ആലപ്പുഴ :മാത്യു കുഴൽനാടൻ എംഎൽഎയ്ക്ക് മറുപടിയുമായി മുൻ ധനമന്ത്രി തോമസ് ഐസക്ക്. കുഴൽനാടന്റെ കണക്ക് പരിശോധിക്കാനില്ലെന്ന് ഫേസ്ബുക്ക് കുറിപ്പ്. താൻ പഠിച്ചത് അക്കൗണ്ടൻസിയല്ല ധനശാസ്ത്രമാണെന്നും സദയം ക്ഷമിക്കണമെന്നും തോമസ് ഐസക്ക്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഒരു വക്കീലും ഇങ്ങനെ കേസുവാദിച്ച് സ്വയം തോൽപ്പിച്ചിട്ടുണ്ടാവില്ല, ബാംഗ്ലൂരിൽ വീണാ വിജയൻ എക്സാലോജിക് എന്ന ഐടി കമ്പനി നടത്തുന്നു. ഈ കമ്പനിയും വീണയും CMRL കമ്പനിയുമായി കൺസൾട്ടൻസി സർവ്വീസിനുള്ള കരാറിൽ ഒപ്പിടുന്നു. അതിന്റെ ഭാഗമായി CMRL മാസംതോറും നൽകുന്ന കൺസൾട്ടൻസി/മെയിന്റനൻസ് സർവ്വീസ് ഫീ മാസപ്പടിയാണെന്ന നരേറ്റീവ് മനോരമ സൃഷ്ടിക്കുന്നു. ഇത് ആവർത്തിച്ച് ഉറപ്പിച്ച് പൊതുബാധ്യമാക്കാനുള്ള തത്രപ്പാടിലായിരുന്നു യുഡിഎഫ്. അപ്പോഴാണ് കുഴൽനാടന്റെ പത്രസമ്മേളനം.
അദ്ദേഹം പുതിയൊരാക്ഷേപം ഉന്നയിക്കുന്നു. വീണയുടെ കമ്പനി ജി.എസ്.ടി അടച്ചിട്ടില്ല. അവർ സർവ്വീസ് സപ്ലൈയർ ആണ്. അതുകൊണ്ട് നികുതി അടയ്ക്കണം. ഒട്ടും നികുതി അടച്ചിട്ടില്ലായെന്നു കുഴൽനാടനും വാദമില്ല. മുഴുവൻ നികുതിയു അടച്ചിട്ടില്ലായെന്നാണ് ആക്ഷേപം. നികുതി വെട്ടിപ്പ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രിക്ക് പരാതി നൽകുകയും ചെയ്തു. അപ്പോൾ കുഴൽനാടനും സമ്മതിച്ചിരിക്കുന്നു എക്സാലോജിക് കമ്പനിക്കു ലഭിച്ച തുക സേവനങ്ങൾക്കുള്ള പ്രതിഫലമാണെന്ന്. അതിനു സർവ്വീസ് ടാക്സ് അല്ലെങ്കിൽ ജി.എസ്.ടി നൽകിയേ തീരൂ. ഇതോടെ മാസപ്പടി വിവാദത്തിനു തിരശ്ശീല വീണിരിക്കുകയാണ്. കുഴൽനാടനോ ആരാധകരോ ഇനി മാസപ്പടിയെന്നു വിളിക്കരുത്. അക്കഥ തീർന്നു.
ഇനിയുള്ളത് ജി.എസ്.ടി നികുതി അടച്ചോയെന്നുള്ളതാണ്. അതിനാദ്യം വേണ്ടത് ജി.എസ്.ടി രജിസ്ട്രേഷനാണ്. വീണക്കും കമ്പനിക്കും പ്രത്യേകം ജി.എസ്.ടി രജിസ്ട്രേഷൻ ഉണ്ട്. രണ്ട് രജിസ്ട്രേഷനിൽ നിന്നും നികുതി അടച്ചിട്ടുണ്ടാകാം. ഇനി വേണ്ടത് പൂർണ്ണനികുതി അടച്ചിട്ടുണ്ടോയെന്ന് റീ അസസ് ചെയ്യേണമെന്നതാണ്. അതു വകുപ്പ് പരിശോധിച്ച് വ്യക്തത വരുത്തും. അതിനു നടപടി ക്രമങ്ങളുണ്ട്. പക്ഷേ, ഇതിലെന്ത് അഴിമതി? നികുതി അടച്ചിട്ടുണ്ടെങ്കിൽ മാപ്പ് പറയാനുള്ള മര്യാദ കുഴൽനാടൻ കാണിക്കണം.
![]()
