റിയാദ്: റിയാദിലെ പ്രവാസി ക്രിക്കറ്റ് മൈതാനങ്ങളിൽ ആവേശത്തിന്റെ പൂരത്തിന് തുടക്കമായി. കേളി കലാസാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സഫാ മക്കാ കപ്പ് കുദു കേളി മെഗാ ക്രിക്കറ്റ് ടൂർണമെന്റ് സീസൺ–2ന് പ്രൗഢോജ്വല തുടക്കം. കുദു പ്രസന്റ്സ് സഫാ മക്കാ വിന്നർ ട്രോഫിക്കും മാർക് ആൻഡ് സേവ് റണ്ണറപ്പ് ട്രോഫിക്കുമായുള്ള മൂന്ന് മാസം നീളുന്ന ക്രിക്കറ്റ് പോരാട്ടത്തിനാണ് വെള്ളിയാഴ്ച തുടക്കമായത്.
സുലൈ ടെക്നോമാക് ഗ്രൗണ്ടിൽ നടന്ന ഉദ്ഘാടനച്ചടങ്ങ് കുദു പേറോൾ ഫൈനാൻസ് മാനേജർ ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്തു. സിൽവർ ജൂബിലി സംഘാടക സമിതി ആക്ടിങ് ചെയർമാൻ നൗഫൽ സിദ്ധീഖ് അധ്യക്ഷനായി. കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, കേളി കുടുംബവേദി സെക്രട്ടറി ഷെഹീബ വി.കെ, കേളി സെക്രട്ടറി സുനിൽ കുമാർ, ട്രഷറർ മധു ബാലുശ്ശേരി, സ്പോൺസർമാരായ സാറ്റ്കോ എംഡി കരീം പൈങ്ങാട്ടൂർ, മാസ്ട്രോ പ്രതിനിധി മഹേഷ്, സ്പോർട്സ് കമ്മിറ്റി ചെയർമാൻ പക്രുദീൻ എന്നിവർ ആശംസകൾ നേർന്നു. സിൽവർ ജൂബിലി സംഘാടക സമിതി കൺവീനർ ഷാജി റസാഖ് സ്വാഗതവും ജോയിന്റ് കൺവീനർ നൗഫൽ ഉള്ളാട്ട്ചാലി നന്ദിയും പറഞ്ഞു.
ഉദ്ഘാടനച്ചടങ്ങിന് ശേഷം നാല് ഗ്രൗണ്ടുകളിലായി നടന്ന മത്സരങ്ങളിൽ രത്നഗിരി റോയൽസ് 38 റൺസിന് ഒലയ്യ ക്രിക്കറ്റ് ക്ലബിനെയും ഈഗിൾ സ്ട്രൈക്കേഴ്സ് ആറ് വിക്കറ്റിന് എക്സ്ട്രീം ക്രിക്കറ്റ് ക്ലബിനെയും ഗോൾഡൻ മില്ലർ റിയാദ് ആറ് വിക്കറ്റിന് ഉസ്താദ് ഇലവനെയും കോക്കൻ ഫൈറ്റേഴ്സ് റിയാദ് എട്ട് വിക്കറ്റിന് റിയാദ് കേരള കിംഗ്സിനെയും പരാജയപ്പെടുത്തി.
ഹംസ ഖൽഫെ (രത്നഗിരി), മുഹമ്മദ് ഷെയ്ദ് (ഈഗിൾ സ്ട്രൈക്കേഴ്സ്), മിഥുൻ (ഗോൾഡൻ മില്ലർ), ഡാനിയേൽ (കോക്കൻ ഫൈറ്റേഴ്സ്) എന്നിവരെ കളിയിലെ താരങ്ങളായി തെരഞ്ഞെടുത്തു.
ചാക്കോ, കയ്സ്, ഇംത്യാസ്, നൗഷിഫ് എന്നിവർ പ്രധാന അമ്പയർമാരായും റീജേഷ്, നയ്മു, റൈഗോൺ, മൃദുൻ എന്നിവർ ലെഗ് അമ്പയർമാരായും മത്സരങ്ങൾ നിയന്ത്രിച്ചു.
സുലൈ ടെക്നോമാക്, കെസിഎ എന്നിവിടങ്ങളിലെ നാല് ഗ്രൗണ്ടുകളിലായി നടക്കുന്ന ടൂർണമെന്റിൽ 24 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. നാല് ടീമുകൾ വീതമുള്ള ആറ് ഗ്രൂപ്പുകളിലായാണ് മത്സരങ്ങൾ. സെമിഫൈനലും ഫൈനലും ഡിസംബറിൽ നടക്കും.
കേളിയുടെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് ആവേശം പകരുന്ന ടൂർണമെന്റ് റിയാദിലെ പ്രവാസി ക്രിക്കറ്റ് പ്രേമികൾക്ക് മൂന്ന് മാസം നീളുന്ന കായികവിരുന്നാകും. പ്രമുഖ ടീമുകളുടെ പോരാട്ടത്തിനൊപ്പം പുതിയ താരങ്ങൾക്ക് മികവ് തെളിയിക്കാനുള്ള വേദി കൂടിയാണ് സഫാ മക്കാ കപ്പ്.
![]()
