ദമ്മാം: പ്രവാസി വെൽഫെയർ ദമ്മാം റീജിയണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണകുടുംബ സംഗമം സംഘടിപ്പിച്ചു. വിഭവസമൃദ്ധമായ ഓണസദ്യയും കുട്ടികൾക്കായി വിവിധ ഓണക്കളികളും സംഗമത്തിന്റെ ഭാഗമായി നടന്നു. മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
ഓണാഘോഷങ്ങളുടെ ഭാഗമായി പ്രവാസി എഴുത്തുകാർക്കായി സംഘടിപ്പിച്ച ഉപന്യാസ രചനാ മത്സരത്തിലെ വിജയികളെയും ചടങ്ങിൽ പ്രഖ്യാപിച്ചു. പ്രവാസ ജീവിതത്തിന്റെ വ്യത്യസ്ത അനുഭവങ്ങളും ഓണക്കാലത്തിന്റെ സാംസ്കാരിക പൈതൃകവും സമന്വയിപ്പിച്ച നിരവധി മികച്ച രചനകളാണ് മത്സരത്തിന് ലഭിച്ചത്. ഗൾഫ് മണലാരണ്യത്തിൽ കഴിയുമ്പോഴും നാടിനെയും ഓണത്തെയും പഴയ ഓണക്കാല ഓർമ്മകളെയും ഹൃദയത്തോട് ചേർത്തുപിടിച്ചുള്ള അനുഭവങ്ങളാണ് പല രചനകളിലും പ്രതിഫലിച്ചത്.
മത്സരത്തിൽ സാബു മേലേതിൽ ഒന്നാം സ്ഥാനവും, നൈസി സജാത് രണ്ടാം സ്ഥാനവും, അശ്വതി സുരേന്ദ്രൻ മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് മൊമെന്റോ നൽകി ആദരിച്ചു.
ജാബിർ കണ്ണൂർ, ഹാരിസ് കൊച്ചി, ആഷിഫ് കൊല്ലം, പ്രവീൺ, ബിജു പൂതക്കുളം, അനീഷ മെഹബുബ്, ഉബൈദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറിലധികം പേർ ഓണകുടുംബ സംഗമത്തിൽ പങ്കെടുത്തു. പ്രവാസി സമൂഹത്തിന്റെ കൂട്ടായ്മയും കേരളത്തിന്റെ സാംസ്കാരിക പൈതൃകവും വിളിച്ചോതുന്ന വേറിട്ട അനുഭവമായി ഓണസംഗമം മാറി.
![]()
