റിയാദ് : സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് നാളെ (വെള്ളി) രാവിലെ 8:00 മുതൽ വൈകിട്ട് 6 മണി വരെ റിയാദ് ഷുമൈസി ആശുപത്രിയിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
അപകടങ്ങൾ, അടിയന്തര ശസ്ത്രക്രിയകൾ, ഗുരുതര രോഗചികിത്സകൾ എന്നീ സാഹചര്യങ്ങളിൽ അതിവേഗം ചികിത്സ ലഭ്യമാക്കാൻ ബ്ലഡ് ബാങ്കുകളിൽ ആവശ്യമായ രക്തശേഖരം ഉറപ്പാക്കുക എന്നത് നമ്മുടെ സാമൂഹിക ഉത്തരവാദിത്വമാണ്.
റിയാദിലെ മലയാളി സമൂഹത്തിന്റെ കൂട്ടായ പങ്കാളിത്തത്തോടെ ഈ വർഷത്തെ ഏറ്റവും വലിയ ജീവകാരുണ്യ പ്രവർത്തനങ്ങളിലൊന്നാക്കി ക്യാമ്പിനെ മാറ്റുകയാണ് സംഘാടകരുടെ ലക്ഷ്യം. 1500-ലധികം ആളുകളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്ന പരിപാടിക്ക് റിയാദിലെ പൊതുസമൂഹത്തിന്റെ പൂർണ പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് ഒഐസിസി നേതാക്കൾ അഭ്യർഥിച്ചു.
രക്തദാനം നടത്തുന്ന എല്ലാവർക്കും ഒഐസിസിയുടെയും മിനിസ്ട്രി ഓഫ് ഹെൽത്ത് ഡിപ്പാർട്ട്മെന്റിന്റെയും സംയുക്ത സർട്ടിഫിക്കറ്റ് നൽകും. കൂടാതെ റിയാദിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്ന രക്തദാതാക്കൾക്ക് വാഹനസൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടുതൽ പ്രദേശങ്ങളിലേക്ക് ഗതാഗത സൗകര്യം ആവശ്യമായാൽ ബന്ധപ്പെട്ട ഭാരവാഹികളുമായി മുൻകൂട്ടി ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.
ക്യാമ്പിലെത്തുന്നവരുടെ സൗകര്യാർത്ഥം വാഹന പാർക്കിംഗിനായി സുമൈസി ആശുപത്രിയിലെ ഗേറ്റ് നമ്പർ 15-നു സമീപം പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രക്തദാന ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ആവേശവും ആനന്ദവും പകരുന്നതിനായി വിവിധ കലാപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും താഴെ നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക:
056 051 4198
056 419 5323
050 228 5631
![]()
