റിപ്പോർട് : പി കെ ഷാജി
റിയാദ്: മാധ്യമപ്രവര്‍ത്തനത്തോട് അഭിരുചിയുള്ള പ്രവാസി മലയാളികള്‍ക്ക് വാര്‍ത്താലോകത്തിന്റെ പുതിയ സാധ്യതകള്‍ സമ്മാനിച്ച് റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം നടത്തിയ ജേണലിസം ട്രെയിനിങ് പ്രോഗ്രാം പൂര്‍ത്തിയായി.
കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം വിവിധ പരിപാടികളോടെ അരങ്ങേറി. സീന അജി ഒന്നാം റാങ്കും യൂനുസ് തോട്ടത്തില്‍ രണ്ടാം റാങ്കും പ്രദീപ് ബി. മൂന്നാം റാങ്കും നേടി.
റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച ‘അക്ഷരോണം’ സാംസ്കാരിക വിരുന്നിലാണ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്. ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ മൈമൂന അബ്ബാസ് പരിപാടി ഉദ്ഘാടനം ചെയ്തു. ആക്ടിംഗ് പ്രസിഡന്റ് ജലീല്‍ ആലപ്പുഴ അധ്യക്ഷത വഹിച്ചു.

2016ലാണ് മീഡിയ ഫോറം ആദ്യമായി ജേണലിസം പരിശീലന കോഴ്സ് ആരംഭിച്ചത്. വാര്‍ത്താ റിപ്പോര്‍ട്ടിങ്, എഡിറ്റിങ് എന്നിവയ്ക്ക് പുറമെ സിറ്റിസൺ ജേർണലിസം, ഡിജിറ്റല്‍ കണ്ടന്റ് ക്രിയേഷന് എന്നിവ ഉള്‍പ്പെടുത്തിയുള്ള പരിശീലനമാണ് നല്‍കിയത്. വസ്തുതാപരമായ വാര്‍ത്തകള്‍ തിരിച്ചറിയാനും മാധ്യമ അവബോധമുള്ള പുതിയ തലമുറയെ വാര്‍ത്തെടുക്കാനുമാണ് കോഴ്സിലൂടെ ലക്ഷ്യമിട്ടതെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.
മാറുന്ന വാര്‍ത്താ നിര്‍മ്മാണ രീതികളും ദൃശ്യമാധ്യമ സാങ്കേതികവിദ്യകളും പരിചയപ്പെടുത്തിയ പരിശീലനത്തിന്റെ ഭാഗമായി പഠിതാക്കള്‍ തയാറാക്കിയ ന്യൂസ് ബുള്ളറ്റിനുകളുടെ പ്രദര്‍ശനവും നടന്നു. പഠിതാക്കള്‍ക്ക് സൗദി ടൈംസ്, മലയാള മിത്രം, ജി.സി.സി ടൈംസ്, ദര്‍ശന ടിവി തുടങ്ങിയ മാധ്യമങ്ങളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

ഷിഹാബ് കൊട്ടുകാട്, സി.പി. മുസ്തഫ, സുരേന്ദ്രന് കൂട്ടായി, റഹ്മാന് മുനമ്പത്ത്, അവൈസ് ഇബ്രാഹിം, നസറുദ്ദീന്‍ വി.ജെ, ഷിബു ഉസ്മാന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പഠിതാക്കളായ സീന അജി, അഡ്വ. എല്‍.കെ. അജിത് എന്നിവര്‍ പഠനാനുഭവങ്ങള്‍ പങ്കുവെച്ചു. കള്‍ച്ചറല്‍ കണ്‍വീനര്‍ ഷംനാദ് കരുനാഗപ്പിള്ളി ആമുഖ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ജയന് കൊടുങ്ങല്ലൂര്‍ സ്വാഗതവും ട്രഷറര്‍ മുജീബ് ചങ്ങരംകുളം നന്ദിയും പറഞ്ഞു.
![]()
