കോട്ടയം :മുഖ്യമന്ത്രി പിണറായി വിജയനെയും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെയും വിമർശിച്ച് ഫാ.ജോസഫ് പുത്തൻപുരയ്ക്കൽ. വേദിയിൽ സംസാരിച്ചുകൊണ്ടിരിക്കവെ മൈക്കിന് സാങ്കേതികപ്രശ്നങ്ങൾ വന്നതിനേത്തുടർന്നുള്ള ഇരുവരുടെയും പ്രതികരണത്തെ സൂചിപ്പിച്ചായിരുന്നു വിമർശനം. മൈക്ക് കൂവിയാൽ ലൈറ്റ് ആന്റ് സൗണ്ട് ഓപ്പറേറ്ററെ ചീത്തവിളിക്കുന്നത് സംസ്കാരമില്ലാത്തവന്റെ രീതിയാണെന്നായിരുന്നു ഫാ. ജോസഫ് പുത്തൻപുരയ്ക്കലിന്റെ പരാമർശം. പാലായിലെ ലൈറ്റ് ആന്റ് സൗണ്ട് വെൽഫെയർ അസോസിയേഷന്റെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരു മൈക്ക് ഓപ്പറേറ്റർ വെറുതേ ഉഴപ്പി, സ്റ്റേജിലെ പരിപാടി കളയണമെന്ന് ആഗ്രഹിക്കുന്നവരല്ല. എത്ര സഹിച്ചായാലും ലൈറ്റും സൗണ്ടും തരുന്നവർ ഒരു പരിപാടി ഭംഗിയാക്കാൻ ശ്രദ്ധിക്കും. ഒരുപക്ഷേ വിവരമില്ലാത്ത ചില ആൾക്കാരുണ്ട്, അല്പം മൈക്ക് കൂവിയാൽ അവനെ തെറിവിളിക്കുക, അത് സംസ്കാരമില്ലാത്തവന്റെ രീതിയാണ്. അത് ഏത് മുഖ്യമന്ത്രിയായാലും ആരാണെങ്കിലും ഒരിക്കലും ശരിയല്ല. അത് അന്തസില്ലായ്മയും പഠനമില്ലായ്മയും വളർന്നുവന്ന പശ്ചാത്തലവുമാണ് സൂചിപ്പിക്കുന്നത്. അത് പാർട്ടി സെക്രട്ടറി ക്ഷോഭിച്ചതും മുഖ്യമന്ത്രി ക്ഷോഭിച്ചതും. കേരളത്തിലെ വിലയില്ലാത്ത മനുഷ്യരായി മാറിയില്ലേ ഇവർ. ഏതെങ്കിലും മൈക്ക് ഓപ്പറേറ്റർ പ്രധാനപ്പെട്ട മനുഷ്യന്റെ ശബ്ദവും വെളിച്ചവും തകർക്കുമോ?’ എന്നായിരുന്നു ഫാ.ജോസഫ് പുത്തൻപുരയ്ക്കലിന്റെ പരാമർശം
![]()
