സൗദിയിലെ മാധ്യമ പ്രവർത്തനരംഗത്ത് വിസ്മരിക്കാനാവാത്ത രണ്ട് പേരുകളാണ് മലയാളം ന്യൂസ് പത്രവും കെ യു ഇക്ബാൽ എന്ന മാധ്യമ പ്രവർത്തകനും. മലയാളം ന്യൂസ് പത്രം ആരംഭിച്ച സമയത്ത് റിയാദിലേക്ക് ബ്യുറോ ചീഫ് ആയി വന്നത് പഴയ ചന്ദ്രിക സബ് എഡിറ്ററും നിയമസഭാ റിപ്പോർട്ടറും ആയിരുന്ന കുഞ്ഞമ്മദ് വാണിമേൽ ആയിരുന്നു. അല്പകാലം റിയാദിൽ ജോലി ചെയ്ത ശേഷം അദ്ദേഹം ജിദ്ദയിലേക്ക് തന്നെ തിരികെ പോയി. പിന്നീട് കുറച്ചു കാലം മലയാളം ന്യൂസ് റിയാദിൽ കൈകാര്യം ചെയ്തിരുന്നത് സുഹൃത്ത് ഹനീഫ കല്ലമ്പാറയും കൂടെ സി പി സക്കീർ ഹുസൈനും ആയിരുന്നു. പിന്നീടാണ് മലയാളം ന്യൂസിൽ സ്ഥിരമായി സിനിമാ നിരൂപണങ്ങൾ എല്ലാം എഴുതി കൊണ്ടിരുന്ന കെ യു ഇക്ബാൽ റിയാദിലേക്ക് വരുന്നതായി അറിഞ്ഞത്.
ഒരു പത്രപ്രവർത്തകന്റെ എല്ലാ നൈപുണ്യവും കൂടെ ഒരു ബ്യുറോ എങ്ങിനെ കൈകാര്യം ചെയ്യണമെന്ന കൃത്യമായ പാടവവും ഉണ്ടായിരുന്ന കെ യു ഇക്ബാൽ വളരെ പെട്ടെന്ന് മലയാളം ന്യൂസ് പത്രത്തെ റിയാദിലെ മലയാളീ സമൂഹത്തിൽ, സാംസ്കാരിക രംഗത്ത് അനിഷേധ്യമായ ഒരു സ്ഥാനത്തേക്ക് ഉയർത്തി. പുത്തൂർ റഹ്മാനും, സി കെ ഹസ്സൻ കോയയും മുസാഫിർ അഹമ്മദ്, മുസഫ്ഫർ അഹമ്മദ്, സി ഓ ടി അസീസ്, സാദിഖ് മുന്നൂർ, കുഞ്ഞമ്മദ് വാണിമേൽ, സാദിഖ് കാവിൽ തുടങ്ങിയ നിരവധി ഇരുത്തം വന്ന മലയാള മാധ്യമ പ്രവർത്തകരെ കൊണ്ട് സമ്പുഷ്ടമായ ജിദ്ദയിലെ മലയാളം ന്യൂസ് ജിദ്ദ ഡിസ്കിനോടൊപ്പം റിയാദ് ബ്യുറോയെയും കൈപിടിച്ചുയർത്താൻ കെ യു ഇക്ബാലിന് വളരെ പെട്ടെന്ന് സാധിച്ചു. റിയാദിലെ ഇന്ത്യൻ വ്യവസായികളും വാണിജ്യ രംഗത്തെ പ്രമുഖരും സാംസ്കാരിക സംഘടനാ നേതാക്കളും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും ആതുര ശുശ്രൂഷ രംഗത്തും വിദ്യാഭ്യാസ മേഖലയിലും പ്രവർത്തിക്കുന്നവരും ഖുറൈസ് റോഡിലെ എസ് ആർ പി സി ഓഫീസിലെ നിത്യ സന്ദർശകരായി മാറി അക്കാലത്ത്. മറ്റൊരർത്ഥത്തിൽ അവരെ അങ്ങോട്ട് ആകർഷിക്കുന്ന എന്തൊക്കെയോ മാജിക് ഇക്ബാലിന്റെ കരവിരുതിൽ രൂപം കൊണ്ടിരുന്നു. ദീപികയിൽ വാർത്തകൾ ചെയ്തു കൊണ്ട് മാധ്യമ പ്രവർത്തനം തുടങ്ങിയ ഞാൻ ഇടക്ക് ജപ്പാൻ എംബസി ഉദ്യോഗസ്ഥനായിരുന്ന അബ്ദുള്ള മൻഹാം സാഹിബിനൊപ്പം മാധ്യമത്തിലും വാർത്തകൾ ചെയ്തിരുന്നു. പിന്നീട് നജിം കൊച്ചുകലുങ്ക് റിയാദിലെത്തുകയും മാധ്യമത്തിൽ റിപ്പോർട്ടർ ആയി ചേരുകയും ചെയ്തു.
