തിരുവനന്തപുരം: കേരളത്തിലെ മരണാനന്തര അവയവദാന പദ്ധതിയുടെ നടത്തിപ്പും മേല്‍നോട്ടവും വഹിക്കുന്ന കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്റ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്റെ (കെ സോട്ടോ) ഔദ്യോഗിക വെബ്സൈറ്റ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പുറത്തിറക്കി. എന്‍ഐസി, സി-ഡിറ്റ് എന്നിവ മുഖേനയാണ് വെബ്സൈറ്റ് തയ്യാറാക്കിയത്.
അവയവദാനവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും ഒരു കേന്ദ്രീകൃത പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുന്നതിനായാണ് പുതിയ വെബ്സൈറ്റ് തയ്യാറാക്കിയതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അവയവദാന മേഖലയിലും അവയവമാറ്റ ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും സുതാര്യത ഉറപ്പുവരുത്താന്‍ ഈ വെബ്സൈറ്റ് സഹായിക്കും. അവയവദാനം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ഈ രംഗത്തെ കച്ചവട താത്ര്യങ്ങള്‍ അവസാനിപ്പിക്കുന്നതിനും സുതാര്യമാക്കാനും വേണ്ടിയാണ് ഈ സര്‍ക്കാരിന്റെ കാലത്ത് കെ സോട്ടോ ആരംഭിച്ചത്.
പുതിയ വെബ്സൈറ്റിലൂടെ സംസ്ഥാന തലത്തില്‍ കൃത്യമായി മോണിറ്റര്‍ ചെയ്യുന്നതിനും ഏകോപിപ്പിക്കാനും സാധിക്കും. അവയവ ദാനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് ആവശ്യമായ എല്ലാവിവരങ്ങളും ഈ ബെബ്സൈറ്റിലൂടെ ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു, കെ. സോട്ടോ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ് എന്നിവര്‍ പങ്കെടുത്തു
https://ksotto.kerala.gov.in/ എന്നതാണ് വെബ്സൈറ്റിന്റെ വിലാസം.
![]()
