കോഴിക്കോട് : കേരള ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനായി മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ എം കെ മുനീറിനെ നിയമിക്കാൻ മന്ത്രി സഭ തീരുമാനം.ഈ തീരുമാനത്തെ ഏറെ വിനയത്തോടെയും ഉത്തരവാദിത്വബോധത്തോടെയും ഞാൻ സ്വീകരിക്കുന്നതായി സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.
എം കെ മുനീറിന്റെ ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണ രൂപം
സർവശക്തന് സ്തുതി 🤲🏼
എന്റെ ഏറ്റവും പ്രിയപ്പെട്ടവരെ,
കേരള ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനായി എന്നെ നിയമിക്കാനുള്ള സംസ്ഥാന മന്ത്രിസഭയുടെ തീരുമാനം ഏറെ വിനയത്തോടെയും ഉത്തരവാദിത്വബോധത്തോടെയും ഞാൻ സ്വീകരിക്കുന്നു. ഈ പുതിയ ദൗത്യം എന്റെ പൊതുജീവിതത്തിലെ നിർണായകമായൊരു ഉത്തരവാദിത്വമായാണ് ഞാൻ കാണുന്നത്. ഈ ഉത്തരവാദിത്വത്തിലേക്ക് എന്നെ പരിഗണിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത പ്രിയപ്പെട്ട സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, മുഖ്യമന്ത്രി വി.ഡി. സതീശൻ, പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബ്, മറ്റ് മുതിർന്ന കോൺഗ്രസ്, മുസ്ലിം ലീഗ്, യു.ഡി.എഫ് നേതാക്കൾ, പ്രവർത്തകർ എന്നിവരോട് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
ഭരണസംവിധാനം കൂടുതൽ ജനകീയവും കാര്യക്ഷമവും സുതാര്യവും സമയബന്ധിതവുമാക്കുന്നതിനുള്ള നിർദേശങ്ങൾ മുന്നോട്ടുവയ്ക്കുക എന്നതാണ് ഭരണപരിഷ്കാര കമ്മീഷന്റെ പ്രധാന ദൗത്യം. ഭരണനടപടികളിലെ കാലതാമസവും സങ്കീർണതകളും കുറയ്ക്കുക, വിവിധ സർക്കാർ വകുപ്പുകൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുക, അധികാരവികേന്ദ്രീകരണം ശക്തിപ്പെടുത്തുക, ആധുനിക സാങ്കേതികവിദ്യയും മാനേജ്മെന്റ് രീതികളും ഫലപ്രദമായി പ്രയോജനപ്പെടുത്തുക, ജനങ്ങൾക്ക് കൂടുതൽ വേഗത്തിലും ലളിതമായും സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള പരിഷ്കാരങ്ങൾ നിർദേശിക്കുക എന്നിവ ഈ ദൗത്യത്തിന്റെ പ്രധാന ഭാഗങ്ങളാണ്.
ജനങ്ങളുടെ ദൈനംദിന ജീവിതത്തെ നേരിട്ട് സ്പർശിക്കുന്ന ഭരണസംവിധാനത്തെ കൂടുതൽ ജനസൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ ഉത്തരവാദിത്വത്തെ ഞാൻ സമീപിക്കുന്നത്.
എന്റെ കഴിവിന്റെ പരമാവധി ആത്മാർത്ഥതയോടും നിഷ്പക്ഷതയോടും ഉത്തരവാദിത്വബോധത്തോടും കൂടി ഈ ദൗത്യം നിർവഹിക്കാൻ ഞാൻ ശ്രമിക്കും.
ഇതുവരെയുള്ള എൻ്റെ പൊതുജീവിത യാത്രയിൽ എന്നെ ഞാനാക്കി മാറ്റിയതും, എല്ലാ പ്രതിസന്ധികളിലും എനിക്ക് കരുത്ത് പകർന്നു നൽകിയതും എൻ്റെ പ്രിയപ്പെട്ടവരായ നിങ്ങളാണ്. എൻ്റെ എല്ലാ സന്തോഷത്തിലും പ്രതിസന്ധികളിലും ഒപ്പം നിന്ന നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും പിന്തുണയും തന്നെയാണ് എന്റെ ഏറ്റവും വലിയ കരുത്ത്.
ഈ പുതിയ ഉത്തരവാദിത്വത്തിലേക്ക് കടക്കുമ്പോഴും നിങ്ങളുടെ പ്രാർത്ഥനയും സഹകരണവും തുടർന്നും ഉണ്ടാകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
സ്നേഹത്തോടെ,
ഡോ. എം.കെ. മുനീർ
![]()
