കുഞ്ചീസ് കൂട്ടിക്കൽ,റിയാദ്
ഇപ്പോൾ നടക്കുന്ന വള്ളംകളിയാരവങ്ങൾക്കിടയിൽ, പഴയ ഓണക്കാലത്തിന്റെ പമ്പാതീരത്തുനിന്ന് വീണ്ടെടുത്ത ഒരോർമ._
ഓർമ്മയുടെ പഴയ തിരശ്ശീലയിൽ പല ചിത്രങ്ങളും മങ്ങിപ്പോയിരിക്കുന്നു. എന്നാൽ ചില കാഴ്ചകൾക്ക് കാലത്തിനു പോലും മങ്ങലേൽപ്പിക്കാൻ കഴിയില്ല. കണ്ണടച്ചാൽ ഇന്നും പമ്പയുടെ തീരത്ത് ആർത്തുവിളിക്കുന്ന ജനക്കൂട്ടത്തിനിടയിൽ ഒരു കൗമാരക്കാരനെ കാണാം. ആവേശംകൊണ്ട് കണ്ണുകൾ തിളങ്ങുന്ന, തനിക്കു ചുറ്റുമുള്ള ആരവത്തിൽ സ്വയം മറന്നുനിൽക്കുന്ന ഒരുവൻ. അതു ഞാൻ തന്നെയാണ്.
എന്റെ ഓണസ്മരണകളിൽ മാന്നാർ മഹാത്മാ വള്ളംകളിക്ക് അത്രമേൽ ആഴമുള്ള ഇടമുണ്ട്. ഓണം ഒരു ആഘോഷം മാത്രമല്ലെന്ന് എന്നെ അനുഭവിപ്പിച്ച ദിനങ്ങളായിരുന്നു അവ. പമ്പയുടെ നെഞ്ചിൽ പതിക്കുന്ന ഓരോ തുഴയും എന്റെ ഉള്ളിലും ഒരു താളമുണർത്തിയിരുന്നു. നദിയും വള്ളങ്ങളും വഞ്ചിപ്പാട്ടും മനുഷ്യരും ചേർന്ന് സൃഷ്ടിച്ച ആ താളമാണ് ഇന്നും എന്റെ ഓണത്തിന്റെ ഹൃദയമിടിപ്പ്.
വള്ളംകളിയുടെ ദിവസം പമ്പാതീരം മറ്റൊരു ലോകമായി മാറും. തീരമാകെ ജനക്കൂട്ടം നിറയും. ആർപ്പുവിളികളും വഞ്ചിപ്പാട്ടുകളും ഉച്ചഭാഷിണികളിലെ അറിയിപ്പുകളും പരസ്പരം കലരും. നനഞ്ഞ മണ്ണിന്റെ മണത്തിനൊപ്പം പുതുവസ്ത്രങ്ങളുടെ ഗന്ധവും കാറ്റിൽ നിറഞ്ഞുനിൽക്കും. ഓരോ മുഖത്തും പ്രതീക്ഷ; ഓരോ കണ്ണിലും ആവേശം.
മത്സരങ്ങൾക്ക് മുമ്പുള്ള ജലഘോഷയാത്ര തന്നെയായിരുന്നു ആദ്യത്തെ വിസ്മയം. പല നിറങ്ങളിലുള്ള കൊടികളും അലങ്കാരങ്ങളുമായി വള്ളങ്ങൾ ഒന്നിനു പിന്നാലെ ഒന്നായി ഒഴുകി നീങ്ങും. വെള്ളത്തിനുമേൽ ഒഴുകുന്ന ഒരു വലിയ ഉത്സവംപോലെ. നദിയുടെ ഓളങ്ങളിൽ മുത്തുകൾ പോലെ വെള്ളം ചിതറുമ്പോൾ, പമ്പ തന്നെ അണിഞ്ഞൊരുങ്ങിയതുപോലെ തോന്നും.
ചുണ്ടൻ, ഇരുട്ടുകുത്തി, വെപ്പ്, ഓടി, ചുരുളൻ, കൊച്ചുവള്ളം; ഓരോ ഇനത്തിനും പ്രത്യേകം മത്സരങ്ങൾ. വഞ്ചിപ്പാട്ടിന്റെ താളത്തിൽ ഒരേ മനസ്സോടെ തുഴയുന്നവർ. മത്സരത്തിന്റെ വീറും സൗഹൃദത്തിന്റെ ചൂടും ഒരുപോലെ അവിടെ അനുഭവിക്കാം. തീരത്തു നിന്നവർ വെള്ളത്തോർത്തുകൾ ആകാശത്തുയർത്തി ചുഴറ്റിയും ഉറക്കെ വിളിച്ചും ഇഷ്ടവള്ളങ്ങളെ പ്രോത്സാഹിപ്പിക്കും. ആ ആവേശം തീരത്തുനിന്ന് തുഴച്ചിൽക്കാരുടെ ഞരമ്പുകളിലേക്ക് ഒഴുകിയെത്തുന്നുണ്ടാവണം.
