ന്യൂഡൽഹി :പ്രതിപക്ഷ പാർട്ടികളുടെ ഐക്യസമ്മേളനം ജൂൺ 23ന് ബിഹാറിലെ പട്നയില്‍ നടക്കും. മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് തുടങ്ങിയവര്‍ പങ്കെടുക്കും.
ഈ മാസം 12ന് യോഗം ചേരാന്‍ തീരുമാനിച്ചിരുന്നെങ്കിലും കോണ്‍ഗ്രസും ഡി.എം.കെ.യും ഉള്‍പ്പെടെയുള്ള ചില പാര്‍ട്ടികള്‍ തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് മാറ്റിയത്. മിക്ക പ്രതിപക്ഷ പാര്‍ട്ടികളുടെയും മുന്‍നിരനേതാക്കള്‍ സമ്മേളനത്തിനെത്തുമെന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് അറിയിച്ചു.
രാഹുല്‍ഗാന്ധി വിദേശത്തായതിനാല്‍ 12ന്റെ സമ്മേളനം ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു
പ്രതിപക്ഷ നേതൃത്വത്തിന്റെ കേന്ദ്രസ്ഥാനത്ത് കോണ്‍ഗ്രസും രാഹുലും വരുന്നതിനോട് താത്പര്യമില്ലാത്ത തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി നിര്‍ദേശിച്ച പ്രകാരമാണ് നിതീഷ് 12ന് പട്നയില്‍ ഐക്യസമ്മേളനം വിളിച്ചത്.ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളും സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും ഇതിന് പിന്തുണനല്‍കി.
![]()
