തൃശൂർ : മുൻ ഗൾഫ് പ്രവാസികളുടെ കൂട്ടായ്മയായ പൂരം തൃശൂർ സംഘടിപ്പിക്കുന്ന ചിത്രകലാ പ്രദർശനമായ ‘ദൃശ്യ വിസ്മയം’ തൃശൂർ ലളിതകലാ അക്കാദമിയിൽ തുടങ്ങി. ഒക്ടോബർ 28-ന് വൈകിട്ട് 3.30-ന് വിശ്വനാഥ മേനോൻ പ്രദർശനം ഉദ്ഘാടനം ചെയ്തു.
ഡോ. മുഹമ്മദ് കാസിമിന്റെ നേതൃത്വത്തിൽ 1998-ൽ ജിദ്ദയിൽ ‘പൂരം ജിദ്ദ’ എന്ന പേരിൽ തുടക്കം കുറിച്ച സംഘടന ഇന്ന് പൂരം ദുബായ്, പൂരം തൃശൂർ എന്നീ കൂട്ടായ്മകളായി വളർന്നിട്ടുണ്ട്. ഡോ. മുഹമ്മദ് കാസിം ഈ കൂട്ടായ്മകളുടെ രക്ഷാധികാരിയാണ്.
‘നിറങ്ങളുടെ ലോകത്തേക്ക്… ഭാവനയുടെ വിസ്മയക്കാഴ്ചകളിലേക്ക്…’ എന്ന ആശയത്തിൽ ഒരുക്കിയിരിക്കുന്ന പ്രദർശനത്തിൽ 125-ഓളം മനോഹര ചിത്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്. നിറങ്ങളും ഭാവനയും സർഗാത്മകതയും ഒത്തുചേരുന്ന ഈ ചിത്രപ്രദർശനം കലാസ്വാദകർക്ക് വേറിട്ടൊരു ദൃശ്യാനുഭവം സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു.
ഒക്ടോബർ 29 മുതൽ 31 വരെ രാവിലെ 10 മുതൽ വൈകിട്ട് 6 വരെ തൃശൂർ ലളിതകലാ അക്കാദമിയിൽ പ്രദർശനം ഉണ്ടായിരിക്കും. കലാസ്വാദകരെയും പൊതുജനങ്ങളെയും പ്രദർശനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
ഉദ്ഘാടനച്ചടങ്ങിൽ പൂരം തൃശൂർ പ്രസിഡന്റ് മൂത്തേടത്ത് സേതുമാധവൻ, ജനറൽ സെക്രട്ടറി സുരേന്ദ്ര ബാബു, ട്രഷറർ അഡ്വ. സുകുമാരൻ, വൈസ് പ്രസിഡന്റ് മനോജ് കുന്നപ്പള്ളി, ജോയിന്റ് സെക്രട്ടറി ബോർജിയോ ലൂയിസ്, കമ്മിറ്റി അംഗങ്ങളായ മിനി ഫ്രാൻസി, തോമസ് കുറ്റിക്കാടൻ, ശ്രീജിത്ത്, ജോർജ് അറക്കൽ, ഹരിദാസ് ഗോപുരത്തിങ്കൽ തുടങ്ങിയവർ പങ്കെടുത്തു.