എന്നാൽ ജനക്കൂട്ടം അതിന്റെ ഏറ്റവും വലിയ ആരവം കരുതിവയ്ക്കുന്നത് ചുണ്ടൻവള്ളങ്ങൾക്കുവേണ്ടിയാണ്. വള്ളങ്ങളിലെ രാജാക്കന്മാർ നദിയിലിറങ്ങുമ്പോൾ അന്തരീക്ഷംതന്നെ മാറും.
ചുണ്ടു മുതൽ അമരംവരെ നിറഞ്ഞിരിക്കുന്ന തുഴച്ചിൽക്കാർ. പല നിറത്തിലുള്ള മുണ്ടുകളും വെള്ള ബനിയനുകളും ധരിച്ച കരുത്തുറ്റ ശരീരങ്ങൾ. വള്ളത്തിന്റെ ഇരുവശത്തുമായി പുറത്തേക്ക് വിരിഞ്ഞുനിൽക്കുന്ന തുഴകൾ, വെള്ളത്തിൽ വിരിഞ്ഞു നിൽക്കുന്ന ഒരു വലിയ പൂവിലെ ഇതളുകൾപോലെ തോന്നും. ഇരുകരകളിലെയും ജനക്കൂട്ടത്തിനും അവർക്കു മുകളിലായി തലയുയർത്തിനിൽക്കുന്ന മരങ്ങൾക്കും നടുവിലൂടെ, പമ്പയുടെ ശാന്തമായ ഓളങ്ങളിൽ നീണ്ടുകിടക്കുന്ന ചുണ്ടൻവള്ളങ്ങൾ; ഇന്നും മനസ്സിൽനിന്നു മായാത്ത ദൃശ്യം!
മത്സരം തുടങ്ങുന്നതിനു തൊട്ടുമുമ്പ് ഒരു നിമിഷം എല്ലാം നിശ്ചലമാകും; പമ്പാനദി ശ്വാസമടക്കിപ്പിടിച്ചതുപോലെ.
അടുത്ത നിമിഷം തുഴകൾ ഒരുമിച്ച് ഉയരും.
പിന്നെ പമ്പയുടെ ഭാവം മാറുന്നു.
വെള്ളത്തിലേക്ക് പതിക്കുന്ന നൂറുകണക്കിന് തുഴകൾ. ചിതറിത്തെറിക്കുന്ന ജലകണങ്ങൾ. വഞ്ചിപ്പാട്ടിന്റെ വേഗം കൂടുന്നു. തുഴച്ചിൽക്കാരുടെ ശരീരങ്ങൾ ഒരൊറ്റ ജീവിയെപ്പോലെ മുന്നോട്ടും പിന്നോട്ടും ചലിക്കുന്നു.
ശാന്തമായിരുന്ന പമ്പ പൊടുന്നനെ രൗദ്രതാളത്തിലാകും. തുഴകളുടെ പ്രഹരവും വഞ്ചിപ്പാട്ടിന്റെ താളവും കാണികളുടെ ആർപ്പുവിളികളും ഒത്തുചേർന്ന്, മറ്റൊരിടത്തും കേൾക്കാനാവാത്തൊരു സംഗീതമായി അലയടിക്കും.
ആ നിമിഷങ്ങളിൽ ഞാൻ വെറുമൊരു കാഴ്ചക്കാരനായിരുന്നില്ല. തീരത്തുനിന്ന് എപ്പോഴോ ഞാൻ വള്ളത്തിനുള്ളിലെത്തിയിരുന്നു. തുഴകളുടെ ഹുങ്കാരം എന്റെ തലച്ചോറിനുള്ളിൽ മുഴങ്ങി. തുഴച്ചിൽക്കാരുടെ വിയർപ്പും വേഗവും ആവേശവും എന്റേതായി. കാരിച്ചാലോ ചെറുതനയോ ജവഹർ തായങ്കരിയോ പായിപ്പാടനോ ചമ്പക്കുളമോ, ഞാൻ ഏതു ചുണ്ടനിലായിരുന്നുവെന്ന് പറയാനാവില്ല. ഒരുപക്ഷേ, അവയെല്ലാം ഞാനായിരുന്നു.

ഫിനിഷിങ് പോയിന്റ് അടുത്തെത്തുമ്പോൾ ആരവം ഇരട്ടിക്കും. വഞ്ചിപ്പാട്ടിന്റെ താളം മുറുകും. തുഴച്ചിൽക്കാരുടെ പേശികളിൽ തുഴച്ചിലിന്റെ നൃത്തം തെളിയും. ഇളകിമറിയുന്ന വെള്ളത്തെ പിന്നിലേക്കു തള്ളിക്കൊണ്ട് വള്ളങ്ങൾ മുന്നോട്ടു കുതിക്കും.
