വയനാട്: വയനാട് കമ്പമലയ്ക്ക് അടുത്ത് വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. തവിഞ്ഞാല്‍ വെളിയത്ത് ജോണിയുടെ വീട്ടിലാണ് മാവോയിസ്റ്റുകളെത്തിയത്. സിപി മൊയ്തീന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ഇന്നലെ എത്തിയതെന്നാണ് വീട്ടുടമസ്ഥൻ പറഞ്ഞത്. നാല് നാടന്‍ തോക്കുകളും രണ്ട് യന്ത്രത്തോക്കുകളും ഇവരുടെ കൈവശം ഉണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസങ്ങളിലും വയനാട്ടില്‍ മാവോയിസ്റ്റ് സംഘമെത്തിയിരുന്നു. തലപ്പുഴയില്‍ ആറംഗ മാവോയിസ്റ്റ് സംഘമാണെത്തിയത്. കെഎഫ്ഡിസിയുടെ ഓഫിസ് അടിച്ചു തകര്‍ത്തിട്ടാണ് സംഘം ഇവിടെ നിന്ന് മടങ്ങിയത്. തലപ്പുഴ കമ്പമലയിലായിരുന്നു സംഭവം.
യൂണിഫോം ധരിച്ചെത്തിയ സംഘം വനവികസന സമിതിയുടെ ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയും, മുദ്രവാക്യം വിളിച്ചുകൊണ്ട് ഓഫീസിനുള്ളിലെ കമ്പ്യൂട്ടറുകളും അടിച്ചുതകര്‍ക്കുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് തണ്ടര്‍ബോള്‍ട്ട് സംഘവും ഉന്നത പോലീസ് ഉദ്യോഗസ്ഥരും കമ്പമലയില്‍ എത്തി പരിശോധന നടത്തിയിരുന്നു.
ആദിവാസികളോടുള്ള ചൂഷണം അവസാനിപ്പിക്കുക, തോട്ടം തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്തുക, തോട്ടം തൊഴിലാളികളുടെ കൂരകൾ മാറ്റി വാസയോഗ്യമായ വീടുകൾ നിർമിച്ച് നൽകുക, വേതനം മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച പോസ്റ്ററുകളാണ് പതിച്ചിരിക്കുന്നത്.
![]()
