ജിദ്ദ: ജിദ്ദ സൂപ്പർഡോമിൽ സെപ്റ്റംബർ 27 മുതൽ 29 വരെ നടന്ന സൗദി ഫുഡ് ഷോ 2026-ൽ ഇന്ത്യയുടെ സാന്നിധ്യം ശ്രദ്ധേയമായി. ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലും അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റി (APEDA)യും സംയുക്തമായാണ് ഇന്ത്യൻ പങ്കാളിത്തം ഒരുക്കിയത്.
56 ഇന്ത്യൻ കയറ്റുമതിക്കാരാണ് പ്രദർശനത്തിൽ പങ്കെടുത്തത്. ഇതിൽ 23 സ്റ്റാളുകൾ APEDAയുടെ നേതൃത്വത്തിലുള്ള ഇന്ത്യാ പവിലിയനിലായിരുന്നു. അരി, ഡീഹൈഡ്രേറ്റഡ് ഭക്ഷ്യ ഉൽപന്നങ്ങൾ, തേൻ, മഖാന തുടങ്ങിയ വിവിധ കാർഷിക-സംസ്കരിച്ച ഭക്ഷ്യ ഉൽപന്നങ്ങൾ പ്രദർശിപ്പിച്ചു.


സൗദി വ്യവസായ-ധാതുവിഭവ മന്ത്രാലയത്തിലെ വ്യവസായകാര്യ ഉപ മന്ത്രി എൻജിനീയർ ഖലീൽ ബിൻ സലാമ, ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് സൂരി, MODON സി.ഇ.ഒ എൻജിനീയർ മാജിദ് അൽഅർഗൂബി, മന്ത്രാലയത്തിലെ ഫുഡ് സെക്ടർ വൈസ് പ്രസിഡന്റ് എൻജിനീയർ ഖാലിദ് അഹമ്മദ് അൽശെഹ്രി, APEDAയിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചേർന്നാണ് ഇന്ത്യാ പവിലിയൻ ഉദ്ഘാടനം ചെയ്തത്.
സെപ്റ്റംബർ 28ന് ഇന്ത്യൻ കോൺസുലേറ്റും APEDAയും ചേർന്ന് പ്രത്യേക ബയർ -സെല്ലെർ മീറ്റ് സംഘടിപ്പിച്ചു. ഇന്ത്യൻ കയറ്റുമതിക്കാരും സൗദിയിലെ ഇറക്കുമതിക്കാർ, വിതരണക്കാർ, മൊത്ത-ചില്ലറ വ്യാപാരികൾ, ഫുഡ് സർവീസ് കമ്പനികൾ തുടങ്ങിയവരും കൂടിക്കാഴ്ച നടത്തി. അരിക്കായിരുന്നു പ്രധാന പരിഗണന. ഇന്ത്യയുടെ വിവിധ കാർഷിക-സംസ്കരിച്ച ഭക്ഷ്യ ഉൽപന്നങ്ങളുടെ വിപണി സാധ്യതകളും ചർച്ചയായി.
ഇന്ത്യൻ ഭക്ഷ്യ ഉൽപന്നങ്ങളിലുള്ള സൗദി വ്യാപാര സമൂഹത്തിന്റെ വിശ്വാസത്തിന് കോൺസൽ ജനറൽ ഫഹദ് സൂരി നന്ദി അറിയിച്ചു. ഇരു രാജ്യങ്ങളിലെയും കമ്പനികൾ തമ്മിലുള്ള വ്യാപാരം, വിതരണ ശൃംഖല, ബിസിനസ് പങ്കാളിത്തം എന്നിവ കൂടുതൽ ശക്തിപ്പെടുത്താൻ വലിയ സാധ്യതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സൗദി വിപണിയുടെ ആവശ്യകതകൾ മനസ്സിലാക്കി പ്രാദേശിക പങ്കാളികളുമായി ദീർഘകാല ബന്ധം സ്ഥാപിക്കാൻ ഇന്ത്യൻ കയറ്റുമതിക്കാരോട് അദ്ദേഹം ആഹ്വാനം ചെയ്തു. ഭക്ഷ്യ-കാർഷിക മേഖലയിൽ ഇന്ത്യയും സൗദിയും തമ്മിലുള്ള വാണിജ്യ സഹകരണം കൂടുതൽ വിപുലപ്പെടുത്തുന്നതിനുള്ള താൽപര്യമാണ് സൗദി ഫുഡ് ഷോയിലെ ഇന്ത്യൻ പങ്കാളിത്തവും ബിസിനസ് കൂടിക്കാഴ്ചകളും വ്യക്തമാക്കിയത്.
![]()
