റിയാദ്: എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന പീസ് വാലി ഹ്യൂമൻ കെയർ ഫൗണ്ടേഷന്റെ ജീവകാരുണ്യ, പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി റിയാദ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ സ്നേഹസംഗമം സംഘടിപ്പിച്ചു. റിയാദ് ഇന്റർസിറ്റി ഹോട്ടലിൽ നടന്ന ചടങ്ങിൽ ബിസിനസ്, പ്രൊഫഷണൽ, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, മാധ്യമ രംഗങ്ങളിലെ പ്രമുഖരും പീസ് വാലിയുടെ മെമ്പർമാരും അഭ്യുദയകാംക്ഷികളും ഉൾപ്പെടെ നൂറ്റമ്പതോളം പേർ പങ്കെടുത്തു.
പീസ് വാലി റിയാദ് ചാപ്റ്റർ ഏറ്റെടുത്ത, മൂന്നര കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന വൊക്കേഷണൽ ട്രെയിനിംഗ് സെന്റർ പദ്ധതിയുടെ പ്രീ ലോഞ്ച് മുഖ്യാതിഥി സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ഓട്ടിസം ബാധിതർ, ഭിന്നശേഷിക്കാർ, ദുരിതമനുഭവിക്കുന്ന സ്ത്രീകൾ തുടങ്ങിയവർക്ക് തൊഴിൽ പരിശീലനം നൽകി അവരെ സ്വയംപര്യാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പീസ് വാലിയുമായുള്ള തന്റെ അനുഭവങ്ങൾ സദസ്സുമായി പങ്കുവെച്ച തങ്ങൾ, സമാനമായ സ്ഥാപനങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവരോട് പീസ് വാലി സന്ദർശിച്ച് പ്രവർത്തനങ്ങൾ നേരിൽ മനസ്സിലാക്കാനും അധികൃതരുടെ അഭിപ്രായം തേടാനും താൻ നിർദേശിക്കാറുണ്ടെന്ന് പറഞ്ഞു.

റിയാദ് ചാപ്റ്റർ പ്രസിഡന്റ് ഷിയാസ് കോട്ടയിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇൻചാർജ് നിഷാദ് ചെറുവട്ടൂർ സ്വാഗതം പറഞ്ഞു. നാട്ടിൽനിന്നെത്തിയ പീസ് വാലി ചെയർമാൻ അബൂബക്കർ ഹാജി സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തി. വൊക്കേഷണൽ ട്രെയിനിംഗ് സെന്റർ പദ്ധതിയെക്കുറിച്ച് ഷിഹാബ് കൊട്ടുകാട്, ജസീർ കോതമംഗലം എന്നിവർ ചേർന്ന് അവതരണം നടത്തി. പ്രമുഖ സംഘടനാ നേതാക്കളായ സിപി മുസ്തഫ (കെഎംസിസി & എൻആർകെ), റഹ്മാൻ മുനമ്പത്ത് (ഫോർക്ക), ജയൻ കൊടുങ്ങല്ലൂർ (മീഡിയ ഫോറം), ബിസിനസ് പ്രമുഖരായ അലി (കാലിക്കറ്റ് നോട്ട്ബുക്ക്), മുഷ്താഖ് (അർ റയാൻ മെഡിക്കൽ ഗ്രൂപ്പ്), നാസർ (നെസ്റ്റോ ഗ്രൂപ്പ്), ഷിഹാബ് (ഹെൽപ്പ് ലൈൻ), യാക്കൂബ് വാണിയത്ത്, അർഷാദ് കാലിക്കറ്റ്, ഉപദേശക സമിതി അംഗങ്ങളായ അലി സൈനുദ്ദീൻ, ഡെന്നീസ് കൈപ്പനാനി എന്നിവർ ആശംസകൾ നേർന്നു. നാട്ടിൽ നിന്നെത്തിയ പീസ് വാലി ചീഫ് കോർഡിനേറ്റർ സാബിത് ഉമർ നന്ദി പറഞ്ഞു.
റിയാദ് ചാപ്റ്റർ പ്രവർത്തകരായ അമീർ കൊപ്പറമ്പിൽ, അലി ആലുവ, കരീം കാനാമ്പുറം, മുഹമ്മദ് ഉവൈസ്, മുജീബ് മൂലയിൽ, സലാം പെരുമ്പാവൂർ, ഷുക്കൂർ ആലുവ, ജൂബി ലൂക്കോസ്, സെയ്ഫു കായംകുളം, ഉസ്മാൻ പരീത്, സുഭാഷ് അമ്പാട്ട്, മുഹമ്മദ് സഹൽ, മുഹമ്മദ് തസ്ലിം, സാജു ദേവസ്യ, കുഞ്ഞിമുഹമ്മദ് ചുള്ളിക്കാടൻ, നിഹാസ് പാനൂർ, അജ്നാസ് ബാവു, അജീഷ് ചെറുവട്ടൂർ, റിജോ ഡൊമിനിക്കോസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പ്രോഗ്രാമിൽ അവതാരകൻ ഫൈസാൻ അലിയായിരുന്നു. പദ്ധതിക്ക് റിയാദ് പ്രവാസി സമൂഹത്തിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചത്. തുടർന്നും കൂട്ടായ പിന്തുണ ഉണ്ടാകണമെന്ന് അഭ്യർഥിച്ചാണ് സ്നേഹസംഗമം സമാപിച്ചത്.
![]()
