റിയാദ് : സൗദി ദേശീയദിനാഘോഷത്തിന്റെ ഭാഗമായി റിയാദ് കെഎംസിസി ഹറാജ് ഏരിയാ കമ്മിറ്റി മൻസൂറയിലെ സ്റ്റാർ ഹെൽത്ത് മെഡിക്കൽ സെന്ററുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് മഞ്ചേരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ പരിരക്ഷയുടെ കാര്യത്തിൽ പ്രവാസി സമൂഹം പുലർത്തിവരുന്ന നിസ്സംഗത ആശങ്കയുണർത്തുന്നതാണെന്നും, ചെറുപ്പക്കാരടക്കം നിരവധി പ്രവാസികളാണ് ഈ അലംഭാവത്തിന്റെ ഫലമായി അകാലത്തിൽ മരണം വരിച്ചതെന്നും റഫീഖ് ചൂണ്ടിക്കാട്ടി. പ്രവാസികൾ ഹറാജ് ഏരിയാ കമ്മിറ്റി പ്രസിഡന്റ് റാഫി പയ്യാനക്കൽ അധ്യക്ഷനായിരുന്നു.
ഉച്ചക്ക് രണ്ട് മണി മുതൽ ആരംഭിച്ച ക്യാമ്പ് രാത്രി പത്ത് മണിവരെ നീണ്ടു. പ്രമേഹം, രക്തസമ്മർദ്ധം, കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ്സ്, ക്രിയാറ്റിനിൻ, യൂറിക് ആസിഡ്, ബോഡി മാസ് ഇൻഡക്സ് എന്നീ ടെസ്റ്റുകൾക്ക് പുറമെ മലയാളി മെഡിക്കൽ സ്പെഷ്യലിസ്റ്റ് ഡോ. ഫാത്തിമ ഹക്കീമിന്റെ നേതൃത്വത്തിൽ പരിശോധനയും സൗജന്യമായി ലഭ്യമാക്കി. മുൻകൂട്ടി രജിസ്ട്രേഷൻ നിയന്ത്രിച്ച ക്യാമ്പിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. രോഗം വന്ന് ചികിൽസിക്കുന്നതിന് പകരം രോഗപ്രതിരോധത്തിലൂന്നിയ ജീവിത ശൈലി സ്വീകരിക്കാൻ പ്രവാസികൾ തയ്യാറാവണമെന്ന് ഡോ. ഫാത്തിമ ഹക്കീം ആവശ്യപ്പെട്ടു. നാട്ടിൽ നിന്നും കൊണ്ട് വരുന്ന മരുന്നുകൾ ഡോക്ടറുടെ നിർദ്ദേശമില്ലാതെ വർഷങ്ങളോളം ഉപയോഗിക്കുന്ന പ്രവാസികളുടെ ചികിത്സാ രീതി അപകടകരമാണെന്നും അവർ ചൂണ്ടിക്കാട്ടി.
കമ്മിറ്റി ചെയർമാൻ റഫീക്ക് കണ്ണൂർ, റഫീക്ക് ഏകലൂർ, സിറാജ് കൂടത്തായി,
സ്റ്റാർ ഹെൽത്ത് പ്രതിനിധികളായ അക്ബർ വേങ്ങാട്ട്, നിസാർ അഹമ്മദ് എന്നിവർ സംസാരിച്ചു. ഹർഷദ് റഹീം, മുജീബ് റഹ്മാൻ, സുഷമ ഷാൻ, നഴ്സുമാരായ സുബി മോൾ, സരിത, രേവതി, യജിന, നൂറ, സജിത്ത് ഹമീദ്, ഫവാസ്, അൻവർ വേങ്ങര, കെഎംസിസി ഭാരവാഹികളായ ഷൗക്കത്ത്പുൽപ്പറ്റ, കുഞ്ഞു, നൗഷാദ്, മുജീബ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി നിസാർ പി.പി സ്വാഗതവും ട്രഷറർ ലത്തീഫ് ഫറോക്ക് നന്ദിയും പറഞ്ഞു.
![]()
