ലാഹോർ :ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ ആദ്യ ജയം പാകിസ്താന്. ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിനാണ് പാകിസ്താന് തകര്‍ത്തത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 194 റണ്‍സ് വിജയലക്ഷ്യം 39.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ പാകിസ്താന് പൂര്‍ത്തിയാക്കി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 38. ഓവറിൽ 193 റണ്‍സിന് എല്ലാവരും പുറത്തായി .അർദ്ധസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്, മുഷ്ഫിഖുര്‍ റഹീം എന്നിവരൊഴികെയുള്ള ബാറ്റ്സ്മാന്മാർ നിരാശപ്പെടുത്തിയ മത്സരത്തില്‍ 25 പന്തില്‍ നിന്ന് 20 റണ്‍സെടുത്ത ഓപ്പണര്‍ മുഹമ്മദ് നയിമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയ മറ്റൊരു താരം. മെഹ്ദി ഹസന് (0), ലിറ്റണ്‍ ദാസ് (16), തൗഹിദ് ഹൃദോയ് (2) എന്നിവര്‍ പരാജയമായി.
ആറ് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ഹാരിസ് റൗഫാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. നസീം ഷാ മൂന്ന് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ പാകിസ്ഥാൻ ബാറ്റ്സ്മാൻമാരായ അര്‍ധ സെഞ്ചുറി നേടിയ ഇമാം ഉള് ഹഖ്, മുഹമ്മദ് റിസ്വാന് എന്നിവരുടെ ഇന്നിങ്സുകളാണ് പാക് ജയം എളുപ്പമാക്കിയത്. 84 പന്തുകള്‍ നേരിട്ട് നാല് സിക്സും അഞ്ച് ഫോറുമടക്കം 78 റണ്‍സെടുത്ത ഇമാമാണ് പാക് നിരയിലെ ടോപ് സ്കോറര്‍. 79 പന്തുകള്‍ നേരിട്ട റിസ്വാന് ഒരു സിക്സും ഏഴ് ഫോറുമടക്കം 63 റണ്‍സോടെ പുറത്താകാതെ നിന്നു.ഫഖര്‍ സമാന് (20), ക്യാപ്റ്റന്‍ ബാബര്‍ അസം (17) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. അഗ സല്മാന് 12 റണ്‍സോടെ പുറത്താകാതെ നിന്നു.
![]()
