തിരുവനന്തപുരം: നാലുദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു തിരുവനന്തപുരത്തെത്തി. വൈകിട്ട് 6.20 ഓടെയാണ് രാഷ്ട്രപതി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറും പത്നിയും മുഖ്യമന്ത്രി പിണറായി വിജയൻ, മേയർ ആര്യാ രാജേന്ദ്രൻ എന്നിവർ രാഷ്ട്രപതിയെ സ്വീകരിച്ചു. രാജ്ഭവനിലാണ് ഇന്ന് താമസം.
രാഷ്ട്രപതി നാളെ ശബരിമലയിൽ ദർശനം നടത്തും. രാവിലെ 10.20ന് നിലയ്ക്കൽ ഹെലിപ്പാഡിൽ എത്തുന്ന രാഷ്ട്രപതി അവിടെനിന്ന് റോഡ് മാർഗം പമ്പയിലേക്ക് തിരിക്കും. പമ്പാ സ്നാനത്തിനു പകരം കാൽകഴുകി ശുദ്ധി വരുത്തുന്നതിനായി ത്രിവേണി പാലത്തിനു സമീപം ജലസേചന വകുപ്പ് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. തുടർന്ന് പമ്പ ഗണപതികോവിലിൽ ഇരുമുടിക്കെട്ട് നിറച്ചശേഷം രാവിലെ 11.10ന് ഫോർ വീൽ ഡ്രൈവ് ഗൂർഖ എമർജൻസി വാഹനത്തിൽ ആറ് വാഹനങ്ങളുടെ അകമ്പടിയോടെ സന്നിധാനത്തേക്ക് പുറപ്പെടും. 11.50ന് സന്നിധാനത്ത് എത്തുന്ന രാഷ്ട്രപതി 12.20ന് പതിനെട്ടാംപടി കയറി അയ്യപ്പദർശനം നടത്തും. ഉച്ചപൂജ കണ്ടു തൊഴുതശേഷം ദേവസ്വം ഗെസ്റ്റ്ഹൗസിൽ വിശ്രമിക്കുന്ന രാഷ്ട്രപതി മൂന്നോടെ നിലയ്ക്കലിലേക്കു മടങ്ങുകയും 4.20ന് ഹെലികോപ്റ്റർ മാർഗം തിരുവനന്തപുരത്തേക്ക് തിരിക്കുകയും ചെയ്യും. ഗവർണർ രാജേന്ദ്ര ആർലേക്കറും പത്നി അനഘയും രാഷ്ട്രപതിയെ ശബരിമലയിലേക്ക് അനുഗമിക്കാൻ നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും സുരക്ഷാ കാരണങ്ങളാൽ അത് ഒഴിവാക്കി.
![]()
