ലഖ്നൗ: ലോകകപ്പ് മത്സരത്തില്‍ ശ്രീലങ്കക്കെതിരെ ഓസ്ട്രേലിയക്കു 5 വിക്കറ്റ് വിജയം . ശ്രീലങ്ക ഉയർത്തിയ 210 എന്ന താരതമ്യനെ ചെറിയ സ്കോർ ഓസ്ട്രേലിയ 35.2 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ കണ്ടെത്തി.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 43.3 ഓവറില്‍ 209 റണ്‍സിന് എല്ലാവരും പുറത്തായി.ഓപ്പണർമാർ നൽകിയ മികച്ച തുടക്കം പിന്നീട് വന്നവർക്ക് തുടരാൻ ആയില്ല .
പതും നിസ്സങ്ക – കുശാല്‍ പെരേര സഖ്യം 125 റൺസിന്റ ശക്തമായ കൂട്ടുകെട്ട് ഉണ്ടാക്കിയ ശേഷമാണ് ശ്രീലങ്ക തകർന്നടിഞ്ഞത്.
67 പന്തില്‍ നിന്ന് എട്ട് ബൗണ്ടറിയടക്കം 61 റണ്‍സെടുത്ത നിസ്സങ്കയെ പുറത്താക്കി പാറ്റ് കമ്മിന്‍സാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ 27-ാം ഓവറില്‍ കുശാല്‍ പെരേരയേയും കമ്മിന്‍സ് മടക്കിയതോടെ ലങ്കയുടെ തകര്‍ച്ചയും തുടങ്ങി. 82 പന്തില്‍ നിന്ന് 12 ബൗണ്ടറിയടക്കം 78 റണ്‍സെടുത്ത പെരേരയാണ് ലങ്കയുടെ ടോപ് സ്കോറര്‍. ഇവരെ കൂടാതെ 25 റണ്‍സെടുത്ത ചരിത് അസലങ്ക മാത്രമാണ് ലങ്കന്‍ നിരയില്‍ രണ്ടക്കം കടന്ന താരം.ക്യാപ്റ്റന്‍ കുശാല്‍ മെന്‍ഡിസ് (9), സദീര സമരവിക്രമ (8), ധനഞ്ജയ ഡിസില്‍വ (7) എന്നിവരെല്ലാം വന്നപാടേ മടങ്ങിയതോടെ ലങ്ക തീര്‍ത്തും പ്രതിസന്ധിയിലായി.ദുനിത് വെല്ലാലഗെ (2), ചമിക കരുണരത്നെ (2), മഹീഷ് തീക്ഷണ (0), ലഹിരു കുമാര (4) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.
നാല് വിക്കറ്റ് വീഴ്ത്തിയ ആദം സാംപയാണ് ലങ്കയുടെ മധ്യനിര തകര്‍ത്തത്. മിച്ചല്‍ സ്റ്റാര്‍ക്കും കമ്മിന്‍സും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയുടെ തുടക്കവും തകർച്ചയോടെ ആയിരുന്നു. ഓപ്പണർ ഡേവിഡ് വാർണറും സ്റ്റീവ് സ്മിത്തും പെട്ടെന്ന് മടങ്ങിയെങ്കിലും അർദ്ധ സെഞ്ചുറി നേടിയ മിച്ചൽ മാർഷും(52) ജോഷ് ഇന്ഗ്ലീസും (58) 40 റൺസ് എടുത്ത ലാബുഷനെയും പുറത്താകാതെ 31 റൺസ് നേടിയ മാക്സ്വെല്ലും 20 റൺസ് നേടിയ സ്റ്റോയ്നിസും ചേർന്നാണ് ഇല്ലാതെ ഓസ്ട്രേലിയയെ വിജയിപ്പിച്ചത്. ഡേവിഡ് വാർണ്ണർ 11 റൺസിനും സ്റ്റീവ് സ്മിത്ത് പൂജ്യത്തിനും നേരത്തെ പുറത്തായി.
ശ്രീലങ്കക്കുവേണ്ടി മധുഷണക 3 വിക്കറ്റും വെല്ലലകെ 1 വിക്കറ്റും നേടി.
ഓസ്ട്രേലിയയുടെ ഈ ലോകകപ്പിലെ ആദ്യ വിജയം കൂടിയാണിത്. ശ്രീലങ്കയുടെ തുടർച്ചയായ മൂന്നാമത്തെ തോൽവിയും. വെള്ളിയാഴ്ച ഓസ്ട്രേലിയ അടുത്ത മത്സരത്തിൽ പാകിസ്താനെയും ശനിയാഴ്ച ശ്രീലങ്ക നെതർലാൻഡ്സ്നെയും നേരിടും.
![]()