ഉറ്റ സുഹൃത്തുക്കളായിരുന്നെങ്കിലും പ്രൊഫഷണൽ ഈഗോ ഒന്ന് കൊണ്ട് മാത്രമാകാം റിയാദിൽ ഇറങ്ങുന്ന രണ്ട് മലയാള പത്രങ്ങളുടെ ബ്യുറോ കൈകാര്യം ചെയ്തിരുന്ന കെ യു ഇക്ബാലും നജിം കൊച്ചുകലുങ്കും പരസ്പരം ഒരു മത്സരം നിലനിർത്തിയിരുന്നു. അതിനിടയിൽപ്പെട്ട് അവർ രണ്ട് പേരുടെയും ഉറ്റ സുഹൃത്തുക്കളായിരുന്ന എന്നെ പോലുള്ളവർ വല്ലാതെ ശ്വാസം മുട്ടിയിരുന്നു എന്നത് മറ്റൊരു സത്യമാണ്.

ആ കാലഘട്ടത്തിൽ റിയാദിലെ മാധ്യമ പ്രവർത്തന രംഗത്തെ ഒട്ടേറെ രസകരവും ആശ്ചര്യകരവും ആയ കഥകൾ ഒരു പാട് പറയാനുണ്ട്. ഒട്ടേറെ എഴുത്തുകാരെ വളർത്തിക്കൊണ്ട് വന്ന ഒരു പ്രസ്ഥാനമാണ് മലയാളം ന്യൂസ്. അതിൽ കെ യു ഇക്ബാലിന്റെയും പങ്ക് ചെറുതല്ല.
പിന്നീട് എവിടെയോ വെച്ച് കച്ചവടരംഗത്തേക്കും സിനിമ മേഖലയിലേക്കും വഴി തിരിഞ്ഞു പോയ ഇക്ബാലിന്റെ ജീവിതം പിന്നീട് ഒട്ടും അനുകരണീയമായിരുന്നില്ല. ഇക്ബാൽ റിയാദിലുള്ളപ്പോൾ മുതൽ പിന്നീട് അദ്ദേഹം ജിദ്ദയിലേക്ക് പോയ ശേഷവും റിയാദിലെ മലയാളം ന്യൂസിൻറെ ലേഖകനായി പ്രവർത്തിക്കാൻ അവസരം ലഭിച്ച ഒരാളാണ് ഞാൻ. മാധ്യമപ്രവർത്തന രംഗത്തെ ഒട്ടേറെ ബാലപാഠങ്ങൾ കെ യു ഇക്ബാലിൽ നിന്നും പഠിക്കാൻ സാധിച്ചിട്ടുണ്ട്. നന്ദിയോടെ അത് എന്നെന്നും ഓർമ്മയിലുണ്ടായിരിക്കും.

റിയാദിൽ ഇന്ത്യൻ മീഡിയ ഫോറത്തിന് ആദ്യമായി ഒരു സംഘടന (റിംഫ്) രൂപീകൃതമായപ്പോൾ പ്രഥമ സാരഥിയും കെ യു ഇക്ബാൽ തന്നെയായിരുന്നു.
അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞ കെ യു ഇക്ബാലിന്റെ സ്മരണാർത്ഥം റിംഫ് ഇങ്ങനെ ഒരു അനുസ്മരണ ചടങ്ങ് സംഘടിപ്പിക്കുന്നു എന്നറിഞ്ഞതിൽ വലിയ വലിയ സന്തോഷം. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.
_ ഷക്കീബ് കൊളക്കാടൻ
