റിയാദ്: ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നു ഹജ്ജിനെത്തിയ അള്ളാഹുവിന്റെ അതിഥികളെ സേവിക്കാൻ സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നു സേവനത്തിനായി വോളന്റീർമ്മാർ പുണ്യ നഗരികളിൽ എത്തും. ഹജ്ജിന്റെ പ്രധാന ദിവസങ്ങളിലാണ് ഇവർ എത്തുക. റിയാദ്, ദമ്മാം, ജിദ്ദ, മദീന, തായ്ഫ് തുടങ്ങിയ വിവിധ ഭാഗങ്ങളിൽ നിന്നു നൂറ് കണക്കിന് സേവകരാണ് ഹജ്ജ് ദിനങ്ങളിൽ സേവനരംഗത്തു ഉണ്ടാവുക.
ഹജ്ജിന്റെ പ്രധാന ദിവസങ്ങളിൽ ഇവർ മിനയിലും പരിസര പ്രദേശങ്ങളിലും സേവന നിരതരായി ഉണ്ടാകും. മിനായിലെ തമ്പുകളിൽ നിന്നു ജംറയിലെക്ക് ഹാജിമാരെ എത്തിക്കുന്നതിലും വഴി തെറ്റിയ ഹാജിമാർക്ക് വഴികാട്ടിയും രോഗികളായ ഹാജിമാർക്ക് ശുശ്രുഷ സംവിധാനം ഒരുക്കിയും നടക്കാൻ പ്രയാസമുള്ളവരെ ജംറയിലേക്കും തിരിച്ചു തമ്പുകളിലേക്ക് വീൽച്ചയറിൽ സഹായിച്ചും ഇവർ പുണ്യ ദിനങ്ങളെ സേവന ദിനങ്ങളാക്കി മാറ്റും. ചുട്ടുപൊള്ളുന്ന ചൂടിൽ ഹാജിമാർക്ക് കുടകൾ നൽകിയും ചെരുപ്പ്, കുടിവെള്ളം, ചെറിയ ടൗവലുകൾ, വിഷറികൾ എന്നിവ നൽകിയും ഇവർ ഹാജിമ്മാരെ ചേർത്തുപിടിക്കും.
തമ്പുകളിൽ കഴിയുന്ന അവശരായ ഹാജിമാർക്ക് കഞ്ഞിയും മറ്റു ഭക്ഷണങ്ങൾ നൽകിയും അവരെ ആശുപത്രിയിൽ എത്തിച്ചും ഇവർ നിർവൃതി അടയും. ഹജ്ജിന്റെ അവസാന ദിവസങ്ങളിൽ ജംറയിലെ അവസാന കല്ലേർ കഴിഞ്ഞു മക്കയിലേക്ക് പോകുന്ന ഹാജിമാരുടെ ബാഗുകൾ ചുമന്നു ഇവർ ഹാജിമാരെ താമസസ്ഥലങ്ങളിൽ എത്തിക്കും. വർഷങ്ങളായി വിവിധ സംഘടനകളുടെ വോളന്റീർമാർ ഈ സേവന പ്രവർത്തനത്തിന് പുണ്യ നഗരികളിൽ എത്താറുണ്ട്. ഓരോ സംഘടനയും വ്യത്യസ്ത യൂണിഫോമുകളിൽ തങ്ങളുടെ സേവന പ്രവർത്തകരെ ഇവിടങ്ങളിൽ വിന്യസിക്കാറുണ്ട്. ഇതിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. ആയിരത്തോളം കിലോമീറ്ററും അതിനുമപ്പുറം ദൂരം താണ്ടിയാണ് അള്ളാഹുവിന്റെ അതിഥികളെ സേവിക്കാൻ ഇവർ എത്തുന്നത്.
ഇത്തവണ ഹജ്ജ് മന്ത്രാലയത്തിന്റെ അനുമതി ഇതിനകം പല സംഘടനകൾക്കും ലഭിച്ചു കഴിഞ്ഞു. വരും ദിവസങ്ങളിൽ പൂർണമായ അനുമതി ലഭിക്കുന്നത്തോടെ സംഗങ്ങളായി ഇവർ പുണ്യ നഗരിയിലേക്ക് തിരിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങും. പ്രത്യേക പരിശീലന ശേഷമാണ് ഇവർ മിനയിലും പരിസരപ്രദേശങ്ങളിലും വഴികാട്ടിയായി ഇറങ്ങുക. ഓരോ രാജ്യക്കാർ താമസിക്കുന്ന ഇടങ്ങൾ, ഓരോ രാജ്യത്തിന്റെയും ഹജ്ജ് ഗൈഡൻസ് ഓഫീസുകൾ, ടെൻറ്റുകളുടെ സ്ഥാനം, ആശുപത്രികൾ, പള്ളികൾ, പാലങ്ങൾ, ചെറുതും വലുതുമായ റോഡുകൾ, മിനയെയും ജംറയെയും ബന്ധിപ്പിക്കുന്ന മെട്രോ ട്രൈനുകളുടെ സ്റ്റേഷനുകൾ തുടങ്ങി എല്ലാം ഇവർ മുൻകൂട്ടി മനസ്സിലാക്കിയിട്ടുണ്ടാകും.
വർഷങ്ങളായി ഹജ്ജ് സേവന രംഗത്തുള്ളവരും ഇക്കൂട്ടത്തിൽ ഉണ്ട്. ഹജ്ജ് ക്യാമ്പുകളിൽ നിന്നു മിനയിലും ജംറയുടെ പരിസര പ്രദേശത്തും എത്തുന്ന ഇവർ ചെറിയ ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞാണ് സേവന രംഗത്ത് ഉണ്ടാവുക. ഇവരുടെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ഓരോ സംഘടനകളും ടീം ക്യാപ്റ്റൻമ്മാരെ നിയമിക്കാറുണ്ട്. ഹജ്ജ് മന്ത്രാലയത്തിന്റെ അനുമതിയുള്ള ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖകളും അനുമതി പത്രവും ഇവർ ഈ സമയങ്ങളിൽ കരുതാറുണ്ട്. സൗദി അറേബ്യയിൽ ഹജ്ജിനു സ്വകാര്യ സ്ഥാപനങ്ങൾ പോലും ഒരാഴ്ച നീണ്ടു നിൽക്കുന്ന അവധി നൽകുന്നതിനാൽ സേവന പ്രവർത്തനത്തിന് ഇറങ്ങുന്ന ഇവർ ജോലി സംബന്ധമായ പ്രയാസങ്ങൾ ഈ ദിവസങ്ങളിൽ നേരിടേണ്ടി വരുന്നില്ല.
ജീവിതത്തിൽ ലഭിക്കുന്ന അസുലഭ നിമിഷമായി ഇവർ ഇതിനെ കാണുന്നു. ലോകത്തിന്റെ വിവിധ കോണുകളിലേക്ക് ഹാജിമാർ ഹജ്ജ് കഴിഞ്ഞു പിരിയുമ്പോൾ ഇനി ഒരിക്കലും കാണാൻ കഴിയുമോ എന്ന് പോലും അറിയാത്ത അള്ളാഹുവിന്റെ അതിഥികൾക്ക് സേവനം ചെയ്തതിന്റെ ആത്മവിർവൃതിയിൽ ഇവർ പണിയിടങ്ങളിലേക്ക് മടങ്ങും. അടുത്തൊരു ഹജ്ജ് കാലത്തെ സേവനത്തെ സ്വപ്നം കണ്ട്.
![]()
