റിയാദ് :മലയാള സിനിമയുടെ ചരിത്രത്തിൽ പുതിയ ദൃശ്യഭാഷക്കും സാങ്കേതിക വിപ്ലവത്തിനും തുടക്കമിട്ട് മലയാളത്തിലെ ആദ്യ AI സിനിമയായ ‘വാഗ്ദത്തഭൂമി’ റിലീസിന് ഒരുങ്ങുന്നു. ഇന്ത്യയിലെ ആദ്യ AI ആർട്ട്ഹൗസ് സിനിമയെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ലോകസിനിമയുടെ കലാഭാവനയും ആധുനിക Artificial Intelligence സാങ്കേതികവിദ്യയും സംയോജിപ്പിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ഒരു രംഗംപോലും ക്യാമറയിൽ ഷൂട്ട് ചെയ്യാതെ പൂർണമായും കംപ്യൂട്ടറിലെ വിവിധ എഐ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കഥാപാത്രങ്ങളുടെ ഭാവങ്ങൾക്കായി യഥാർഥ മനുഷ്യരുടെ മുഖങ്ങളാണ് എഐ മാതൃകയാക്കിയിരിക്കുന്ന ചിത്രം 72 മിനിറ്റ് ദൈർഖ്യമാണ് ഉള്ളത്.
പ്രശസ്ത സ്വതന്ത്ര ചലച്ചിത്രകാരനായ സിദ്ധിക്ക് പറവൂർ സംവിധാനം ചെയ്യുന്ന ചിത്രം, കേരളത്തിലെ മലയോര ജീവിതത്തിന്റെ ആത്മാവും കുടിയേറ്റത്തിന്റെ സാമൂഹിക പ്രത്യാഘാതങ്ങളും മനുഷ്യന്റെ പിതൃഭൂമിയോടുള്ള ആത്മബന്ധവും ആഴത്തിൽ അന്വേഷിക്കുന്ന സിനിമയാണ്.
ചിത്രത്തിന്റെ നിർമ്മാതാവായ ഷാജു വലപ്പൻ, ശ്രദ്ധേയമായ ‘നിഴൽ വ്യാപാരികൾ’ എന്ന സിനിമയുടെ സംവിധായകനുമാണ്. നവാഗത സംവിധായകനുള്ള കേരള സംസ്ഥാന ഫിലിം ക്രിട്ടിക് അവാർഡ് നേടിയ ചിത്രമായിരുന്നു ‘നിഴൽ വ്യാപാരികൾ’. ഒരു സ്വതന്ത്ര സിനിമാപ്രവർത്തകനെന്ന നിലയിൽ വ്യത്യസ്തമായ സിനിമാപ്രയത്നങ്ങളെ പ്രോത്സാഹിപ്പിച്ചുവരുന്ന ഷാജു വലപ്പൻ, AI സിനിമ പോലെയുള്ള പുതുമയാർന്ന ദൃശ്യപരീക്ഷണങ്ങൾക്ക് ശക്തമായ പിന്തുണ നൽകിയിരിക്കുകയാണ്.സൗദി അറേബ്യയിലെ റിയാദിൽ 30 വർഷമായി പ്രവാസി വ്യവസായി ആയ ഷാജു വാലപ്പൻ ഇരിങ്ങാലക്കുട കല്ലേറ്റുംകര സ്വദേശിയാണ് .

കേരളത്തിലെ ഒരു മലയോര കർഷകനായ സോളമൻ, ഭാര്യ ക്ലാര, മകൻ സാം എന്നിവരുടെ ജീവിതമാണ് സിനിമയുടെ പ്രമേയം. തൊഴിൽ തേടി കാനഡയിലേക്ക് കുടിയേറിയ സാം, പിതാവിന്റെ സമ്മതമില്ലാതെ തറവാട് വീടും പാരമ്പര്യ കൃഷിഭൂമിയും വിൽക്കാൻ ശ്രമിക്കുന്നു. എന്നാൽ പിതാക്കന്മാരുടെ ഓർമ്മകൾ ഉറങ്ങുന്ന മണ്ണും തലമുറകളുടെ വിയർപ്പിൽ പിറന്ന ഭൂമിയും ഉപേക്ഷിക്കാൻ സോളമന് കഴിയുന്നില്ല. ഇതോടെ പിതാവും മകനും തമ്മിൽ ഉയരുന്ന മാനസിക സംഘർഷങ്ങളാണ് സിനിമയുടെ ഹൃദയം.
