങ്ങ്. കോടിക്കണക്കിന് ജനങ്ങളുടെ പ്രതീക്ഷ. ഇന്ത്യൻ ടീമിലെ എല്ലാ
പീരങ്കികളും ഒരുമിച്ച് പൊട്ടിക്കേണ്ട അവസരം.
സെമി ഫൈനലിൽ ബാറ്റർമാർ പതിവു പോലെ തകർത്താടിയെങ്കിലും ബൗളിങ്ങും ഫീൽഡിങ്ങും ഒട്ടും ആശാവഹമായിരുന്നില്ല.29 എക്സ്ട്രാ റണ്ണാണ് ഇന്ത്യ വിട്ടു കൊടുത്തത്.19 വൈഡുകൾ എറിഞ്ഞു എന്നതുതന്നെ അക്ഷന്തവ്യമായ കുറ്റമാണ്. ബൗളിങ്ങിന്റെ മൂർച്ചയും പണ്ടേപ്പോലെ ഫലിച്ചില്ല.ബാധ കയറിയതു പോലുള്ള ഷമിയുടെ രണ്ടാം വരവില്ലായിരുന്നെങ്കിൽ കഥ മറ്റൊന്നായേനെ. ഫീൽഡർമാരുടെ കൈകൾ ചോർന്നുകൊണ്ടേയിരുന്നു.
30-40 റൺസ് വെറുതേ വിട്ടു കൊടുത്തു.പിടിക്കാവുന്ന മൂന്നാല് കാച്ചും പാഴാക്കി.റൺമലയുടെ താഴ്വാരത്തിൽ നിൽക്കുന്നതു കൊണ്ടുണ്ടായ ഉദാസീനതയും അമിതമായ
ആത്മവിശ്വാസവും അതിനു കാരണമായിട്ടുണ്ടാവാം.ഈ പോരായ്മകളെല്ലാം പരിഹരിച്ചുവേണം
അഹമ്മദാബാദിൽ ഇന്ത്യ ഇന്ന് ഓസ്ട്രേലിയയെ നേരിടാൻ.
ദക്ഷിണാഫ്രിക്കയെ സെമിയിൽ തകർത്തു കൊണ്ടാണ് ആസ്ട്രേലിയയുടെ ഫൈനൽ പ്രവേശം.എതിരാളി ഓസീസ് ആവുമ്പോൾ കരുതിയിരിക്കുക തന്നെ വേണം. മുന്തിയ സന്ദർഭങ്ങളിൽ മൂച്ച് കൂടുന്ന ജനുസ്സാണ് ആസ്ത്രേലിയൻ ടീം. അവർ അഞ്ചുതവണ കപ്പുയർത്തിയതും അതുകൊണ്ടുതന്നെ.
ഇന്ത്യൻ ബാറ്റിങ്ങിന്റെ എഞ്ചിനായ രോഹിത് ശർമ്മയാണ് നമ്മുടെ ബാറ്റിങ്ങിനെ ഒന്നാം ഭ്രമണപഥത്തിൽ എത്തിക്കുന്നത്. ആദ്യ പവർപ്ലേയിൽ ഓപ്പണേഴ്സ് എടുക്കുന്ന റണ്ണുകളുടെ ‘അടി’ത്തറയിലാണ് മറ്റുള്ളവർ റൺസൗധം പണിതുയർത്തുന്നത്. ഫൈനലിൽ ആ തന്ത്രം പയറ്റുന്നത് അത്ര എളുപ്പമാവില്ലെന്ന് ഓസീസിന്റെ ബൗളിങ്ങും ഫീൽഡിങ്ങും കണ്ടാൽ മനസ്സിലാവും.
കോഹ്ലിയെയും രോഹിത്തിനേയും മടക്കിയാല്‍ ഇന്ത്യ തകരുമെന്നത് ഓസീസിന്റെ അമിത ആത്മവിശ്വാസമാണ്. കാരണം ഇത്തവണ ഇന്ത്യക്ക് ശക്തമായ ബാറ്റിങ് നിര തന്നെയുണ്ട്. ശുബ്മാന് ഗില്‍, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരെല്ലാം ഒന്നിനൊന്ന് മികച്ച ബാറ്റ്സ്മാന്മാരാണ്.നാലാം നമ്പറില്‍ ശ്രേയസ് അയ്യരും അഞ്ചാം നമ്പറില്‍ കെ എല്‍ രാഹുലും ഇന്ത്യക്കൊപ്പമുണ്ട്. ശ്രേയസ് ഇത്തവണ 500ലധികം റണ്‍സ് നേടി. ചരിത്രത്തിലാദ്യമായാണ് ഇന്ത്യയുടെ മധ്യനിര ബാറ്റ്സ്മാന് ഒരു ലോകകപ്പില്‍ 500ലധികം റണ്‍സ് നേടുന്നത്.ഫൈനലിലും മധ്യനിരയുടെ ബാറ്റിങ് ഇന്ത്യക്ക് നിര്‍ണ്ണായകമാവുമെന്ന കാര്യം ഉറപ്പാണ്.