ആരാണ് ആദ്യം ഫിനിഷിങ് പോയിന്റ് കടന്നതെന്ന് പലപ്പോഴും എനിക്കറിയില്ലായിരുന്നു. വള്ളപ്പാടിനോ തുഴപ്പാടിനോ ആരാണ് കിരീടം നേടിയതെന്നും ഓർമ്മയില്ല. എന്നാൽ ഒരു കാര്യം മാത്രം ഉറപ്പാണ്; ഞാൻ കണ്ട ഓരോ വള്ളംകളിയിലും ഞാൻ ജയിച്ചിരുന്നു. കാരണം, ആ ഏതാനും നിമിഷങ്ങളിൽ എന്റെ ഉള്ളിലെ എല്ലാ അതിരുകളും മാഞ്ഞുപോയിരുന്നു. ഞാൻ ജനക്കൂട്ടത്തിന്റെ ആവേശവും പമ്പയുടെ ഒഴുക്കും വഞ്ചിപ്പാട്ടിന്റെ താളവും ചുണ്ടൻവള്ളത്തിന്റെ കുതിപ്പുമായി മാറിയിരുന്നു.
അവിടെ ഞങ്ങൾ ആരും ഒറ്റപ്പെട്ട വ്യക്തികളായിരുന്നില്ല. മതവും ജാതിയും രാഷ്ട്രീയവും ജീവിതത്തിലെ വേർതിരിവുകളും മറന്ന് ഒരേ താളത്തിൽ ഹൃദയമിടിക്കുന്ന ഒരു ജനസഞ്ചയമായിരുന്നു. മത്സരം വള്ളങ്ങൾ തമ്മിലായിരുന്നെങ്കിലും മനുഷ്യരെ തമ്മിൽ ചേർത്തുനിർത്തിയിരുന്നത് സ്നേഹവും സൗഹൃദവും കൂട്ടായ്മയുമായിരുന്നു. അതുകൊണ്ടുതന്നെ ആ നിമിഷങ്ങൾ ഒരു വിനോദക്കാഴ്ചയായി അവസാനിച്ചില്ല; കാലം കഴിഞ്ഞിട്ടും ഉള്ളിൽ ജീവിക്കുന്ന അനുഭവങ്ങളായി മാറി.
ആലപ്പുഴ ജില്ലയിലെ മാന്നാറിലൂടെ ഒഴുകുന്ന പമ്പയുടെ തീരത്ത് മഹാത്മജിയുടെ പേരിലുള്ള വള്ളംകളിക്കായി ജനങ്ങൾ ഒത്തുകൂടുമ്പോൾ ഗാന്ധിജിയുടെ ഒരു വാക്ക് ഓർമയിലെത്തുന്നു: വർത്തമാനകാലത്ത് നാം ചെയ്യുന്ന കാര്യങ്ങളാണ് നമ്മുടെ ഭാവിയെ നിർണയിക്കുന്നത്.

വള്ളംകളിയിലൂടെ നമ്മൾ ആഘോഷിക്കുന്നത് ഒരു മത്സരത്തെ മാത്രമല്ല. നമ്മുടെ ഭൂതകാലവും സംസ്കാരവും പൈതൃകവും കൂട്ടായ്മയുടെ മഹത്വവുമാണ്. എന്നാൽ ഇന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളിലും വിഭാഗീയതയുടെ വേലിയേറ്റം ശക്തമാകുമ്പോൾ, ആ കൂട്ടായ്മയുടെ കരകൾ പതുക്കെ ഇടിഞ്ഞുപോകുന്നുണ്ടോ എന്നൊരു ആശങ്കയും മനസ്സിൽ ഉയരുന്നു.
ഓണം നമ്മോട് പറയുന്നത് മനുഷ്യർ ഒരുമിച്ചിരുന്ന ഒരു നല്ല കാലത്തിന്റെ കഥയാണ്. വള്ളംകളി കാണിച്ചുതരുന്നത് ഒരേ താളത്തിൽ നീങ്ങിയാൽ മാത്രമേ വള്ളം ലക്ഷ്യത്തിലെത്തൂ എന്ന സത്യവും. തുഴകൾ പലതാണെങ്കിലും അവയുടെ താളം ഒന്നാകണം. കരുത്തുകൾ വ്യത്യസ്തമാണെങ്കിലും ദിശ ഒന്നായിരിക്കണം.
പമ്പയുടെ തീരത്തുനിന്ന് ഞാൻ പഠിച്ച ഏറ്റവും വലിയ പാഠവും അതുതന്നെയാണ്: ഒരുമിച്ചു തുഴയുന്ന മനുഷ്യർക്കു മുന്നിൽ ഒരു ഒഴുക്കും അതിജീവിക്കാനാവാത്തതല്ല.
![]()
