റിയാദ് : ലോക വനിതാദിനത്തോടനുബന്ധിച്ചു കേളി കുടുംബ വേദി ഏർപ്പെടുത്തിയിരിക്കുന്ന ‘ജ്വാല അവാർഡ് 2024’ നായി പ്രവാസലോകത്തെ അറിയപെടുന്ന സാഹിത്യകാരി സബീന എം സാലിയെ തെരഞ്ഞെടുത്തതായി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.ഫലകവും പ്രശംസിപത്രവും അടങ്ങുന്ന അവാർഡ് ഏപ്രിൽ 8 വെള്ളിയാഴ്ച അൽ യാസ്മിൻ ഇൻ്റർനാഷണൽ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന വനിതാ ദിനാഘോഷ ചടങ്ങിൽ സമ്മാനിക്കും.സാംസ്കാരിക സമ്മേളനത്തിൽ പ്രമുഖ സാഹിത്യകാരി എഎം സെറീന
പങ്കെടുക്കും. 2016 മുതലാണ് കേളി കുടുംബ വേദി വനിതാ ദിനം ആചരിക്കാൻ തുടങ്ങിയത്.ഇതിന്റെ ഭാഗമായി കുട്ടികൾക്കായി മെഗാ ചിത്രരചനാ മത്സരവും വിവിധ കലാ പരിപാടികളും അരങ്ങേറും.
കുട്ടികൾക്കായി നടത്തുന്ന മെഗാ ചിത്രരചനാ മത്സരത്തിൽ 4 മുതൽ 6 വരെ, 7 മുതൽ 10 വരെ, 11 മുതൽ 15 വരെ എന്നിങ്ങനെ വയസ്സിന്റെ അടിസ്ഥാനത്തിൽ മൂന്ന് വിഭാഗങ്ങളിലായി മത്സരങ്ങൾ നടക്കും. മൂന്ന് വിഭാഗത്തിലും ആദ്യ മൂന്ന് സ്ഥാനക്കാർക്ക് മൂന്ന്, രണ്ട്, ഒന്ന് ഗ്രാം വീതമുള്ള സ്വർണ്ണ നാണയങ്ങളാണ് സമ്മാനമായി നൽകുന്നത്. മാർച്ച ഏഴിന് വൈകിട്ട് 5 മണി വരെ മത്സരാര്‍ത്ഥികൾക്ക് https://forms.gle/dzkvB8N67CvxwNH67 ലിങ്കിൽ പേരുകള്‍ രജിസ്റ്റർ ചെയ്യാം. വെള്ളിയാഴ്ച ഉച്ചക്ക് 2 മണി മുതൽ അൽ യാസ്മിൻ ഇൻ്റർനാഷണൽ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിലാണ് ചിത്ര രചന മത്സരങ്ങൾ ,കലാപരിപാടികൾ ,സാംസ്കാരിക സമ്മേളനം ,അവാർഡ് ദാനം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.
കൂടാതെ കുടുംബവേദിയിലെ വനിതകളും, കുട്ടികളും, റിയാദിലെ വിവിധ നൃത്ത വിദ്യാലങ്ങളിലെ കലാകാരന്മാരും അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന കലാ പ്രകടനങ്ങളും പരിപാടിയുടെ ഭാഗമായി അരങ്ങേറും.പരിപാടിയുടെ മുഖ്യ പ്രയോജകരായി സോനാ ജ്വല്ലറിയും സഹ പ്രയോജകാരായി കുദു ഫാസ്റ്റ് ഫുഡും സിറ്റിഫ്ലവർ ഹൈപ്പർ മാർക്കറ്റും കേളി കുടുംബ വേദിയോടൊപ്പം കൈകോർക്കുന്നു. കൂടാതെ റിയാദിലെ വിവിധ സ്ഥാപനങ്ങളും പങ്കാളികളായിട്ടുണ്ട്.