പുതുതലമുറയുടെ കുടിയേറ്റ പ്രവണത കേരളത്തിന്റെ മലയോര മേഖലകളെ വയോധികരുടെ താഴ്വരകളാക്കി മാറ്റുന്നതിനെക്കുറിച്ചുള്ള ഗൗരവമായ സാമൂഹിക ചർച്ചയും സിനിമ മുന്നോട്ടുവെക്കുന്നു. ഭൂമി എന്നത് വെറും സ്വത്തല്ല, ഓർമ്മയും വേരുകളും മനുഷ്യന്റെ ആത്മാവുമാണെന്ന സന്ദേശമാണ് ചിത്രം നൽകുന്നത്.
സംവിധായകൻ സിദ്ധിക്ക് പറവൂർ, ഇന്ത്യൻ പനോരമ ഉൾപ്പെടെ നിരവധി ദേശീയ-അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ സിനിമകൾ പ്രദർശിപ്പിച്ചിട്ടുള്ള ശ്രദ്ധേയനായ സ്വതന്ത്ര ചലച്ചിത്രകാരനാണ്. സാമൂഹിക വിഷയങ്ങളെ ആഴമുള്ള ദൃശ്യഭാഷയിൽ അവതരിപ്പിക്കുന്ന സംവിധായകനെന്ന നിലയിൽ അദ്ദേഹം ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്. AI സാങ്കേതികവിദ്യ ഉപയോഗിച്ച് കലാസിനിമയുടെ പുതിയ ഭാഷ കണ്ടെത്താനുള്ള ശ്രമമാണ് ‘വാഗ്ദത്തഭൂമി’യിലൂടെ അദ്ദേഹം നടത്തുന്നത്.
ക്ലാസിക് ലോകസിനിമയുടെ ദൃശ്യഭാഷയും ആധുനിക AI ഇമേജ് സൃഷ്ടി സാങ്കേതികവിദ്യയും ചേർന്ന അപൂർവമായ സിനിമാറ്റിക് അനുഭവമാണ് ചിത്രം സമ്മാനിക്കുന്നത്.

AI സിനിമ എന്ന നിലയിൽ ‘വാഗ്ദത്തഭൂമി’യുടെ പ്രസക്തി വളരെ വലുതാണെന്ന് സിനിമാ നിരീക്ഷകർ വിലയിരുത്തുന്നു. കുറഞ്ഞ ബജറ്റിൽ ലോകോത്തര ദൃശ്യാനുഭവങ്ങൾ സൃഷ്ടിക്കാൻ AI സാങ്കേതികവിദ്യക്ക് കഴിയുമെന്ന് ചിത്രം തെളിയിക്കുന്നു. ഭാവിയിൽ സ്വതന്ത്ര സിനിമാപ്രവർത്തകർക്കും പുതിയ തലമുറ സംവിധായകർക്കും AI സിനിമ നിർമാണം പുതിയ വഴികൾ തുറക്കുമെന്നാണ് പ്രതീക്ഷ.
AI സിനിമയുടെ അസോസിയേറ്റ് ഡയറക്ടറായി ഇഹ്ലാസ് റഹ്മാൻ പ്രവർത്തിക്കുന്നു.നിർമ്മാണത്തിന് നേതൃത്വം നൽകിയിരിക്കുന്നത് വാലപ്പൻ ക്രീയേഷൻസ് CEO ലിൻസി ഷാജു വാലപ്പനാണ് .നോയൽ ഷാജു വാലപ്പൻ,നോവ ഷാജു വാലപ്പൻ ,നേഹ ഷാജുവാലപ്പൻ,ജോസ് മാമ്പിള്ളി, ജലീൽ ബദുഷാ ,സുരേഷ് നെല്ലിക്കോട് ,ചന്ദ്രബോസ് ,റഷീദ് മുഹമ്മദ് , സിദ്ദിഖ് കാക്കു ,നസീമ അറക്കൽ ,നിഖില പി സോമൻ ,ജസീന കായംകുളം,എന്നിവരാണ് പിന്നണി പ്രവർത്തകർ .
ചിത്രത്തിലെ കഥാപാത്രങ്ങൾക്ക് മോഡൽ നൽകിയിരിക്കുന്നത് ഷാജു വലപ്പൻ, ഡോക്ടർ അനശ്വര, സുരേഷ് നെല്ലിക്കോട്, നോയൽ ഷാജു വലപ്പൻ, ജോസ് മാമ്പിള്ളി, നസീമ അറക്കൽ, റഷീദ് മുഹമ്മദ്, സിദ്ദിഖ് കാക്കു, ഷഹന ടീച്ചർ, പ്രസിൻ കെ പോണത്, നൗഷാദ് സാഗ, ബക്കർ മാടവന, സിദ്ധിക്ക് പറവൂർ എന്നിവരാണ്.
സ്റ്റുഡിയോ : ചന്ദ്രബോസ് ബോസ് ബാൻഡ്, കൊടുങ്ങല്ലൂർ
![]()
