റിയാദ്: അഴീക്കോടൻ രാഘവനെ രാഷ്ട്രീയ ശത്രുക്കൾ കൊലപ്പെടുത്തിയ കാലത്തെ ജനാധിപത്യവിരുദ്ധ സാഹചര്യങ്ങളെ ഓർമിപ്പിക്കുന്ന വിധത്തിലാണ് കേരളത്തിലെ ഇന്നത്തെ രാഷ്ട്രീയ–മാധ്യമ അന്തരീക്ഷമെന്ന് കേളി കലാസാംസ്കാരിക വേദി അഭിപ്രായപ്പെട്ടു.
അഴീക്കോടൻ രാഘവന്റെ 54-ാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് കേളി സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിലാണ് വിമർശനം ഉയർന്നത്. സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ഐക്യമുന്നണി കൺവീനറുമായിരിക്കെയാണ് 1972 സെപ്തംബർ 23ന് അഴീക്കോടൻ രാഘവൻ കൊല്ലപ്പെട്ടത്.
ഭരണാധികാരികൾക്കെതിരെ വാർത്ത നൽകുന്നതിന്റെ പേരിൽ പ്രതിപക്ഷ നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ കേസെടുക്കുന്ന സാഹചര്യം നിലനിൽക്കുന്നു. മാധ്യമ സ്ഥാപനങ്ങളുടെ അംഗീകാര കാർഡുകൾ നീക്കം ചെയ്യുക, ന്യൂസ് റൂമുകളിൽ പരിശോധന നടത്തുക, വാർത്താ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന തരത്തിൽ ഇടപെടുക തുടങ്ങിയ നടപടികളും ജനാധിപത്യ സമൂഹത്തിൽ ഗൗരവമായി ചർച്ച ചെയ്യപ്പെടേണ്ടതാണെന്ന് പരിപാടിയിൽ സംസാരിച്ചവർ പറഞ്ഞു. അടുത്തിടെ ഒരു മാധ്യമ സ്ഥാപനത്തിൽ പൊലീസ് പരിശോധന നടത്തുകയും ന്യൂസ് ഡെസ്കിൽ ഇടപെടുകയും ചെയ്ത സംഭവവും ഈ പശ്ചാത്തലത്തിൽ ചൂണ്ടിക്കാട്ടപ്പെട്ടു.
ജനങ്ങൾ, ജനങ്ങൾക്കുവേണ്ടി, ജനങ്ങളാൽ തെരഞ്ഞെടുക്കുന്ന സർക്കാരാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനം. എന്നാൽ ജനങ്ങളുടെ താൽപര്യങ്ങൾക്കു പകരം സ്പോൺസർമാരുടെയും താൽപര്യഗ്രൂപ്പുകളുടെയും സമ്മർദങ്ങൾക്ക് വഴങ്ങുന്ന ഭരണരീതിയാണ് കേരളത്തിൽ വളരുന്നതെന്ന വിമർശനവും അനുസ്മരണ പരിപാടിയിൽ ഉയർന്നു.
വിലക്കയറ്റവും സാമ്പത്തിക പ്രയാസങ്ങളും പ്രകൃതിക്ഷോഭങ്ങളും ജനജീവിതത്തെ ബാധിക്കുന്ന സാഹചര്യത്തിൽ ഭരണാധികാരികളുടെ ആഡംബര യാത്രകളും അധികാരപ്രദർശനങ്ങളും ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് സംസാരിച്ചവർ പറഞ്ഞു. ജനങ്ങളുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്ന മാധ്യമങ്ങളെയും രാഷ്ട്രീയ പ്രവർത്തകരെയും നിയന്ത്രിക്കാൻ ശ്രമിക്കുന്ന പ്രവണതകൾ ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ ദുർബലപ്പെടുത്തുമെന്നും അവർ അഭിപ്രായപ്പെട്ടു.
അഴീക്കോടന്റെ ജീവിതവും രക്തസാക്ഷിത്വവും അധികാരത്തിനെതിരായ ജനകീയ പ്രതിരോധത്തിന്റെയും ജനാധിപത്യാവകാശ സംരക്ഷണത്തിന്റെയും ഓർമപ്പെടുത്തലാണെന്നും അനുസ്മരണ യോഗം വിലയിരുത്തി.
കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷനായി. സമിതി അംഗം സെബിൻ ഇഖ്ബാൽ അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കൂട്ടായി, ബത്ത ഏരിയ രക്ഷാധികാരി സമിതി അംഗം കെ.ടി. മുഹമ്മദ് ബഷീർ അമരമ്പലം എന്നിവർ അനുസ്മരണ പ്രസംഗം നടത്തി. രക്ഷാധികാരി സമിതി അംഗം ഫിറോസ് തയ്യിൽ സ്വാഗതവും ചന്ദ്രൻ തെരുവത്ത് നന്ദിയും പറഞ്ഞു.
![]()
