റിയാദ്: സംസ്ഥാന സർക്കാറിന്റെ നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് പദ്ധതിയിൽ ചേരുവാനുള്ള സമയ പരിധി കൂട്ടണമെന്ന് റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു. പ്രവാസി കാര്യ വകുപ്പ് ചുമതല കൂടിയുള്ള മുഖ്യമന്ത്രി വി ഡി സതീശനും നോർക്ക റൂട്സ് എം ഡിക്കും ഇ മെയിൽ വഴിയാണ് ആവശ്യം ഉന്നയിച്ചത്. ഈ മാസം 18 ന് ഇൻഷുറൻസിൽ ചേരുവാനുള്ള സമയം കഴിയുകയാണ്. സംസ്ഥാന സർക്കാറിന്റെ ഈ പദ്ധതിയിൽ ധാരാളം പ്രവാസികൾ ഇതിനകം ചേർന്നിട്ടുണ്ട്. എന്നാൽ അതെല്ലാം പട്ടണങ്ങളിൽ ജീവിക്കുന്ന പ്രവാസികളാണ് ഭൂരിഭാഗവും ഉപയോഗപ്പെടുത്തിയിട്ടുള്ളത്. ഇന്റർനെറ്റ് സൗകര്യമില്ലാത്ത, ഗ്രാമ പ്രദേശങ്ങളിൽ താമസിക്കുന്ന പ്രവാസികൾക്കൊന്നും കുറഞ്ഞ സമയ പരിധി ആയത്കൊണ്ട് പദ്ധതിയിൽ ചേരുവാൻ സാധിച്ചിട്ടില്ല. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ചേരുവാനുള്ള സമയം കൂട്ടിനൽകണമെന്ന് കെഎംസിസി സർക്കാറിനോട് ആവശ്യപ്പെട്ടത്.
നിലവിൽ നോർക്ക കാർഡ് ഉള്ള, ഇപ്രാവശ്യം പല കാരണങ്ങൾ കൊണ്ട് നോർക്ക കെയർ, കെയർ പ്ലസ് പദ്ധതികളിൽ ചേരാൻ കഴിയാതെ പോയവർക്ക് അടുത്ത ക്യാമ്പയിൻ സമയത്ത് പദ്ധതിയിൽ ചേരാൻ നിലവിൽ വ്യവസ്ഥയില്ല. അത് പരിഹരിച്ച് നിലവിൽ ചേർന്നവർക്കും ചേരാത്തവർക്കുമെല്ലാം തുടർന്നുള്ള വർഷങ്ങളിൽ പദ്ധതിയിൽ ചേരാൻ അവസരം ഒരുക്കണം.
ഈ വർഷം പദ്ധതിയിൽ ചേരുകയും സാമ്പത്തിക പ്രയാസമോ മറ്റു കാരണങ്ങൾ കൊണ്ടോ അടുത്ത തവണ പുതുക്കാൻ സാധിക്കാത്തവർക്ക് പിന്നീട് പദ്ധതിയിൽ ചേരാൻ നിലവിൽ സാധ്യമല്ല. അതിന് സൗകര്യമൊരുക്കണം. നിലവിൽ കെയർ പ്ലസ് പദ്ധതിയിൽ ഏതെങ്കിലും ഒരു പ്ലാനിൽ ചേർന്ന ഒരാൾക്ക് വരും വർഷങ്ങളിൽ അവരുടെ പ്ലാൻ ഉയർത്താൻ നിലവിൽ സൗകര്യമില്ല. അത് പരിഹരിച്ച്, ആവശ്യമുള്ളവർക്ക് ഉയർന്ന പ്ലാനുകളിലേക്ക് മാറാനുള്ള അവസരം ഉണ്ടാക്കണം. നിലവിൽ കെയർ പ്ലസിൽ സ്വന്തം മാതാപിതാക്കളെ ഉൾപ്പെടുത്തിയ ഒരാൾക്ക് അടുത്ത തവണ പുതുക്കുമ്പോൾ സ്വന്തം മാതാപിതാക്കൾ കൂടാതെ ഭാര്യയുടെ/ഭർത്താവിന്റെ മാതാപിതാക്കളെ ചേർക്കാൻ നിലവിൽ സാധ്യമല്ല. അത് സാധ്യമാക്കുന്ന പ്ലാൻ ഉണ്ടാക്കുകയാ അല്ലെങ്കിൽ സ്വന്തം മാതാപിതാക്കൾ മരണപ്പെട്ടാൽ ഭാര്യയുടെ / ഭർത്താവിന്റെ മാതാപിതാക്കളെ ഉൾപെടുത്തുവാനുള്ള അവസരം നൽകണം തുടങ്ങിയ നിർദ്ദേശങ്ങൾ നിയമാവലിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യങ്ങൾ കമ്മിറ്റി സർക്കാറിന് മുമ്പിൽ സമർപ്പിച്ചു.
റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്ന് ആഴ്ചയായി ബത്ഹ കെഎംസിസി ഓഫീസിൽ നോർക്ക ഹെൽപ് പ്രവർത്തിച്ചുവരികയാണ്. ആയിരത്തിലധികം പ്രവാസികളാണ് ഇതിനകം നോർക്ക കാർഡ് എടുക്കുകയും ഇൻഷുറൻസ് പദ്ധതിയിൽ ചേരുകയും ചെയ്തിട്ടുണ്ടെന്ന് റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി അറിയിച്ചു. പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. യു പി മുസ്തഫ, ഷാഫി മാസ്റ്റർ തുവ്വൂർ, സത്താർ താമരത്ത്, ജലീൽ തിരൂർ, റഫീഖ് മഞ്ചേരി, ഷമീർ പറമ്പത്ത്, സിറാജ് മേടപ്പിൽ, നജീബ് നല്ലാങ്കണ്ടി, ഷംസു പെരുമ്പട്ട എന്നിവർ പ്രസംഗിച്ചു.
![]()
