തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്റഗ്രേറ്റഡ് ടീച്ചർ എഡ്യൂക്കേഷൻ പ്രോഗ്രാം (ഐ.ടി.ഇ.പി.) നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും പരിഹരിച്ച്, സമവായത്തോടെ മാത്രമേ സർക്കാർ മുന്നോട്ട് പോവുകയുള്ളൂ എന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ അറിയിച്ചു. കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കേരള സർവ്വകലാശാല കാര്യവട്ടം ക്യാമ്പസിൽ സംഘടിപ്പിച്ച ഉന്നതതല യോഗം ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2030-ഓടെ ഐ.ടി.ഇ.പി. നിർബന്ധമായും നടപ്പിലാക്കണമെന്ന കേന്ദ്ര സർക്കാരിന്റെ കർശന നിർദ്ദേശങ്ങൾ നിലനിൽക്കുമ്പോഴും, കേരളത്തിലെ പ്രത്യേക സാഹചര്യങ്ങളും സ്റ്റാൻഡ് എലോൺ ബി.എഡ്. കോളേജുകൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളും സർക്കാർ ഗൗരവമായി കാണുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിവിധ ബി.എഡ്. കോളേജുകളിൽ നിന്നും അധ്യാപകരിൽ നിന്നും നിരവധി നിവേദനങ്ങളും ആശങ്കകളും ഇതിനോടകം ലഭിച്ചിട്ടുണ്ടെന്നും, 2028 ഓടെ ഐടിഇപി നടപ്പിലാക്കുന്ന കാര്യമാണ് നിലവിൽ ആലോചിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ചർച്ചയിൽ ഉയർന്നുവരുന്ന നിർദ്ദേശങ്ങളും ആശങ്കകളും ക്രോഡീകരിച്ച് കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും, കേരളത്തിന് ആവശ്യമായ മാറ്റങ്ങൾ വരുത്താൻ ആവശ്യപ്പെടുകയും ചെയ്യും. ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളുടെയും അധ്യാപകരുടെയും ആശങ്കകൾ പരിഹരിച്ച് ആർക്കും ബുദ്ധിമുട്ടില്ലാത്ത ഒരു തീരുമാനത്തിലേക്ക് മാത്രമേ സർക്കാർ പോവുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2028 മുതൽ ഐ.ടി.ഇ.പി. നടപ്പിലാക്കുന്നത് സംബന്ധിച്ച രൂപരേഖ, നിലവിലുള്ള ബി.എഡ്. കോളേജുകളെ മൾട്ടി-ഡിസിപ്ലിനറി സ്ഥാപനങ്ങളാക്കി ഉയർത്തുന്നത് സംബന്ധിച്ച ആലോചനകൾ, പുതുതായി ‘മാസ്റ്റർ ഓഫ് കോളേജ് ടീച്ചിംഗ്’ പ്രോഗ്രാം ആരംഭിക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ എന്നിവ യോഗത്തിൽ വിശദമായി ചർച്ച ചെയ്തു.
യോഗത്തിൽ ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ. അച്യുത്ശങ്കർ, ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോക് ഐ.എ.എസ്., കൗൺസിൽ മെമ്പർ സെക്രട്ടറി പ്രൊഫ. ആബിദ ഫാറൂഖി എന്നിവർ സംസാരിച്ചു. സംസ്ഥാനത്തെ എല്ലാ ബി.എഡ്. കോളേജ് പ്രിൻസിപ്പൽമാർ, സർവ്വകലാശാല സിൻഡിക്കേറ്റ് പ്രതിനിധികൾ, ഡീനുകൾ, ബോർഡ് ഓഫ് സ്റ്റഡീസ് ചെയർപേഴ്സൺമാർ, സർവ്വകലാശാലകളിലെ വിദ്യാഭ്യാസ വിഭാഗം അധ്യാപകർ, തെരഞ്ഞെടുക്കപ്പെട്ട ആർട്സ് ആൻ്റ് സയൻസ് കോളേജ് പ്രിൻസിപ്പൽമാർ എന്നിവർ നേരിട്ടും, വിവിധ കോളേജുകളിലെ വകുപ്പ് മേധാവികളും അധ്യാപകരും ഓൺലൈനായും ചർച്ചയിൽ പങ്കാളികളായി.
