തിരുവനന്തപുരം: വിയറ്റ്നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊല്ലം കൊട്ടാരക്കര സ്വദേശികളായ എ സി തോമസ് (57), ഭാര്യ ലൗനി തോമസ് (56) എന്നിവരുടെ കുടുംബാംഗങ്ങള്‍ക്കുളള വിയറ്റ്നാം സര്‍ക്കാറിന്റെ സഹായധനം കൈമാറി. തിരുവനന്തപുരം തൈക്കാട് നോര്‍ക്ക സെന്ററില്‍ ചേര്‍ന്ന ചടങ്ങില്‍ മുംബൈയിലെ വിയറ്റ്നാം കോൺസുലേറ്റ് ജനറൽ ലെ ക്വാങ് ബിയനാണ് എ. സി തോമസിന്റെയും ലൗനി തോമസിന്റെയും മക്കളായ എ.ടി ചെറിയാന്, ദിവ്യ സൂസന് തോമസ് എന്നിവര്‍ക്കാണ് സഹായ ധനം കൈമാറിയത്. കുടുംബാഗങ്ങളെ വിയറ്റ്നാം പ്രതിനിധികള്‍ ആശ്വസിപ്പിച്ചു. മുംബൈയിലെ വിയറ്റ്നാം കോൺസൽ നുയെൻ തുയ് ആന്‍, നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ രാജേഷ് മാധവന്, ജനറല്‍ മാനേജര്‍ പ്രകാശ് പി ജോസഫ്, കേരള സംസ്ഥാന നിര്‍മ്മിതി കേന്ദ്ര ഡയറക്ടര്‍ ഡോ. ഫെബി വര്‍ഗ്ഗീസ്, നോര്‍ക്ക റൂട്ട്സ് ജീവനക്കാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. 2026 ജൂലൈ 11 നാണ് ഇന്ത്യയില്‍ നിന്നുളള 32 വിനോദസഞ്ചാരികളും നാലു ജീവനക്കാരുമായി പോയ ബോട്ട് വിയറ്റ്നാമിലെ ഫു ക്വോക്കിന് സമീപം അപകടത്തില്‍പെട്ടത്. ശക്തമായ കാറ്റും ഉയർന്ന തിരമാലകളും കാരണം ബോട്ട് മറിയുകയായിരുന്നു. 21 പേരെ രക്ഷപ്പെടുത്തിയിരുന്നു.
![]()
