അക്കാദമിയുടെ നഷ്ടപരിഹാരം നൽകി തന്നെ ഒതുക്കുകയല്ല വേണ്ടതെന്നും സർക്കാരും സമൂഹവും കവികളോടുള്ള സമീപനത്തിൽ മാറ്റം വരുത്തണമെന്നും ചുള്ളിക്കാട് പറഞ്ഞു. പണമോ, അക്കാദമിയോ സച്ചിദാനന്ദൻ മാഷ് ആയിരുന്നില്ല തന്റെ ലക്ഷ്യമെന്നും കവികളോടുള്ള സർക്കാരിന്റെയും സമൂഹത്തിന്റെയും അവഗണനയും വിവേചനവും വെളിപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും ബാലചന്ദ്രന് ചുള്ളിക്കാട് സുഹൃത്തിനയച്ച സന്ദേശത്തിൽ പറയുന്നു.അദ്ദേഹത്തിന്റെ സുഹൃത്തായ ജയചന്ദ്രന് സിഐസിസി ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുറിപ്പിനോടൊപ്പം ചുള്ളിക്കാട് ജയചന്ദ്രനൊട് സംസാരിച്ച വാട്ട്സപ്പ് ചാറ്റും പങ്കുവച്ചിട്ടുണ്ട്.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
#ബാലചന്ദ്രൻചുള്ളിക്കാട് വീണ്ടും.
ഇന്ന് 2.45 ന് എനിക്ക് അയച്ച പോസ്റ്റ്. #അക്കാദമിയുടെ നഷ്ടപരിഹാരം എനിക്കു വേണ്ട.
#ബാലചന്ദ്രൻചുള്ളിക്കാട്
സാഹിത്യ അക്കാദമി എനിക്ക് നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിട്ടുണ്ട്. അതെനിക്കാവശ്യമില്ല.
കാരണം പണമോ സാഹിത്യ അക്കാദമിയോ സച്ചിദാനന്ദൻമാഷോ ഒന്നും ആയിരുന്നില്ല എന്റെ പ്രതിഷേധത്തിന്റെ ലക്ഷ്യം.
മിമിക്രിക്കാർക്കും പാട്ടുകാർക്കും നർത്തകർക്കും സീരിയൽ- സിനിമാതാരങ്ങൾക്കുമൊക്കെ പതിനായിരങ്ങളും ലക്ഷങ്ങളുമാണ് പരിപാടികൾക്കു പ്രതിഫലമായി സമൂഹം നൽകുന്നത്. സർക്കാരും സമൂഹവും ഞങ്ങളെപ്പോലുള്ള കവികളോടു കാണിക്കുന്ന അവഗണനയും വിവേചനവും എന്റെ അക്കാദമി അനുഭവത്തെ മുൻനിർത്തി
വെളിപ്പെടുത്തുകയായിരുന്നു എന്റെ ലക്ഷ്യം. എനിക്കു വ്യക്തിപരമായി നഷ്ടപരിഹാരം നൽകി പരിഹരിക്കാവുന്ന പ്രശ്നമല്ല അത്.
സാഹിത്യസമ്പർക്കത്തിന്റെ വിശാലമേഖലകൾ തുറക്കുന്ന അന്താരാഷ്ട്ര സാഹിത്യോൽസവത്തെയും പ്രിയകവി സച്ചിദാനന്ദൻ അടക്കമുള്ള അക്കാദമി ഭാരവാഹികളുടെ കഠിനപ്രയത്നത്തെയും ഞാൻ ആദരിക്കുന്നു.
സർക്കാരും സമൂഹവും ഞങ്ങൾ കവികളോടുള്ള സമീപനത്തിൽ മാറ്റം വരുത്തണം. അല്ലാതെ എനിക്കു നഷ്ടപരിഹാരം നൽകി എന്നെ ഒതുക്കുകയല്ല വേണ്ടത്.
![]()
