തിരുവനന്തപുരം:കേന്ദ്ര സർക്കാർ ലോക്സഭയിൽ അവതരിപ്പിച്ച വിക്സിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ (VBSA) ബിൽ, 2025-ലെ അധികാര കേന്ദ്രീകരണ വ്യവസ്ഥകൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ച് കേരളത്തിലെ ലോക്സഭ, രാജ്യസഭ അംഗങ്ങൾക്ക് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ കത്തയച്ചു.
ബില്ലിലെ വ്യവസ്ഥകൾ സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അധികാരങ്ങളെയും സർവകലാശാലകളുടെ സ്വയംഭരണത്തെയും ദുർബലപ്പെടുത്തുന്നതാണ്.
വിദ്യാഭ്യാസം കേന്ദ്ര-സംസ്ഥാന സംയുക്ത പട്ടികയിലുള്ള വിഷയമാണെന്നും, ഫെഡറൽ സംവിധാനത്തിന്റെ ആത്മാവിനെ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും മന്ത്രി കത്തിൽ വ്യക്തമാക്കി. നിർദിഷ്ട ബിൽ വിദ്യാഭ്യാസ മേഖലയിലെ പ്രധാന തീരുമാനങ്ങൾ കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലാക്കുകയും സംസ്ഥാനങ്ങളുടെ പങ്ക് ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നതാണ്.
ബില്ലിലെ വിവിധ വ്യവസ്ഥകൾ സംസ്ഥാന നിയമങ്ങളെ അസാധുവാക്കുന്നതിനും, കേന്ദ്രസർക്കാരിന് സർവകലാശാലാ ഭരണത്തിലും നിയന്ത്രണ ഏജൻസികളിലുമുള്ള നിയമനങ്ങളിൽ നിർണായക അധികാരം നൽകുന്നതിനും, നയപരമായ വിഷയങ്ങളിൽ കേന്ദ്രത്തിന് അന്തിമ തീരുമാനാധികാരം നൽകുന്നതിനും വഴിയൊരുക്കുന്നതായി മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.
സംസ്ഥാന സർവകലാശാലകൾക്ക് ആവശ്യമായ സാമ്പത്തിക സഹായം ഉറപ്പാക്കാതെയാണ് പുതിയ ബാധ്യതകൾ അടിച്ചേൽപ്പിക്കുന്നതെന്നും, വൻതുക പിഴകൾ ഉൾപ്പെടെയുള്ള വ്യവസ്ഥകൾ സർവകലാശാലകളെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാക്കാൻ ഇടയാക്കുമെന്നും കത്തിൽ പറയുന്നു.
പാഠ്യപദ്ധതികളിൽ ഏകീകൃത സമീപനം നിർബന്ധമാക്കുന്നതും നിലവിലുള്ള യു.ജി.സി, എ.ഐ.സി.ടി.ഇ, എൻ.സി.ടി.ഇ എന്നിവയ്ക്ക് പകരം ഏകീകൃത നിയന്ത്രണ സംവിധാനം കൊണ്ടുവരുന്നതും സർവകലാശാലകളുടെ അക്കാദമിക സ്വാതന്ത്ര്യത്തെയും വൈവിധ്യത്തെയും പ്രതികൂലമായി ബാധിക്കുമെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു.
ഫെഡറലിസം, സർവകലാശാലാ സ്വയംഭരണം, അക്കാദമിക സ്വാതന്ത്ര്യം എന്നീ ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനായി നിലവിലെ രൂപത്തിലുള്ള ബില്ലിനെ പാർലമെന്റിൽ എതിർക്കണമെന്നും, കേന്ദ്ര-സംസ്ഥാന സഹകരണത്തെ ശക്തിപ്പെടുത്തുന്ന നിയമനിർമാണത്തിനായി പ്രവർത്തിക്കണമെന്നും മന്ത്രി കേരളത്തിലെ എല്ലാ എംപിമാരോടും അഭ്യർത്ഥിച്ചു.
നിർദിഷ്ട നിയമത്തിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ കണക്കിലെടുത്ത് കേരള സർക്കാർ ഇതിനകം തന്നെ 2026 ജൂലൈ 1-ന് C3/291/2025-HEDN നമ്പർ കത്തിലൂടെ സംയുക്ത പാർലമെന്ററി സമിതിക്ക് സർക്കാരിന്റെ ശുപാർശകൾ മന്ത്രി സമർപ്പിച്ചിട്ടുണ്ട്.
![]()
