റിയാദ്: ലുലു ഗ്രൂപ്പിന്റെ അതിവേഗം വളരുന്ന കൺവീനിയൻസ് സ്റ്റോർ ശൃംഖലയായ (SWFT) സ്വിഫ്റ്റിന്റെ കൂടുതല്‍ വിപുലീകരണത്തിന് തുടക്കമിട്ട് സൗദിയില്‍ അഞ്ചാമത്തെ ഔട്ട് ലെറ്റ്. റിയാദിലെ അൽ ഔദ് മെട്രോ സ്റ്റേഷനിലാണ് പുതിയ സ്വിഫ്റ്റ് ഔട്ട്ലെറ്റ് തുറന്നത്. ഉപഭോക്താക്കള്‍ക്ക് നിത്യോപയോഗ സാധനങ്ങൾ മുതൽ ഭക്ഷണ പദാർത്ഥങ്ങൾ വരെ എല്ലാം എളുപ്പത്തിൽ വാങ്ങാനും വേഗത്തിൽ ഷോപ്പിംഗ് പൂർത്തിയാക്കി മടങ്ങാനും സൗകര്യമൊരുക്കുന്നതാണ് സ്റ്റോര്‍. പുതിയ കാലത്ത് ഉപഭോക്താക്കൾക്കായി വേഗതയേറിയതും തടസ്സമില്ലാത്തതുമായ ഷോപ്പിംഗ് അനുഭവം എപ്പോഴും എവിടെയും പ്രദാനം ചെയ്യുകയാണ് ലുലു സ്വിഫ്റ്റ് സ്റ്റോറുകളുടെ ലക്ഷ്യം.
അൽ ഔദ് മെട്രോ സ്റ്റേഷൻ മാനേജർ ഖാലിദ് അൽ-മല്കിയാണ് പുതിയ സ്വിഫ്റ്റ് ഔട്ട് ലെറ്റ് ഉദ്ഘാടനം ചെയ്തത്. ലുലു ഹൈപ്പർമാർക്കറ്റ് സൗദി ഡയറക്ടർ മുഹമ്മദ് ഹാരിസ് അടക്കമുള്ളവര്‍ സന്നിഹിതരായിരുന്നു.. റിയാദിലെ ഏറ്റവും തിരക്കേറിയ പൊതുഗതാഗത മേഖലകളിലൊന്നില്‍ ഉപഭോക്താക്കള്‍ക്ക് ഷോപ്പിംഗ് സൗകര്യപ്രദമാകുന്നതാണ് അൽ ഔദ് മെട്രോ സ്റ്റേഷനിലെ പുതിയ സ്വിഫ്റ്റ് ഔട്ട് ലെറ്റ്.
2030-ഓടെ സൗദി അറേബ്യയിലുടനീളം കൂടുതൽ സ്വിഫ്റ്റ് സ്റ്റോറുകൾ ആരംഭിക്കുക എന്ന ലുലു ഗ്രൂപ്പിന്റെ ലക്ഷ്യത്തിലേക്കുള്ള മറ്റൊരു സുപ്രധാന ചുവടുവെപ്പാണ് അൽ ഔദ് മെട്രോ സ്റ്റേഷനിലെ അഞ്ചാമത്തെ സ്വിഫ്റ്റ് ഔട്ട് ലെറ്റ്.
![]()
