സോഷ്യൽ മീഡിയ – ദുർവിനിയോഗമോ.. ഉപഭോക്താക്കളോട് സ്നേഹപൂർവ്വം
അബ്ദുറസാഖ് സ്വലാഹി, റിയാദ്
സോഷ്യൽ മീഡിയ – ദുർ വിനിയോഗം ശീലമാക്കിയവരും മുഴുസമയവും അതിൽ മുഴുകിയവരുമാണെങ്കിൽ നമുക്ക് ഈ സംഭവം ഒരു വലിയ ഗുണപാഠമായേക്കാം…
ചീത്തയായ ചിത്രങ്ങളും വീഡിയോകളും പരതുകയും അതിൽ ആസ്വാദനം കണ്ടെത്തുന്ന ജ്വരം ബാധിച്ചവരുമാണെന്നു കരുതുക, എങ്കിൽ നമുക്ക് ഈ സംഭവത്തിൽ നിന്ന് ചില പാഠങ്ങളുണ്ടെന്ന് ഓർക്കുക.
പൂർവ്വ സൂരികളിൽ പ്രധാനിയായ ഇബ്റാഹീം ബ്ന് അദ്ഹം എന്ന ഗുരുവിൻറെ സന്നിദ്ധിയിൽ ഒരാൾ വന്ന് ഇപ്രകാരം പറഞ്ഞു.
“ബഹുവന്ദ്യരേ, ഞാൻ ധാരാളം അധർമ്മം പ്രവർച്ചിച്ചിരിക്കുന്നു. എന്താ ണ് പരിഹാരം എന്ന് ഉപദേശിച്ചാലും… എൻറെ മനസ്സു സംസ്കരിച്ച്, അതിനെ വിമലീകരിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു.- അങ്ങ് എന്നെ സഹായിച്ചാലും.”
അപ്പോൾ അദ്ദേഹം ഇപ്രകാരം മറുപടി പറഞ്ഞു. “ഞാൻ നിനക്ക് ആറു കാര്യങ്ങൾ നിർദ്ദേശിക്കാം.അവ നീ പാലിച്ചു ജീവിക്കുവാൻ ശ്രമിക്കണം. എന്നാൽ നിൻറെ പൂർവ്വ കാലം ഓർത്ത് നീ പ്രയാസപ്പെടേണ്ടി വരില്ല“
ശിഷ്യൻ : എന്താണ് ആ ഉപദേശങ്ങളെന്ന് അറിയിച്ചാലും.
ഗുരു : നിന്നെ സൃഷ്ടിച്ച നിൻറെ രക്ഷിതാവിനോട് നീ ധിക്കാരം കാണിക്കുന്നവനാണെങ്കിൽ അവൻ നൽകുന്ന ഭക്ഷണം നീ കഴിക്കാൻ പാടില്ല.
ശിഷ്യൻ : കടലിലും കരയിലും മാത്രമല്ല, നാട്ടിലും കാട്ടിലും ഭൂതലം മുഴുക്കെ നൽകപ്പെടുന്ന ഭക്ഷണം അവൻറേതല്ലേ. അങ്ങിനെ ആകുമ്പോൾ ഞാൻ എവിടുന്നാണ് ഭക്ഷിക്കുക.
ഗുരു : എങ്കിൽ നീ ഓർക്കുക, നിൻറെ സൃഷ്ടാവ് തരുന്ന അന്നം തിന്ന് അവന് ഇഷ്ടമില്ലാത്ത കാര്യം പ്രവർത്തിക്കുന്ന നീ ചെയ്യുന്നത് നല്ലതാണെന്ന് നീ വിചാരിക്കുന്നുണ്ടോ.?
ശിഷ്യൻ : ഒരിക്കലും അത് ശരിയല്ല. അടുത്ത ഉപദേശം എന്താണ്. ?
ഗുരു : നിൻറെ സൃഷ്ടാവിന് വെറുപ്പുള്ള കാര്യം പ്രവർത്തിക്കുന്ന നീ, അവൻ വാസയോഗ്യമാക്കി തന്ന അവൻറെ ഭൂമിയിൽ താമസിക്കാൻ പാടില്ല.
ശിഷ്യൻ : അല്ലയോ ഗുരോ, ഇത് ആദ്യം പറഞ്ഞതിനേക്കാൾ പ്രയാസകരമാണ്. പിന്നെ ഞാൻ എവിടെ പോയിട്ടാണ് താമിസിക്കുക. ?!
ഗുരു : നിൻറെ രക്ഷിതാവ് നിനക്ക് കനിഞ്ഞേകിയ ഭക്ഷണം കഴിച്ച്, അവൻ സൌകര്യം ചെയ്ത വായു ശ്വസിച്ച്, അവൻറെ ഭൂമിയിൽ ധിക്കാരിയായി ജീവിക്കുന്നത് നല്ലകാര്യമാണോ…എന്ന് നീ ഒന്ന് ചിന്തിച്ചു നോക്കുക.
ശിഷ്യൻ : ഒരിക്കലും നല്ല കാര്യമല്ലേ അല്ല, അടുത്ത ഉപദേശം കൂടി തന്നാലും.. ?
ഗുരു : നീ തെറ്റു ചെയ്യാൻ ഇരിക്കുമ്പോൾ നിൻറെ സൃഷ്ടാവ് കാണുന്ന രീതിയിൽ തെറ്റു ചെയ്യാതിരിക്കണം.
ഗുരു : പ്രിയപ്പെട്ട ഗുരോ.. ഇതെൻറെ മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കു ന്നു. ഒരിക്കലും സാധ്യമല്ലല്ലോ…. അവൻ എല്ലാ രഹസ്യവും പരസ്യവും അറിയുന്നവനല്ലേ.. എൻറെ മനസ്സിൻറെ അകത്തളത്തിലെ ചിന്തകൾ പോലും അറിയുന്നവനല്ലേ… ?
