റിയാദ്: വിശപ്പുരഹിത കേരളത്തിനായി കൈകോർത്തു കേളി കലാസാംസ്കാരിക വേദി. കേളിയുടെ പന്ത്രണ്ടാം കേന്ദ്രസമ്മേളന പ്രഖ്യാപനങ്ങളിൽ ഒന്നായ ‘വിശപ്പുരഹിത കേരളത്തോടൊപ്പം കേളി’ പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട കൊന്നിയിലെ ഇ.എം.എസ്. ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്നേഹാലയം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെന്ററിന് ഒരു മാസത്തെ ഭക്ഷണച്ചെലവിനുള്ള ധനസഹായം കൈമാറി.
കേളി അസീസിയ ഏരിയയിലെ വിജയൻ പുളിവേലിയാണ് സ്നേഹാലയത്തിന്റെ പ്രവർത്തനങ്ങൾ കേളിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ‘വിശപ്പുരഹിത കേരളത്തോടൊപ്പം കേളി’ പദ്ധതിയുടെ ഭാഗമായി സ്നേഹാലയത്തിന് സഹായം നൽകാൻ കേളി തീരുമാനിച്ചത്. സ്നേഹാലയത്തിലെ അന്തേവാസികൾക്കും അവരെ പരിചരിക്കുന്ന വളണ്ടിയർമാർക്കും ഒരു മാസത്തേക്ക് ദിവസവും മൂന്ന് നേരം ഭക്ഷണം നൽകുന്നതിനാവശ്യമായ തുകയാണ് കേളി കൈമാറിയത്. സ്നേഹവും കരുതലും ഭക്ഷണവുമൊരുക്കി സമൂഹത്തിലെ ഏറ്റവും അശരണരായ മനുഷ്യർക്കൊപ്പം നിൽക്കുന്ന സ്നേഹാലയത്തിന്റെ പ്രവർത്തനങ്ങൾക്ക് പ്രവാസി സമൂഹത്തിന്റെ പിന്തുണ കൂടിയാണ് കേളിയുടെ ഈ ഇടപെടൽ.
സ്നേഹാലയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ശ്യാംലാൽ അധ്യക്ഷത വഹിച്ചു. കേളി സെക്രട്ടറി സുനിൽകുമാർ ധാരണപത്രം സ്നേഹാലയം പ്രസിഡന്റ് ശ്യാംലാലിന് കൈമാറി. കേളി രക്ഷാധികാരി സമിതി അംഗം ജോസഫ് ഷാജി, കേന്ദ്ര കമ്മിറ്റി അംഗം തോമസ് ജോയ്, കേളി കുടുംബവേദി അംഗം ലക്ഷ്മി, റോധ ഏരിയ കമ്മിറ്റി അംഗം ആഷിക് ബഷീർ, മുൻ കേന്ദ്ര കമ്മിറ്റി അംഗം രാജൻ പള്ളിത്തടം, സ്നേഹാലയം രക്ഷാധികാരിയും കേരള പ്രവാസി സംഘം ജില്ലാ സെക്രട്ടറിയുമായ രഘുനാഥ് ഇടത്തിട്ട, സ്നേഹാലയം ട്രഷറർ ശ്രീകുമാർ, രക്ഷാധികാരി അംഗങ്ങളായ രഞ്ജൻ, സുധാ രഞ്ജൻ, വർഗീസ് ബേബി, സദാശിവൻ പിള്ള, സോമനാഥൻ, വിജയകൃഷ്ണൻ എന്നിവരും സ്നേഹാലയം വളണ്ടിയർമാരും ചടങ്ങിൽ സന്നിഹിതരായി.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കാൻസർ രോഗികൾ, സ്ട്രോക്ക് ബാധിച്ച് കിടപ്പിലായവർ, പരിചരണവും താമസവും ആവശ്യമായ വൃദ്ധർ, ജീവിതത്തിന്റെ അവസാനഘട്ടത്തിൽ മാന്യമായ പരിചരണം ആഗ്രഹിക്കുന്നവർ എന്നിവർക്കാണ് സ്നേഹാലയം പ്രധാനമായും ആശ്രയമാകുന്നത്. ഇത്തരം രോഗികൾക്ക് മാന്യമായ പരിചരണവും വേദനയില്ലാത്ത ജീവിതവും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്നേഹാലയം പ്രവർത്തിക്കുന്നത്. ‘ദാരിദ്ര്യം കാരണം ചികിത്സ മുടങ്ങരുത്’ എന്ന ആശയമാണ് സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾക്ക് അടിത്തറ.
കിടപ്പുരോഗികൾക്ക് 24 മണിക്കൂർ നഴ്സിംഗ് പരിചരണം, താമസം, ഭക്ഷണം, വസ്ത്രം, ശുചീകരണം, വേദനസംഹാര മരുന്നുകൾ എന്നിവ ഉൾപ്പെടെയുള്ള ഇൻ-പേഷ്യന്റ് സേവനങ്ങൾ സ്നേഹാലയം നൽകുന്നു. കാൻസർ ഉൾപ്പെടെയുള്ള വിട്ടുമാറാത്ത രോഗങ്ങളുടെ വേദന നിയന്ത്രിക്കുന്നതിനുള്ള ചികിത്സയും ലഭ്യമാക്കുന്നുണ്ട്. വീടുകളിൽ കഴിയുന്ന രോഗികളെ വളണ്ടിയർമാർ സന്ദർശിച്ച് മുറിവ് ഡ്രസ്സിംഗ്, കുളിപ്പിക്കൽ, മരുന്ന് നൽകൽ തുടങ്ങിയ പരിചരണങ്ങൾക്കൊപ്പം രോഗികൾക്കും കുടുംബങ്ങൾക്കും മാനസിക പിന്തുണയും നൽകുന്നു. ആശുപത്രികളിലേക്കും കീമോതെറാപ്പി പോലുള്ള ചികിത്സകൾക്കുമായി രോഗികളെ എത്തിക്കുന്നതിന് ആംബുലൻസ് സേവനവും സ്നേഹാലയം ഒരുക്കുന്നുണ്ട്. പൂർണമായും സംഭാവനകളെയും ജനസഹകരണത്തെയും ആശ്രയിച്ചാണ് സ്നേഹാലയത്തിന്റെ പ്രവർത്തനം മുന്നോട്ടുപോകുന്നത്.
പ്രവാസത്തിന്റെ തിരക്കുകൾക്കിടയിലും നാട്ടിലെ അശരണരുടെ വിശപ്പും വേദനയും തിരിച്ചറിഞ്ഞ് അവർക്കൊപ്പം നിൽക്കുകയാണ് ‘വിശപ്പുരഹിത കേരളത്തോടൊപ്പം കേളി’ പദ്ധതിയിലൂടെ കേളി. ഭക്ഷണത്തിനുള്ള സഹായം എന്നതിലുപരി, ഒറ്റപ്പെട്ടുപോകുന്ന മനുഷ്യർക്ക് കരുതലിന്റെ കൈത്താങ്ങാകുന്ന സാമൂഹിക ഉത്തരവാദിത്വത്തിന്റെ മാതൃക കൂടിയായി ഈ പദ്ധതിയെ മാറ്റുകയാണ് കേളി.
![]()