കേളി കുടുംബവേദി കഴിഞ്ഞ 14 വർഷമായി റിയാദിലും പരിസര പ്രദേശങ്ങളിലും സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായി, പ്രവർത്തിച്ചു വരുന്നു. പ്രവാസ ലോകത്തെ സ്ത്രീകളുടെ ഉന്നമനത്തിന് പ്രത്യേകം ഊന്നൽ നൽകികൊണ്ട്, കുടുംബങ്ങള്‍ക്ക് ചേർന്നിരിക്കാനും പരസ്പരം ആശയങ്ങൾ പങ്കിടാനുമുള്ള ഒരു വേദി കൂടിയാണ് കേളി കുടുംബവേദി.
സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി, കേരള സർക്കാറിന്റെ മലയാള മിഷൻ “മധുരം മലയാളം” എന്ന പേരിൽ പ്രവാസ ലോകത്തിലെ കുട്ടികൾക്കായി മലയാളം ക്ലാസുകൾ, മുതിർന്നവർക്കായി സാക്ഷരതാ ക്ലാസുകൾ എന്നിവ സംഘടിപ്പിച്ചു വരുന്നു. കൂടാതെ ആരോഗ്യ ബോധവത്കരണ ക്ലാസുകൾ, വെബിനാറുകൾ, കലാ കായിക മത്സരങ്ങൾ, നാടൻ കളികളെ കുഞ്ഞുങ്ങൾക്ക് പരിചയപ്പെടുത്തിക്കൊണ്ടുള്ള കളിയരങ്ങുകൾ, കുടുംബ സംഗമങ്ങൾ എന്നിവയും കേളി കുടുംബവേദി സംഘടിപ്പിക്കാറുണ്ട്.
പ്രവാസികളായ കുട്ടികളുടെ കലാപരമായ കഴിവുകളെ പ്രോൽസാഹിപ്പിക്കുകയും സൗജന്യ പരിശീലനം നൽകുകയും ചെയ്യുന്നതിനുമായി ‘ജ്വാല 2023’ ല്‍ ആരംഭിച്ച കലാ അക്കാഡമി വിജയകരമായി പ്രവര്‍ത്തനം തുടരുന്നു.
കലാ അക്കാഡമിയുടെ ആദ്യ ബാച്ചിലെ 55 കുട്ടികള്‍ പരിശീലനം പൂര്‍ത്തിയാക്കാന്‍ ഒരുങ്ങുന്നു. ആദ്യ ഘട്ടത്തിൽ ചിത്ര രചന, നൃത്തം എന്നിവയാണ് പരിശീലിപ്പിക്കുന്നത്. ചിത്ര രചനയിൽ വിജില ബിജു, നൃത്തം അഭ്യസിപ്പിക്കാൻ നേഹ പുഷ്പപരാജ്, ഹെന പുഷ്പപരാജ്, എന്നിവരാണ് അധ്യാപകരായുള്ളത്.
ജ്വാല 2024 ന്റെ ഭാഗമായി കേളി കുടുംബവേദി “സിനിമ കൊട്ടക” എന്ന പേരില്‍ ഒരു ഫിലിം ക്ലബ് കൂടി രൂപീകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വാരാന്ത്യങ്ങളിൽ സിനിമകൾ പ്രദർശിപ്പിക്കുകയും അതിൽ ചർച്ചകള്‍ സംഘടിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്.
പരിപാടിയുടെ വിജയത്തിനായി വി എസ് സജീന കൺവീനറായും, സന്ധ്യരാജ് ചെയർ പേഴ്സ്ണായും ഗീതാ ജയരാജ് ട്രഷററായും 101 അംഗ സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്. വാർത്ത സമ്മേളനത്തിൽ കുടുംബവേദി പ്രസിഡന്റ്പ്രിയാ വിനോദ്,സെക്രട്ടറി സീബാ കൂവോട്,ട്രഷറർ ശ്രീഷ സുകേഷ്,കൺവീനർ വിഎസ് സജീന,വൈസ് ചെയർ പേഴ്സൺ ജി പി വിദ്യ എന്നിവർ പങ്കെടുത്തു.
![]()
