കൊച്ചി: നടി ഹണിറോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യ അനുവദിക്കാമെന്ന് ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥൻ അവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്നും കേസന്വേഷണത്തോട് പൂർണമായും സഹകരിക്കണമെന്നും സമാനമായ കുറ്റകൃത്യം ആവർത്തിക്കരുതെന്നും കോടതി ഉത്തരവിൽ നിർദേശിച്ചു.50000 രൂപയും രണ്ടു പേരുടെ ആൾജാമ്യവുമാണ് നൽകിയത് .റിമാൻഡിൽക്കഴിയുന്ന പ്രതിയെ കസ്റ്റഡിയിൽ വേണ്ടെന്ന സർക്കാർ നിലപാട് കൂടി പരിഗണിച്ചാണ് ജാമ്യം. ബോബി ചെമ്മണ്ണൂർ നടത്തിയത് ദ്വയാർഥ പ്രയോഗമാണെന്ന് വിലയിരുത്തിയ കോടതി ഇത്തരം പരാമർശങ്ങൾ നടത്തുന്നവർക്കുളള താക്കീതാണ് പ്രോസിക്യൂഷൻ നടപടികളെന്നും നിരീക്ഷിച്ചു.
ബോബി ചെമ്മണ്ണൂരിന്റെ പ്രസ്താവനകളിൽ കടുത്ത വിയോജിപ്പാണ് ഹൈക്കോടതി രേഖപ്പെടുത്തിയത്. നടി ഹണി റോസിന്റെ പരാതിക്ക് ആധാരമായ ഉദ്ഘാടന പരിപാടിയുടെ വീഡീയോ ദൃശ്യങ്ങൾ പരിശോധിച്ച കോടതി ദ്വയാർഥ പ്രയോഗമല്ലാതെ മറ്റെന്താണിതെന്ന് ചോദിച്ചു. നടിയുടെ മാന്യത കൊണ്ടാണ് പൊതുമധ്യത്തിൽ അവരുടെ അനിഷ്ടം പ്രകടിപ്പിക്കാതിരുന്നത്. സ്വയം സെലിബ്രിറ്റിയായി കരുതുന്ന ഈ മനുഷ്യൻ എന്തിനാണ് ഇങ്ങനെയൊക്കെ പെരുമാറുന്നതെന്നും കോടതി ആരാഞ്ഞു.
![]()
