റിയാദ്: പ്രവാസി കേരളീയർക്കായി നോർക്ക റൂട്ട്സ് നടപ്പിലാക്കുന്ന ആരോഗ്യ ഇൻഷുറൻസ്-സംരക്ഷണ പദ്ധതിയായ നോർക്ക കെയർ പ്ലസിൽ അംഗത്വം നേടുന്നതിനുള്ള കാലാവധി ഒരു മാസം കൂടി നീട്ടണമെന്നാവശ്യപ്പെട്ട് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി കേരള മുഖ്യമന്ത്രിക്ക് നിവേദനം നൽകി.
നിലവിൽ 2026 സെപ്റ്റംബർ 18 വരെയാണ് പദ്ധതിയിൽ എൻറോൾ ചെയ്യുന്നതിനുള്ള സമയപരിധി. ഈ കാലാവധി ഒരു മാസം കൂടി നീട്ടണമെന്നാവശ്യപ്പെട്ടാണ് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലിം കളക്കരയും ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളിയും മുഖ്യമന്ത്രിയും പ്രവാസി കേരളീയരുടെ കാര്യങ്ങളുടെ ചുമതലയുള്ള മന്ത്രിയുമായ വി.ഡി. സതീശന് ഇ-മെയിൽ മുഖേന നിവേദനം നൽകിയത്.
പദ്ധതിയിൽ ചേരാൻ പ്രവാസികൾക്കിടയിൽ വലിയ താൽപര്യമുണ്ടെങ്കിലും, അർഹരായ നിരവധി പ്രവാസികൾക്ക് ഇതുവരെ നോർക്ക ഐഡി കാർഡ് ലഭിച്ചിട്ടില്ലെന്നത് എൻറോൾമെന്റിന് പ്രധാന തടസ്സമാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. നോർക്ക കെയർ പ്ലസിൽ രജിസ്റ്റർ ചെയ്യുന്നതിന് ഐഡി കാർഡ് ആവശ്യമായതിനാൽ, ആദ്യം നോർക്ക ഐഡി നേടുകയും തുടർന്ന് ഇൻഷുറൻസ് പദ്ധതിയിൽ അംഗത്വം നേടുകയും ചെയ്യേണ്ട സാഹചര്യമാണ് പലർക്കുമുള്ളത്. ഈ നടപടികൾ പൂർത്തിയാക്കാൻ നിലവിലെ സമയപരിധി അപര്യാപ്തമാണെന്നും കമ്മിറ്റി വ്യക്തമാക്കി.
അടുത്തിടെ ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെയും മലപ്പുറം ജില്ലാ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ റിയാദിലെ ഒ.ഐ.സി.സി ഓഫീസ് ‘സബർമതി’യിൽ നോർക്ക കെയർ പ്ലസ് ഹെൽപ്പ് ഡെസ്ക് സംഘടിപ്പിച്ചിരുന്നു. പദ്ധതിയിൽ അംഗത്വം നേടാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനും പദ്ധതിയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് മറുപടി നൽകുന്നതിനുമായി പ്രത്യേക കൗണ്ടറുകളോടെയായിരുന്നു ഹെൽപ്പ് ഡെസ്ക്.
ഹെൽപ്പ് ഡെസ്കിന് പ്രവാസി സമൂഹത്തിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു. എന്നാൽ നോർക്ക ഐഡി കാർഡ് ഇല്ലാത്തതിനാൽ പദ്ധതിയിൽ ചേരാൻ താൽപര്യമുണ്ടായിരുന്ന നിരവധി പേർക്ക് എൻറോൾമെന്റ് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് കാലാവധി നീട്ടണമെന്ന ആവശ്യം ശക്തമാക്കിയത്.
വരും ആഴ്ചകളിൽ റിയാദിന്റെ വിവിധ ഭാഗങ്ങളിൽ നോർക്ക കെയർ പ്ലസ് എൻറോൾമെന്റ്, ബോധവൽക്കരണ ക്യാമ്പുകൾ സംഘടിപ്പിക്കാനും ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പദ്ധതിയിടുന്നുണ്ട്. കൂടുതൽ പ്രവാസികളിലേക്ക് പദ്ധതിയുടെ വിവരങ്ങൾ എത്തിക്കുകയും അർഹരായവരെ പദ്ധതിയിൽ അംഗങ്ങളാക്കുകയുമാണ് ലക്ഷ്യം. കാലാവധി ഒരു മാസം കൂടി നീട്ടുന്നത് ഈ പ്രവർത്തനങ്ങൾക്ക് കൂടുതൽ സഹായകരമാകുമെന്നും കമ്മിറ്റി വിലയിരുത്തുന്നു.
പ്രവാസി കേരളീയരുടെ ക്ഷേമം മുൻനിർത്തി നോർക്ക കെയർ പ്ലസ് പോലുള്ള പദ്ധതികളുടെ പ്രയോജനം പരമാവധി പ്രവാസികളിലേക്ക് എത്തിക്കേണ്ടതുണ്ടെന്നും, അതിനായി നിലവിലെ എൻറോൾമെന്റ് സമയപരിധി നീട്ടുന്നത് പരിഗണിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
പ്രവാസി കേരളീയരുടെ കാര്യങ്ങളുടെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രിയുടെ പ്രത്യേക പരിഗണന ഈ വിഷയത്തിൽ ഉണ്ടാകണമെന്നും, പ്രവാസി സമൂഹത്തിന്റെ വിശാലമായ താൽപര്യം മുൻനിർത്തി അനുകൂലമായ നടപടി സ്വീകരിക്കണമെന്നും ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി അഭ്യർത്ഥിച്ചു.
![]()
