കോഴിക്കോട് : പാസ്പോർട്ട് സേവനങ്ങൾ ലഭിക്കുന്നതിന് സൗദിയിൽ നേരിടുന്ന കാലതാമസം ചൂണ്ടിക്കാട്ടി പ്രവാസി വെൽഫെയർ സൗദി നാഷണൽ കമ്മിറ്റി കോഴിക്കോട് ലോകസഭാ അംഗം എം കെ രാഘവന് നിവേദനം കൈമാറി. പാസ്സ്പോർട്ട് പുതുക്കുന്നതിനോ മറ്റു സേവനങ്ങൾക്കോ വി എഫ് എസ് അപ്പോയ്ന്റ്മെന്റ് ലഭിക്കാനുള്ള കാലതാമസത്തിന് പുറമെ അപേക്ഷ സമർപ്പിച്ചാൽ പാസ്പോർട്ട് കിട്ടാൻ വൈകുന്നതടക്കമുള്ള പ്രയാസങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിവേദനം. അത്യാവശ്യ യാത്രക്കാർക്ക് ഇത് കടുത്ത പ്രയാസം സൃഷ്ടിക്കുന്നുണ്ട്. സാധാരണ രീതിയിൽ പാസ്സ്പോർട്ട് പുതുക്കിയിരുന്ന പ്രവാസികൾ പോലും അവധിയെത്തുമ്പോൾ യാത്ര മുടങ്ങാതിരിക്കാൻ വലിയ തുക നൽകി തത്കാൽ അപേക്ഷ നൽകാൻ നിർബന്ധിതാരവുകയാണ്. അപേക്ഷ സമർപ്പിക്കാൻ സ്ലോട്ടിന് വേണ്ടി വി എഫ് എസ് വെബ്സൈറ്റ് സന്ദർശിച്ചാൽ ലഭ്യമല്ല എന്ന് കാണിക്കുകയും, ചില പ്രത്യേക സമയങ്ങളിൽ മൂന്നും നാലും ആഴ്ചകൾക്ക് ശേഷമുള്ള ലഭ്യത കാണിക്കുകയും ചെയ്യുന്നതായി അനുഭവസ്ഥർ അറിയിച്ചു. അസ്ലം ചെറുവാടി (പ്രസിഡന്റ്,പ്രവാസി വെൽഫെയർ ഫോറം കേരള), സലാഹുദീൻ ചേളന്നൂർ (ജില്ലാ പ്രസിഡന്റ്), മുസ്തഫ പാലാഴി (വെൽഫെയർ പാർട്ടി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ്), സജീർ ടിസി (കോർപ്പറേഷൻ പ്രസിഡന്റ്) എന്നിവരാണ് എം കെ രാഘവനുമായി കൂടിക്കാഴ്ച നടത്തി നിവേദനം സമർപ്പിച്ചത്.
![]()
