ലഖ്നൗ: 2023 ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ വിജയം സ്വന്തമാക്കി മുന്‍ ചാമ്പ്യന്മാരായ ശ്രീലങ്ക. നെതര്‍ലന്‍ഡ്സിനെ അഞ്ചുവിക്കറ്റിന് തകര്‍ത്താണ് ശ്രീലങ്ക വിജയമാഘോഷിച്ചത്. നെതര്‍ലന്‍ഡ്സ് ഉയര്‍ത്തിയ 263 റണ്‍സ് വിജയലക്ഷ്യം ശ്രീലങ്ക 48.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.
91 റണ്‍സെടുത്ത സദീര വിക്രമയാണ് ശ്രീലങ്കയുടെ വിജയശില്‍പ്പി. അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ പത്തും നിസ്സങ്കയും മികച്ച പ്രകടനം പുറത്തെടുത്തു. നെതര്‍ലന്‍ഡ്സ് ഉയര്‍ത്തിയ 263 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ശ്രീലങ്കയ്ക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിട്ടു. 52 റണ്‍സെടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. കുശാല്‍ പെരേരയും (5) കുശാല്‍ മെന്‍ഡിസും (11) പുറത്തായി. എന്നാല്‍ മൂന്നാം വിക്കറ്റിലൊന്നിച്ച നിസ്സങ്കയും സദീരയും ശ്രീലങ്കയെ രക്ഷിച്ചു. ഇരുവരും 77 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി. എന്നാല്‍ 52 പന്തില്‍ 54 റണ്‍സെടുത്ത നിസ്സങ്കയെ പുറത്താക്കി മീകെറെന്‍ കരുത്തുകാട്ടി. പക്ഷേ അഞ്ചാമനായി വന്ന ചരിത് അസലങ്ക സദീരയ്ക്ക് പിന്തുണ നല്‍കിയതോടെ ശ്രീലങ്ക വിജയപ്രതീക്ഷ നിലനിര്‍ത്തി. താരം 44 റണ്‍സെടുത്ത് പുറത്തായി.പിന്നാലെ വന്ന ധഞ്ജയ ഡി സില്‍വയെ കൂട്ടുപിടിച്ച് സദീര ടീമിനെ വിജയത്തിലേക്ക് നയിച്ചു. വിജയത്തിന് തൊട്ടുമുന്‍പ് 30 റണ്‍സെടുത്ത സില്‍വ പുറത്തായെങ്കിലും ശ്രീലങ്കന്‍ ക്യാമ്പില്‍ അപ്പോഴേക്കും ആഘോഷം തുടങ്ങിയിരുന്നു. സില്‍വയ്ക്ക് പകരം വന്ന ദുഷന്‍ ഹേമന്ത ഫോറടിച്ച് ടീമിന് വിജയം സമ്മാനിച്ചു. സദീര 107 പന്തുകളില്‍ നിന്ന് ഏഴ് ഫോറിന്റെ അകമ്പടിയോടെ 91 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. നെതര്‍ലന്‍ഡ്സിനായി ആര്യന് ദത്ത് മൂന്ന് വിക്കറ്റെടുത്തു.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഡച്ച് ടീം 49.4 ഓവറില്‍ 262 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. ഒരു ഘട്ടത്തില്‍ 21.2 ഓവറില്‍ 91 റണ്‍സിന് ആറ് വിക്കറ്റെന്ന നിലയില്‍ തകര്‍ന്ന ഡച്ച് ടീമിന് ഏഴാം വിക്കറ്റില്‍ ഒന്നിച്ച സൈബ്രാന്‍ഡ് ഏംഗല്‍ബ്രെക്റ്റ് – ലോഗന് വാന്‍ ബീക് സഖ്യമാണ് തുണയായത്. 130 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഈ സഖ്യം ടീമിനെ 200 കടത്തിയ ശേഷമാണ് പിരിഞ്ഞത്. 82 പന്തില്‍ നിന്ന് ഒരു സിക്സും നാല് ഫോറുമടക്കം 70 റണ്‍സെടുത്ത സൈബ്രാന്‍ഡാണ് ടീമിന്റെ ടോപ് സ്കോറര്‍.
75 പന്തുകള്‍ നേരിട്ട വാന്‍ ബീക് 59 റണ്‍സെടുത്തു. ക്ഷമയോടെ വിക്കറ്റ് ബാറ്റ് വീശിയാണ് ഇരുവരും സ്കോര്‍ ഉയര്‍ത്തിയത്. നാല് വിക്കറ്റ് വീതം വീഴ്ത്തിയ ദില്ഷന് മധുഷങ്കയും കസുന്‍ രജിതയും ലങ്കയ്ക്കായി ബൗളിങ്ങില്‍ തിളങ്ങി. വിക്രം ജിത് സിങ് (4), ബാസ് ഡി ലീഡ (6), തേജ നിദമനുരു (9) എന്നിവര്‍ നിരാശപ്പെടുത്തി. അക്കെര്മാന് (29), ക്യാപ്റ്റന്‍ സ്കോട്ട് എഡ്വാര്‍ഡ്സ് (16) എന്നിവരും കാര്യമായ സംഭാവനകളില്ലാതെ മടങ്ങിയതോടെയാണ് നെതര്‍ലന്‍ഡ്സ് ആറിന് 91 എന്ന നിലയിലേക്ക് വീണത്.
![]()