ഗുരു : നിൻറെ രക്ഷിതാവ് നിനക്ക് കനിഞ്ഞേകിയ ഭക്ഷണം കഴിച്ച്, അവൻ സൌകര്യം ചെയ്ത വായു ശ്വസിച്ച്, അവൻറെ ഭൂമിയിൽ ജീവിക്കുന്ന നീ, അവൻ കാണുന്ന രൂപത്തിൽ തെറ്റുകൾ ചെയ്യുന്നത് നല്ല കാര്യമാണോ… എന്ന് നീ ഒന്ന് ചിന്തിച്ചു നോക്കുക.
ശിഷ്യൻ : ഒരിക്കലും ശരിയല്ലേ അല്ല എന്ന് ഞാൻ സമ്മതിക്കുന്നു, അടുത്ത ഉപദേശം കൂടി തന്നാലും.. ?
ഗുരു : നിൻറെ ആത്മാവ് പിടിക്കാൻ, മരണ ദൂതൻ വരുമ്പോൾ “അരുത്,,, ഇപ്പോൾ അരുത്..ഒരൽപ്പം കഴിയട്ടെ,,, ഞാൻ ഒന്ന് മനസ്തപിക്കട്ടേ….” എന്ന് നീ പറയണം.
ശിഷ്യൻ : അത് കേട്ടപ്പോഴേക്ക്, വിഭ്രാന്തിയോടെ–”അതൊരിക്കലും സ്വീകരിക്കപ്പെടില്ലല്ലോ ഗുരോ…” എന്നാണ് കരഞ്ഞു കൊണ്ട് മറുപടിപറഞ്ഞു.
ഗുരു : അതെ, അതാണ് സത്യം. നീ പറഞ്ഞ പോലെ ആ മരണ ദൂതൻ നിന്നെ അനുസരിക്കില്ല, നിനക്ക് മനസ്താപം നടത്താൻ സമയം പിന്തിപ്പിക്കുകയുമില്ല. ഈ സത്യം എപ്പോഴും മറക്കാതെ നിൻറെ മനസ്സിലുണ്ടാവട്ടെ.
ശിഷ്യൻ : അല്ലയോ ഗുരോ…ബാക്കിയുള്ള രണ്ടു ഉപദേശം കൂടി എത്രയും വേഗത്തിൽ തന്നാലും….
ഗുരു: മുൻകറും, നകീറും വന്ന് നിന്നെ വിചാരണ ചെയ്യുമ്പോൾ പരമാവതി അവരോട് നീ എതിർക്കുകയും വാഗ്വാദം നടത്തി വിജയിക്കാൻ ശ്രമിക്കുകയും ചെയ്യുക..
ശിഷ്യൻ : കാര്യത്തിൻറെ ഗൌരവം ഉൾക്കൊണ്ട് അസ്വസ്ഥനായിരിക്കുകയാണ്. മനസ്സ് പിടക്കുകയാണ്. അസംഭ്യവ്യമായ കാര്യമാണ് എന്ന് കൃത്യമായി അറിയാവുന്നതാണ്. അത് അംഗീകരിച്ച് ആറാമത്തെ ഉപദേശത്തിനായി കാതോർത്തു.
ഗുരു : ആറാമതായി എനിക്ക് നൽകാനുള്ള ഉപദേശം ഇതാണ്. “നാളെ നീ അല്ലാഹുവിൻറെ മുമ്പിലായിരിക്കും. അവൻ നിന്നോട് കത്തിജ്ജ്വലിക്കുന്ന നരകത്തിലേക്ക് പോവുക എന്ന് കൽപ്പിച്ചേക്കാം… എന്നാൽ വാശിപിടിച്ച് നീ അതിന് തയ്യാറല്ല എന്ന് പറയണം…”
ശിഷ്യൻ : ഇത് കേട്ടതോടെ അദ്ദേഹം മുഖംപൊത്തി അട്ടഹസിക്കുകയാണ്… ഇല്ല, ഞാൻ ഇനി അത്തരം കാര്യങ്ങളിൽ വ്യാപൃതനാകില്ല, പ്രിയപ്പെട്ട ഗുരോ,,, എനിക്ക് മതി, ഇത് തന്നെ മതി, എമ്പാടും മതിയായിരിക്കുന്നു. ഞാൻ എൻറെ ജീവിതത്തെ മാറ്റിയിരിക്കുന്നു. അല്ലാഹു എന്നെ സത്യ പാന്ഥാവിൽ നിലനിർത്തുവാൻ താങ്കൾ ദുആ ചെയ്യണേ…
പ്രിയപ്പെട്ടവരേ,,, നാം അറിയുക,
അവിവേഗം വന്നു പോയവർ ഉടനെ പരിതപിക്കുക. സമയം പാഴാക്കുന്നവർ അത് അവസാനിപ്പിക്കുവാൻ തീരുമാനിക്കുക. നാളെ അതിന് സാധിച്ചു കൊള്ളണം എന്നില്ല. നല്ല തീരുമാനം എടുക്കാൻ ഈ നിമിഷം നാം പ്രതിജ്ഞ എടുത്താൽ… അത് നമ്മുടെ ജീവിതത്തിൽ വലിയ മാറ്റത്തിന് കാരണമായേക്കാം.
അല്ലാഹു സൻമാർഗ്ഗത്തിൽ ചലിക്കാൻ തൌഫീഖ് നൽകുമാറാവട്ടെ.
![]()
