പുനർജ്ജനി- ഡോ.പദ്മകുമാർ ക്ലാപ്പന
ചൂണ്ടുവിരലും നടുവിരലും കൊണ്ട്
ഞാനെൻ്റെ നെഞ്ചിൽ തൊട്ടു നോക്കി .
ഇല്ല, മിടിക്കുന്നതേയില്ല.
അപ്പോൾ മരി ച്ചു പോയിരിക്കുന്നു.
വാരിയെല്ലിൻ്റെ കിളിക്കൂട്ടിലെ
തൂവൽപ്പുതപ്പിൽ തണുപ്പ് പടരുന്നതറിഞ്ഞു.
ജീവിതത്തിന് ഇവിടെ പൂർണ്ണവിരാമം .
ഞാനെൻ്റെ ജഡം താങ്ങിയെടുത്ത്
താഴെ പുല്ലുകൾക്കു മേലേ കിടത്തി .
അടുത്തെത്തി ഉമ്മ തരും പോലെ
മണത്തു നോക്കിയിട്ട് ചെവിയിലേക്കു
കയറിയത് ഒരു കൂനനുറുമ്പാണ്.
ആർത്തലച്ചെത്തിയ മരണത്തിൻ്റെ
പെരുമ്പറ ചെവിയിൽ മുഴങ്ങി നിശ്ചലമായി .
ഭൂമിയുടെ ഭാരം മുഴുവൻ തലയിലേറ്റിയ പ്രതീതി .
എനിക്ക് നിലവിളിക്കണമെന്നു തോന്നി .
പക്ഷെ അപ്പോഴാണോർമ്മ വന്നത്,
ഞാൻ മരിച്ചു പോയല്ലോ .
കാൽ വണ്ണയിലെ മാംസത്തിൽ
ആരോ കടിച്ചു വലിക്കുന്നു.
മണം പിടിച്ചെത്തിയ വേട്ടനായയാണ്.
യന്ത്രക്കൈകളാൽ മാന്തുന്ന വേദന.
കാൽ കുടഞ്ഞു വലിക്കണമെന്നു തോന്നി .
പക്ഷെ അപ്പോഴാണോർമ്മ വന്നത്,
ഞാൻ മരിച്ചു പോയല്ലോ .
ചൂട് മെല്ലെ വിട്ടകന്ന ചുണ്ടിൽ
ചൂണ്ടക്കൊളുത്ത് ഉടക്കി വലിക്കുന്ന നൊമ്പരം .
വിശന്നു പൊരിഞ്ഞ ഏതോ രാക്കഴുകൻ
അധരം നുണഞ്ഞു വിഴുങ്ങുന്നു.
വായ തുറന്ന് കടിക്കണമെന്നു തോന്നി .
പക്ഷെ അപ്പോഴാണോർമ്മ വന്നത്,
ഞാൻ മരിച്ചു പോയല്ലോ .
ഒടുവിൽ നിലാമഴ പെയ്തൊടുങ്ങിയ
രാവിൻ്റെ മൂന്നാം യാമത്തിൽ
ഞാൻ എന്നെത്തന്നെ ഭൂമിദാനം ചെയ്തു,
മൂന്നാം നാൾ ഞായറാഴ്ച
രക്ഷകനായി പുനർജ്ജനിക്കാൻ
![]()
