റിയാദ്:രാജ്യത്തിന്റെ ഭരണഘടനാ തത്വങ്ങളും ഫെഡറൽ സംവിധാനങ്ങളും തകർക്കുന്ന കാലത്തെ സ്വാതന്ത്ര്യ ദിനമാണ് നാം ആഘോഷിക്കുന്നതെന്നും ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങൾ മാത്രമല്ല, രാജ്യത്തെ തന്നെയും സംരക്ഷിക്കുവാൻ തെരുവുകൾ ശബ്ദമുഖരിതമാവണമെന്നും പ്രവാസി വെൽഫെയർ സംഘടിപ്പിച്ച ചർച്ചാസംഗമം അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ബത്ഹ ‘അപ്പോളോ ഡിമറോ’ ഹോട്ടലിൽ വെച്ച് നടന്ന ‘ജനാധിപത്യ ഇന്ത്യ: പ്രതീക്ഷകൾ വെല്ലുവിളികൾ’ എന്ന ചർച്ചാ സംഗമത്തിൽ ജനറൽ സെക്രട്ടറി ബാരീഷ് ചെമ്പകശ്ശേരി അധ്യക്ഷത വഹിച്ചു. പ്രവാസി നാഷണൽ പ്രസിഡന്റ് സാജു ജോർജ് സംഗമം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഷഹനാസ് സാഹിൽ വിഷയമവതരിപ്പിച്ചു.
‘ഇന്ത്യൻ ജനാധിപത്യം ‘തെരഞ്ഞെടുക്കപ്പെട്ട സ്വേഛാധിപത്യ’മായി തരം താണിരിക്കുന്നുവെന്നും ചരിത്രത്തെ ഭയപ്പെടുന്നവരാണ് ഫാഷിസ്റ്റുകൽ. പാഠപുസ്തകങ്ങൾ തൊട്ട് ലൈബ്രറികളിൽ വരെ ഇതിന്റെ പ്രതിഫലനങ്ങളാണ് നടക്കുന്നതെന്നും ഷഹനാസ് പറഞ്ഞു. മാധ്യമ പ്രവർത്തകരായ ജയൻ കൊടുങ്ങല്ലൂർ, നജീം കൊച്ചുകലുങ്ക്, പ്രവാസി നാഷണൽ കമ്മറ്റിയംഗം സലീം മാഹി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഭൂരിപക്ഷ ജാതീയത ഇളക്കി വിട്ട് അധികാരത്തിലെത്താനുള്ള തന്ത്രമാണ് ബി.ജെ.പി വീണ്ടും പയറ്റുന്നതെന്നും ‘ഇൻഡ്യ’യെന്ന പ്രതിപക്ഷ മുന്നണിയും രാഹുൽ ഗാന്ധിയുടെ ‘ഭാരത് ജോഡോ’ യാത്രയും നേരിയ പ്രതീക്ഷയാണെന്നും ജയൻ കൊടുങ്ങല്ലൂർ പറഞ്ഞു. ‘രാജ്യം നേരിടുന്ന പ്രതിസന്ധിയുടെ ആഴം വലുതാണെന്നും മണിപ്പൂർ, ഹരിയാന കലാപങ്ങളുടെ മറവിൽ ചർച്ചകൾ കൂടാതെ ബില്ലുകൾ ചുട്ടെടുത്ത് ഹിന്ദുത്വ അജണ്ട എളുപ്പത്തിൽ പൂർത്തീകരിക്കുവാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാരെ’ന്നും മാധ്യമം ബ്യുറോ ചിഫ് നജീം കൊച്ചുകലുങ്ക് പറഞ്ഞു. ശമീം ആലുവ ‘ചൂണ്ടുവിരത്തല പന്തങ്ങൾ’ എന്ന കവിത ആലപിച്ചു. സി.സി അംഗങ്ങളായ അഷ്റഫ് കൊടിഞ്ഞി സ്വാഗതവും ശിഹാബ് കുണ്ടൂർ നന്ദിയും പറഞ്ഞു. അഫ്സൽ ഹുസൈൻ, അഷ്കറലി മാസ്റ്റർ, ഫൈസൽ കൊല്ലം, ഇസ്ഹാഖ് ഇബ്രാഹിം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
![]()
