ധര്‍മശാല: ലോകകപ്പില്‍ തുടര്‍ച്ചയായ അഞ്ചാം ജയം ലക്ഷ്യമിട്ട് ഇന്ത്യയിറങ്ങുന്നു. ടൂര്‍ണമെന്റില്‍ അപരാജിത കുതിപ്പ് നടത്തുന്ന ന്യൂസിലാന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. ടൂര്‍ണമെന്റില്‍ ഇനിയും തോല്‍വിയറിയാത്ത രണ്ടു ടീമുകളും മുഖാമുഖം വരുമ്പോള്‍ ആരു ജയിക്കുമെന്നു പ്രവചിക്കുക ദുഷ്കരം തന്നെയാണ്. ഉച്ചയ്ക്കു രണ്ടു മണി മുതലാണ് മല്‍സരം.
ബംഗ്ലാദേശുമായുള്ള അവസാന മല്‍സരത്തില്‍ ജയിച്ച ടീമില്‍ ചില മാറ്റങ്ങളോടെയായിരിക്കും ഇന്ത്യയിറങ്ങുക. പരിക്കു കാരണം സ്റ്റാര്‍ ഓള്‍റൗണ്ടറും വൈസ് ക്യാപ്റ്റനുമായ ഹാര്‍ദിക് പാണ്ഡ്യയുടെ സേവനം ഇന്ത്യക്കു ലഭിക്കില്ല. കഴിഞ്ഞ മല്‍സരത്തില്‍ ബൗളിങിനിടെയായിരുന്നു അദ്ദേഹത്തിന്റെ കണംകാലിനു പരിക്കേറ്റത്. അടുത്ത ഞായറാഴ്ച ഇംഗ്ലണ്ടുമായുള്ള കളിയില്‍ അദ്ദേഹത്തിനു കളിക്കാനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ഇന്നത്തെ കളിയിൽ ഹാര്‍ദിക്കിനു പകരം സൂര്യകുമാര്‍ യാദവ് ഇന്ത്യയുടെ പ്ലെയിങ് ഇലവനിലേക്കു വന്നേക്കുമെന്നാണ് സൂചനകള്‍.
ബൗളിങ് ലൈനപ്പിലും ഇന്ത്യ ഒരു മാറ്റം വരുത്തിയേക്കും. സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂറിനു പകരം പരിചയ സമ്പന്നനായ മുഹമ്മദ് ഷമിയായിരിക്കും ടീമിലേക്കു വരുന്നത്. മറുഭാഗത്ത് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ് പരിക്കു കാരണം ന്യൂസിലാന്‍ഡ് നിരയിലുണ്ടാവില്ല. ടോം ലാതം തന്നെയാണ് കിവികളെ നയിക്കുന്നത്.
![]()