ഇന്ത്യയുടെ ബൗളിങ് നിരയും ശക്തമായ പ്രകടനമാണ് കാഴ്ചവെക്കുന്നത്.മുഹമ്മദ് ഷമി,മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ,കുല്‍ദീപ് യാദവ്,രവീന്ദ്ര ജഡേജ എന്നിവരാണ് ബൗളിങ് നിരക്ക് കരുത്തുപകരുന്നത്. എല്ലാവരും അപാര ഫോമിൽ ആണെന്നതും ഇന്ത്യക്കു ആത്മ വിശ്വാസം നൽകുന്നതാണ്.ഹാർദിക് പാണ്ട്യക്കു പരിക് പറ്റിയത് കൊണ്ട് മാത്രം ടീമിൽ എത്തിയ മുഹമ്മദ് ഷമി ഈ ലോകകപ്പിലെ തന്നെ മികച്ച താരമായി മാറുന്നത് നമ്മൾ കണ്ടതാണ്.ഇവരെയൊക്കെ നന്നായി ഉപയോഗിക്കാന്‍ നായകന് രോഹിത് ശര്‍മക്ക് സാധിക്കുന്നു എന്നുള്ളതും എടുത്തു പറയേണ്ടതാണ്.ഇന്ത്യയുടെ ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ മികവ് കാട്ടുന്നുണ്ട് എന്നുള്ളത് ഇന്ത്യക്കു അനുകൂലമാണ്.
ആസ്ട്രേലിയയുടെ മുൻ നിര ബാറ്റിസ്മാന്മാരായ ഡേവിഡ് വാര്‍ണര്‍, ട്രവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ് ഇവരെല്ലാം ആദ്യ പന്തുമുതല്‍ ആക്രമിക്കുന്നവരാണ്. വാര്‍ണര്‍ക്ക് ഇന്ത്യന്‍ പിച്ചില്‍ വലിയ അനുഭവസമ്പത്തുണ്ട്. ഹെഡും തുടക്കം മുതല്‍ കടന്നാക്രമിക്കുമ്പോള്‍ മൂന്നാമന് മാര്‍ഷും വമ്പനടിക്കാരനാണ്.ഗ്ലെൻ മാക്സ്വെൽ ഒറ്റയ്ക്ക് ടീമിനെ വിജയിപ്പിക്കാൻ കഴിവുള്ള ബാറ്റ്സ്മാൻ ആണ്.ലോകോത്തര ബാറ്റസ്മാൻ സ്റ്റീവ് സ്മിത്ത്, സ്റ്റോയിനിസ്,ജോഷ് ഇന്ഗ്ലീസ്,അലക്സ് കാരി,തുടങ്ങിയ ബാറ്റ്സ്മാൻമാരും അവരുടേതായ ദിവസങ്ങളിൽ ഏതു ടീമിനും വെല്ലുവിളിയാകുന്നവർ ആണ്.ക്യാപ്റ്റൻ കമ്മിൻസ്,മിച്ചൽ സ്റ്റാർക്,ആദം സാമ്പ,ജോഷ് ഹാസൽവുഡ്, മാക്സ്വെൽ എന്നിവരടങ്ങിയ ബൗളിംഗ് നിരയും ലോകോത്തരം ആണ്.എന്നാലും ഇപ്പോഴത്തെ ഇന്ത്യൻ ടീമിന്റെ ഫോം വെച്ച് നോക്കിയാൽ ഇന്ത്യൻ ടീമിന് കപ്പ് സ്വന്തമാക്കാൻ കഴിയും എന്ന കാര്യം ഉറപ്പാണ്.ഫൈനലിന്റെ സമ്മർദ്ദത്തിന് അടിപ്പെടാതെ കളിക്കണമെന്നുമാത്രം.ആ സുവർണ്ണമുഹൂർത്ത
ത്തിനായി നമുക്ക് കാത്തിരിക്കാം.
![]()
